വനിതാ മതിലിന്റെ പ്രചരണാര്‍ത്ഥം ബ്രിട്ടനില്‍ മനുഷ്യമതില്‍

ലണ്ടന്‍: കേരളത്തില്‍ ജനുവരി ഒന്നിന് സംഘടിപ്പിയ്ക്കുന്ന ‘വനിതാമതിലിന്റെ’ പ്രചരണാര്‍ത്ഥം ബ്രിട്ടനില്‍ മനുഷ്യമതില്‍ തീര്‍ക്കുന്നു.

ഇന്ത്യ ഹൗസിനു മുന്‍പില്‍ സമീക്ഷയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷയുടെയും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെയും മറ്റു പുരോഗമന സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡിസംബര്‍ 30ന് ഉച്ചയ്ക്ക് രണ്ടിന് ‘മനുഷ്യമതില്‍’ നിര്‍മിക്കുവാനാണ് സമീക്ഷ ദേശീയ യോഗത്തിന്റെ തീരുമാനം.

ഇതിന്റെ പ്രചരണാര്‍ത്ഥം സമീക്ഷയുടെ ബ്രിട്ടനിലെ വിവിധ ബ്രാഞ്ചുകളില്‍ യോഗങ്ങള്‍ ചേരാനും പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും സമീക്ഷ ദേശീയ സമിതി അഭ്യര്‍ഥിച്ചു.

ദേശീയ സമിതി യോഗത്തില്‍ സംഘടനയുടെ മുന്‍കാല പ്രസിഡന്റും യുകെ ലേബര്‍ കൌണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന്‍ തെക്കേപ്പുര അധ്യക്ഷനായി. വനിതാമതിലിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചകൊണ്ടുള്ള പ്രമേയം സ്വപ്ന പ്രവീണ്‍ അവതരിപ്പിച്ചു.

ഇടതുപക്ഷത്തിന്റനേതൃത്വത്തില്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ‘നവോത്ഥന സദസ്സുകള്‍ക്കു’ ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിയ പ്രമേയം ജയന്‍ എടപ്പാളും അവതരിപ്പിച്ചു.

ഡിസംബര്‍ 30ന് ബ്രിട്ടനില്‍ നടത്തുന്ന ‘മനുഷ്യമതില്‍’ ക്യാമ്പൈന്‍ പ്രവര്‍ത്തനങ്ങളുടെ ചെയര്‍മാനായി സ്വപ്ന പ്രവീണിനെയും കണ്‍വീനര്‍ ആയി ദിനേശ് വെള്ളാപ്പിള്ളി യെയും തെരെഞ്ഞെടുത്തു.

പ്രചരണാര്‍ത്ഥം ലണ്ടനിലെ പ്രവര്‍ത്തനങ്ങള്‍ക്കു അബ്ദുള്‍ മജീദിനെയും സുഗതന്‍ തെക്കേപ്പുരയെയും സമീക്ഷ ദേശീയ സമിതി ചുമതലപ്പെടുത്തി.

കൂടാതെ, മഹാപ്രളയ ദുരിത പ്രവര്‍ത്തനങ്ങളിലും നവ കേരളാ സൃഷ്ടി പ്രവര്‍ത്തനങ്ങളിലും സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ പങ്കെടുക്കുവാനും ആവശ്യമായ ധനസമാഹരണം നടത്തുവാനും തീരുമാനിച്ചു.

സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുവാനും പുതിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാനും വേണ്ടി ഫെബ്രുവരിയില്‍ ദേശീയ സമിതിയുടേ വിപുലമായ യോഗം ചേരുവാനും ദേശീയ സമിതി തീരുമാനിച്ചു.

കാലഘട്ടം ആവശ്യപ്പെടുന്ന പ്രേതിഷേധവും പ്രതികരണങ്ങളുമായി പൊതുരംഗത്ത് ഇറങ്ങുവാന്‍ എല്ലാ സമീക്ഷഅംഗങ്ങളോടും ബ്രിട്ടനിലേ സാംസ്‌കാരിക പ്രവര്‍ത്തകരോടും സമീക്ഷ ദേശീയ സമിതി അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News