പ്രളയ നഷ്ടത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടി കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍

കേരളത്തിലെ പ്രളയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ ഒളിച്ച് കളി.

പ്രളയ നഷ്ടത്തെക്കുറിച്ചുള്ള ചോദ്യത്തിനും, മന്ത്രിമാരുടെ വിദേശയാത്ര തടഞ്ഞതിന്റെ കാരണങ്ങള്‍ക്കും മറുപടിയില്ല.

ഉപരാഷ്ട്രപതിയ്ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് എളമരം കരീം അറിയിച്ചു.അതേ സമയം റഫേലില്‍ പാര്‍ലമെന്റ് വീണ്ടും സ്തംഭിച്ചു.രാജ്യസഭയും ലോക്‌സഭയും നേരത്തെ പിരിഞ്ഞു.

മുത്തലാക്ക് ബില്‍ ഇരുപത്തിയേഴാം തിയതി ചര്‍ച്ച ചെയ്യാന്‍ ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ ധാരണയായി.

രാജ്യസഭ എം.പി എളമരം കരീം പ്രളയത്തെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തോടും വിദേശകാര്യമന്ത്രാലയത്തോടും വിവിധ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

പ്രളയസഹായം തേടി സംസ്ഥാനമന്ത്രിമാര്‍ വിദേശത്ത് പോകാന്‍ അനുമതി തേടിയെങ്കിലും വിദേശകാര്യമന്ത്രാലയം ഇത് നിക്ഷേധിച്ചതിനെക്കുറിച്ചായിരുന്നു ഒരു ചോദ്യം.

അനുമതി നല്‍കിയിട്ടില്ലെന്ന് സമ്മതിച്ച വിദേശകാര്യമന്ത്രാലയം എന്ത് കാരണത്താലാണ് അനുമതി നിഷേധിച്ചതെന്ന് ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി.

പ്രളയ നഷ്ടം കണക്കാക്കിയോ എന്ന ചോദ്യത്തിനും സമാനമായ രീതിയില്‍ ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയില്ല. എം.പിയ്ക്ക് ലഭിച്ച രേഖാമൂലമുള്ള മറുപടിയില്‍ ഉള്ളത് കേന്ദ്ര അനുവദിച്ച് തുകയുടെ കണക്ക് മാത്രം.

രാജ്യത്തെ ഞെട്ടിച്ച ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായത്. ഇതില്‍ ദൂരൂഹമായ രീതിയില്‍ ഒളിച്ച് കളിക്കുകയാണ് ഇരുവകുപ്പുകളും.

ഇതിനെതിരെ രാജ്യസഭ അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയനായിഡുവിന് അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് എളമരം കരീം എം.പി അറിയിച്ചു.

അതേ സമയം ലോക്‌സഭയിലും രാജ്യസഭയിലും പതിവ് പോലെ റഫേല്‍ വിഷയത്തില്‍ ബഹളം രൂക്ഷമായി.

ലോക്‌സഭാ അംഗമായ രാഹുല്‍ഗാന്ധിയുടെ പേര് രാജ്യസഭയില്‍ ആനാവശ്യമായി വലിച്ചിഴച്ചുവെന്ന് ആനന്ദശര്‍മ്മയുടെ പരാതി വസ്തുതാവിരുദ്ധമാണന്ന് അദ്ധ്യക്ഷന്‍ അറിയിച്ചത് പത്ത് മിനിറ്റോളം രാജ്യസഭയെ ബഹളത്തിലാക്കി.

റഫേലില്‍ തര്‍ക്കം രൂക്ഷമായതോടെ സഭ പിരിഞ്ഞു. ലോക്‌സഭ രണ്ട് തവണ നിറുത്തി വച്ച ശേഷം സഭാ നടപടികള്‍ റദാക്കി.

ആരോപണ- പ്രത്യാരോപണങ്ങള്‍ക്കിടയിലും മുത്തലാക്ക് ബില്ലില്‍ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് വഴങ്ങി. ക്രിസ്തുമസ് അവധിയ്ക്ക് ശേഷം ചേരുന്ന ആദ്യ ദിനമായ 27 ആം തിയതി ബില്‍ ചര്‍ച്ച ചെയ്യാമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here