
കൊച്ചി: യേശുദാസില്‍ നിന്നും താന്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് കമല്‍. താന്‍ സംവിദാനം ചെയ്ത ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമയ്ക്കിടെയാണ് യേശുദാസില്‍ നിന്നും മോശം അനുഭവമുണ്ടായത്. അദ്ദേഹം നേരിട്ട അനുഭവം ചുവടെ
കമലിന്റെ വാക്കുകള്‍:
‘വാഴപ്പൂങ്കിളികള്‍ എന്ന പാട്ട് പാടാന്‍ ദാസേട്ടന്‍ വന്നപ്പോള്‍ ഗാനരചയിതാവായ ബിച്ചു ഉണ്ടായിരുന്നില്ല. അതിനാല്‍ ആ പാട്ടിന്റെ വരികള്‍ ഞാനായിരുന്നു ദാസേട്ടന് പറഞ്ഞ് കൊടുത്തത്. ഞാന്‍ പാട്ടിന്റെ വരികള്‍ വായിക്കുമ്പോള്‍ ദാസേട്ടന്‍ അത് മറ്റൊരു പുസ്തകത്തില്‍ പകര്‍ത്തിയെടുക്കും.
ആ പാട്ടിലെ ശിശിരം ചികയും എന്ന വരികള്‍ എന്നത് ശിശിരം ചിറയും എന്ന് തെറ്റിയാണ് ദാസേട്ടന്‍ എഴുതിയത്. പാടാന്‍ തുടങ്ങിയപ്പോള്‍ അങ്ങനെ തന്നെ വരുകയും ചെയ്തു.
വരികളിലെ പ്രശ്നം ഔസേപ്പച്ചനോട് പറഞ്ഞിരുന്നവെങ്കിലും അദ്ദേഹത്തിന് ദാസേട്ടനോട് പറയാന്‍ മടി. ഒടുവില്‍ പാട്ട് ഓക്കെയാക്കി ദാസേട്ടന്‍ പോകാനിറങ്ങുമ്പോള്‍ ഞാന്‍ കണ്‍സോളിനെടുത്ത് ഓടിചെന്ന് പറഞ്ഞു.
”പാടിയ വരിയില്‍ ചെറിയ തെറ്റുണ്ട്. ശിശിരം ചികയും കിളികള്‍ എന്ന വരി ഉഴപ്പി ശിശിരം ചിറയും കിളികള്‍ എന്നാണ് പാടിയത്.”
എന്റെ ഉഴപ്പി എന്ന പ്രയോഗം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ക്ഷുഭിതനായി.ഞാന്‍ ടെന്‍ഷനില്‍ തെറ്റായി എന്ന അര്‍ഥത്തിലാണ് ഉഴപ്പി എന്ന വാക്ക് ഉപയോഗിച്ചത്.
‘നീ എന്താ കരുതിയത് ഞാന്‍ ഉഴപ്പി പാടുന്ന ആളാ…’ എന്ന് പറഞ്ഞ് ഇയര്‍ ഫോണ്‍ എടുത്ത് വെച്ച് സ്റ്റുഡിയോയില്‍ നിന്ന് ദാസേട്ടന്‍ ഇറങ്ങിപ്പോയി. ഔസേപ്പച്ചന്‍ ദാസേട്ടന്റെ അടുത്തേക്ക് ചെന്നു.
‘തന്റെ ഡയറക്ടറെന്നെ മലയാളം പഠിപ്പിക്ക്യാ..’ എന്നൊക്കെ പറഞ്ഞ് ചൂടായി.
എനിക്കാകെ ടെന്‍ഷനായി ഞാന്‍ അവിടെ നിന്ന് മുങ്ങി. പക്ഷേ കുറേ കഴിഞ്ഞപ്പോള്‍ ദാസേട്ടനെന്നെ വിളിപ്പിച്ചു. ‘നി എവിടത്തുകാരനാടോ’ എന്നൊക്കെ ചോദിച്ച് പരിചയപ്പെട്ടു.. ദാസേട്ടന്‍ ബുക്കിലെഴുതിയ വരി വായിച്ചു.
എന്നിട്ട് പറഞ്ഞു. ‘ഇവിടെ ഞാനല്ല ഉഴപ്പിയത് നീയാണ്. നി പറഞ്ഞത് ഞാന്‍ എഴുതിയെടുത്തു.. ഇനി വായിക്കുമ്പോള്‍ ശുദ്ധമായ ഭാഷയില്‍ വായിക്കണം. കൊടുങ്ങല്ലൂര്‍ക്കാരന്റെ ഭാഷയില്‍ വായിക്കരുതെന്ന് ‘പറഞ്ഞ് വീണ്ടും റെക്കോഡിങ്ങ് സ്റ്റുഡിയോയില്‍ കയറി ആ പാട്ട് മനോഹരമായി പാടി.
‘പാടിയിറങ്ങുമ്പോള്‍ വിളിച്ചു ചോദിച്ചു, കൊടുങ്ങലൂര്‍ക്കാരന് ഓക്കെയല്ലേ’.. ഞാന്‍ അടുത്ത ചെന്നപ്പോള്‍ എന്റെ ചെവിയിലൊന്നു നുള്ളി. ചിരിച്ചു കൊണ്ട് ദാസേട്ടന്‍ കാറില്‍ കയറി.
ആ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ദാസേട്ടന് ലഭിച്ചു. പിന്നീട് എന്റെ ചിത്രത്തിലെ അമ്പതോളം പാട്ടുകള്‍ ദാസേട്ടന്‍ പാടി. ആ സ്നേഹവും വാത്സല്യവും ഇപ്പോഴുമുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here