വനിതാമതില്‍ മഹത്തായ സംഭവമാകും; ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോക റെക്കോഡാകും; ‘പൊളിയ’ലും ‘വിള്ളല്‍വീഴ’ലും ദിവാസ്വപ്നമാകും; കോടിയേരി ബാലകൃഷ്ണൻ എ‍ഴുതുന്നു…

പുതുവര്‍ഷ ദിനത്തില്‍ കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ 620 കീലോമീറ്ററില്‍ രൂപംകൊള്ളുന്ന വനിതാമതില്‍ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള കേരളീയരുടെ മഹത്തായ സംഭവമാകും. ഇത് ക്യാമ്പയിന്‍ ചരിത്രത്തില്‍ ലോകത്തുതന്നെ റെക്കോഡാകും.

മതില്‍ പൊളിയും, മതിലില്‍ വിള്ളല്‍ വീഴും എന്നെല്ലാമുള്ള ചില കേന്ദ്രങ്ങളുടെ മോഹം ദിവാസ്വപ്നമാകും. വനിതാമതില്‍ തകര്‍ക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബിജെപി ആര്‍എസ്എസ് ശക്തികളാണ്. അവര്‍ക്ക് ഒത്താശ നല്‍കുകയാണ് യുഡിഎഫും എന്‍എസ്എസ് പോലുള്ള ചില സാമൂഹ്യസംഘടനകളും.

വനിതാമതില്‍ പൊളിക്കുമെന്ന് എത്ര ഉച്ചത്തില്‍ ഇക്കൂട്ടര്‍ വിളിച്ചുപറയുന്നുവോ അത്രമാത്രം ആവേശത്തോടെ വനിതകള്‍ നവോത്ഥാന മതിലില്‍ ഭാഗഭാക്കാകും.

എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ടവരും ഒരു ജാതിയോടും മതത്തോടും പ്രത്യേകം പരിഗണന കാട്ടാത്തവരും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് സ്ത്രീകള്‍ അണിചേരുന്ന പുത്തനുണര്‍വിന്റെ മഹാസംരംഭത്തെ വരവേല്‍ക്കാന്‍ പുരുഷന്മാരും രംഗത്തുണ്ടാകും. മതനിരപേക്ഷതയേയും ഭരണഘടനയേയും സ്ത്രീപുരുഷ സമത്വത്തേയും ലിംഗനീതിയേയും സംരക്ഷിക്കാനുള്ളതാണ് ഇത്.

ഇതിലേക്ക് നയിച്ചത് ശബരിമലയെപ്പറ്റിയുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയും തുടര്‍ സംഭവങ്ങളുമാണ്. ഈ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത നവോത്ഥാന സംഘടനകളുടെ യോഗത്തിലെ തീരുമാനമാണ് വനിതാമതില്‍. ഇത് സര്‍ക്കാര്‍ നിര്‍ദേശമല്ല.

യോഗത്തില്‍ പങ്കെടുത്ത സംഘടനാ നേതാക്കളുടെ യുക്തമായ അഭിപ്രായത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയായിരുന്നു. 190ലധികം സംഘടനകള്‍ ചേര്‍ന്നാണ് വനിതാമതിലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നത് കാലഘട്ടത്തിന്റെ ചുമരെഴുത്ത് വായിച്ചുകൊണ്ടാണ്.

എല്‍ഡിഎഫും എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ ബഹുജന പ്രസ്ഥാനങ്ങളും വനിതാ സംഘടനകളും വനിതാമതിലിന്റെ സംഘാടനത്തിനായി രംഗത്തിറങ്ങിക്കഴിഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണസമിതിയിലുള്ള സംഘടനകളുടെ എല്ലാ വനിതാ വിഭാഗങ്ങളും ഇപ്പോള്‍ കര്‍മരംഗത്താണ്.

വനിതാമതില്‍ മതനിരപേക്ഷമാണ്

ഇത് സൃഷ്ടിക്കുന്ന പുതിയ ഉണര്‍വില്‍ അസഹിഷ്ണുത പൂണ്ടാണ് വനിതാമതിലിനെ വികൃതവല്‍ക്കരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത്. ഇത് ഹിന്ദുവിരുദ്ധമാണെന്നാണ് ആര്‍എസ്എസ് ബിജെപി കണ്ടുപിടിത്തം. എന്താ ഹിന്ദുവിന്റെ മൊത്തം അവകാശം സംഘപരിവാറിനാണോ? സംസ്ഥാനത്ത് ബിജെപിയിലും ആര്‍എസ്എസിലും ഉള്ളതിനേക്കാള്‍ എത്രയോ ഇരട്ടി ഹിന്ദുക്കള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എല്‍ഡിഎഫിലുമുണ്ട്.

മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ഒഴിവാക്കിയെന്നും അതിനാല്‍ ഇത് വര്‍ഗീയമതിലാണെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുതല്‍ മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍ വരെയുള്ളവരുടെ അഭിപ്രായം. വര്‍ഗീയ സംഘര്‍ഷം വളര്‍ത്താനാണ് ഇതെന്ന ഭോഷ്‌ക്കും ചെന്നിത്തലയുടെ വകയായിയുണ്ടായി.

അഹിന്ദുക്കള്‍ മതിലിന്റെ ഭാഗമാകില്ലായെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. നവോത്ഥാന പാരമ്പര്യമെന്നത് വര്‍ഗീയതയുടെ കോമരം തുള്ളലല്ലെന്ന് ചെന്നിത്തലയാദികള്‍ മനസ്സിലാക്കണം. മലപ്പുറം ജില്ല ഒഴിച്ചുനിര്‍ത്തിയാല്‍ മുസ്ലിംലീഗില്‍ ഉള്ളതിനേക്കാല്‍ മുസ്ലിങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എല്‍ഡിഎഫിലുമുണ്ട്.

മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളുമെല്ലാം വര്‍ഗീയത തീണ്ടാതെ അണിനിരക്കുന്ന മതനിരപേക്ഷ വനിതാമതിലിനെ, വര്‍ഗീയമതിലെന്ന് ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുതാ രാഷ്ട്രീയത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കലാണ്.
വനിതാമതിലിനെ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ ഒരു പ്രസ്താവന കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സി (കെസിബിസി)ല്‍നിന്നുണ്ടായി.

മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന ആശങ്കയാണ് അവര്‍ പ്രകടിപ്പിച്ചത്. മതപരമായ ഒരു വിവേചനവുമില്ലാത്ത, ഒരു മതവിഭാഗത്തേയും അകറ്റിനിര്‍ത്താത്ത ഒരു വന്‍മതിലാണ് ഉയരാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാത്തതുകൊണ്ടുള്ള വിമര്‍ശനമാണ് ഇവരുടേത്.

ഇതേസമയം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍, വനിതാമതിലിനെ തുടക്കംമുതല്‍ എതിര്‍ക്കുകയും, ഇതിന്റെ മറവില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിച്ച് ആക്രമിക്കുകയുമാണ്. എന്നിട്ട് ഒരു ഉഗ്രശാപവും വര്‍ഷിച്ചിട്ടുണ്ട്. ഇതിനെല്ലാം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുഭവിക്കുമെന്നാണത്.

തെരഞ്ഞെടുപ്പുകളില്‍ പുലര്‍ത്തിവന്ന സമദൂരമെന്നത് ശരിദൂരമാക്കി കമ്യൂണിസ്റ്റ് വിരുദ്ധശക്തികളെ സഹായിക്കുമെന്ന സന്ദേശമാണ് എന്‍എസ്എസ് നേതാവ് നല്‍കുന്നതെന്ന് ചില മാധ്യമനിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തന്നെ ഏല്‍പ്പിച്ച പ്രധാനപ്പെട്ട മൂന്ന് ദൗത്യത്തിലൊന്ന് ഇതിനകം നിറവേറ്റിയെന്നും അത് പരസ്യപ്പെടുത്തുന്നില്ലായെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു.

ദൗത്യനിര്‍വഹണം താന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതില്‍ മോഡിയും അമിത് ഷായും തൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. നവോത്ഥാന പാരമ്പര്യമുള്ള എന്‍എസ്എസിനെ ഹിന്ദുത്വത്തിന്റെ അറവുശാലയില്‍ എത്തിച്ചൂവെന്നതാണോ തൃപ്തിക്ക് കാരണം. എന്തായാലും, സ്ത്രീപുരുഷ സമത്വമെന്ന ആശയത്തിലും ലിംഗതുല്യതയിലും ശബരിമല സ്ത്രീ പ്രവേശനത്തിലും നവോത്ഥാനമൂല്യ സംരക്ഷണത്തിലും കമ്യൂണിസ്റ്റുകാരും എല്‍ഡിഎഫും നിലപാട് സ്വീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടും സീറ്റും നോക്കിയല്ല.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്ന അധികപ്രസംഗവും സുകുമാരന്‍നായര്‍ നടത്തിയിട്ടുണ്ട്. എന്‍എസ്എസിനോടോ മറ്റ് സാമൂഹ്യ സംഘടനകളോടോ അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളോടോ കാലോചിതമായ അഭിപ്രായങ്ങളോടോ എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു അകല്‍ച്ചയോ വിദ്വേഷമോ ഇല്ല. എന്നാല്‍, സ്ത്രീപുരുഷ സമത്വം, ഭരണഘടനാ സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. അതിനെ ധാര്‍ഷ്ട്യമെന്ന് മുദ്രകുത്തുന്നത് മറുകണ്ടം ചാടലാണ്.

എന്‍എസ്എസിന്റേത് നവോത്ഥാനപാതയില്‍ നിന്നുള്ള വ്യതിചലനം

കേരള നവോത്ഥാനത്തില്‍ പങ്കുവഹിച്ച ചരിത്ര പുരുഷന്മാരില്‍ പ്രധാനിയായ മന്നത്ത് പത്മനാഭന്റെ നവോത്ഥാന പാതയില്‍നിന്നുള്ള വ്യതിചലനമാണ് എന്‍എസ്എസ് നേതാവില്‍ ഇന്നുകാണുന്നത്. മന്നത്തിന്റെ പൊതുജീവിതത്തില്‍ ഒരു ഘട്ടത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ വിമോചനസമരത്തിന്റെ നേതൃപദവി വഹിച്ചിരുന്നൂവെന്നത് വിസ്മരിക്കുന്നില്ല.

പക്ഷേ, അപ്രകാരമൊന്ന് ഒരു ചെറിയ കാലയളവില്‍ സംഭവിച്ചതൊഴിച്ചാല്‍ അദ്ദേഹത്തിന്റെ ജീവിതം പൊതുവില്‍ നവോത്ഥാന വീക്ഷണത്തേയും ദുരാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളേയും ശക്തിപ്പെടുത്തുന്നതായിരുന്നു. അത് മറന്നുകൊണ്ടാണ് അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സമരം നയിച്ച എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാന്‍ നോക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News