കെ.എസ്.ആര്‍.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്തുമെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്ന് എം.ഡി ടോമിന്‍ ജെ. തച്ചങ്കരി.

ഹൈക്കോടതി ഉത്തരവ് പ്രകാരം പുതിയതായി ജോയിന്‍ ചെയ്യാനെത്തിയ ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആര്‍.ടി.സിയില്‍ ബോണ്ട് ഏര്‍പ്പെടുത്താന്‍ പോവുകയാണ്. വേറെ സ്ഥലത്ത് നിയമനം കിട്ടിയവരുണ്ടെങ്കില്‍ ഇവിടെ ജോയിന്‍ ചെയ്തതിന് ശേഷം പോകണമെന്ന് പറഞ്ഞാല്‍ റിലീവ് ഓര്‍ഡര്‍ തരില്ലെന്നും തച്ചങ്കരി മുന്നറിയിപ്പ് നല്‍കി.

ഇതൊരു താല്‍ക്കാലിക സത്രമായി കരുതുന്നവര്‍ ദൈവത്തേയോര്‍ത്ത് ഇങ്ങോട്ടുവരരുത്. കുറഞ്ഞത് മൂന്നുവര്‍ഷം ജോലി ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം ഇവിടെ ജോലി ചെയ്താല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ പുതിയതായി നിയമനം ലഭിക്കുന്നവര്‍ക്ക് ഒരു മാസത്തെ താത്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

എംഡിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് താത്കാലിക ലൈസന്‍സ് നല്‍കുകയെന്നും കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗാമായാണ് നടപടിയെന്നും തച്ചങ്കരി വ്യക്തമാക്കി.

നാളെത്തന്നെ പരിശീലനം ആരംഭിച്ച് എത്രയും പെട്ടന്ന് ബസില്‍ പോകുന്നയാള്‍ക്ക് പ്രത്യേക സമ്മാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാളെ പിരിച്ചുവിട്ടാല്‍ ശമ്പള ഇനത്തില്‍ കോര്‍പ്പറേന് ലാഭമാണ്.

അതുകൊണ്ട് ജോലികിട്ടിയ ഉടനെ ലീവെടുത്ത് പോകാമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികമായി ഇനി വലിയ സഹായം ലഭിക്കാന്‍ പോകുന്നില്ലെന്ന് സര്‍ക്കാര്‍തന്നെ പറഞ്ഞിട്ടുണ്ട്.

ഇതിനെ ലാഭത്തിലാക്കിയാല്‍ സര്‍ക്കാരിന്റ ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അച്ചടക്കം പ്രധാനപ്പെട്ടതാണെന്നും തെച്ചങ്കരി പറഞ്ഞു. ഇന്ത്യയില്‍ നഷ്ടംവരുത്തുന്ന ആര്‍ടിസികളില്‍ ഒന്നാമത് കെ.എസ്.ആര്‍.ടി.സിയാണ്.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഏറ്റവുകൂടുതല്‍ നഷ്ടം വരുത്തുന്നതും കെ.എസ് ആര്‍.ടി.സിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരേസമയം ജനങ്ങളുടെ ഹൃദയത്തില്‍ ഏറ്റവും സ്നേഹമുള്ളതും അതേസമയം കേരള സര്‍ക്കാരിന് ഏറ്റവുമധികം സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതുമായ സ്ഥാപനമാണ് കെ.എസ്.ആര്‍.ടിസി. എന്നാലിതിനെ പുഷ്പം പോലെ മാറ്റിയെടുക്കാവുന്ന സ്വര്‍ണക്കനികൂടിയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ പോലെ വളരാന്‍ ആവശ്യമായ ഭൂമിയും സ്വത്തുക്കളുമുള്ള വെറൊരു പൊതുമേഖലാ സ്ഥാപനവും കേരളത്തിലില്ല.

ഒരു നഗരത്തിന്റെയോ ഗ്രാമത്തിന്റേയോ വസ്തുവില പോലും നിശ്ചയിക്കുന്നത് ആ പ്രദേശത്തെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡാണ്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനായിരിക്കും ആ പ്രദേശത്തെ ഏറ്റവും ഉയര്‍ന്ന വസ്തുവില.

പി.എസ്.സി വഴി എത്തുന്നവര്‍ കഴിവുള്ളവരും പ്രലോഭനത്തിന് വഴങ്ങാത്തവരുമാണെന്ന വിശ്വാസമുണ്ട്. നിങ്ങളായിട്ട് അത് കളയരുത്.

കെ.എസ്.ആര്‍.ടി.സിക്ക് കാര്യശേഷിയുള്ള ഉദ്യോഗാര്‍ഥികളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യമുണ്ട്.

ആറരക്കോടിയാണ് ശരാശരി ഒരുദിവസം ലഭിക്കുന്നത്. അതില്‍ ഒരുകോടിയെങ്കിലും കൂടിയാല്‍ സര്‍ക്കാരും സമൂഹവും നിങ്ങളെ ആദരിക്കും.

മറ്റുള്ളവര്‍ പറയുന്നതിന് ചെവികൊടുക്കരുത്. ഇപ്പോഴും ഈ സ്ഥാപനത്തില്‍ ചേരാതിരിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. ചേര്‍ന്നാല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കണം.

എവിടെ പിടിയുണ്ടെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രക്ഷയുണ്ടാകില്ല. അടിമപ്പണിചെയ്യിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News