മാമാങ്കമായും മാതൃകയായും മുംബൈ നഗരം പരവതാനി വിരിച്ച രണ്ടു വിവാഹങ്ങള്‍

മുംബൈ: മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്നായിരം കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനി സ്വന്തം മകളുടെ വിവാഹം 700 കോടി രൂപയിലധികം ചിലവഴിച്ചു നടത്തിയത് മുംബൈ നഗരത്തിന്റെ വിജയ കഥകളോട് ചേര്‍ത്ത് നിര്‍ത്താവുന്ന ഒരു ഏടാണ്. വിവാഹത്തിന് മാത്രമായി ഒരുക്കിയ ഇരുനൂറിലധികം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ നഗരത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു.

അതി സമ്പന്നമായ വിവാഹ മാമാങ്കത്തിന്റെ പറഞ്ഞാല്‍ തീരാത്ത കഥകള്‍ക്കിടയിലും ഇതിനേക്കാള്‍ സമ്പന്നമായ മറ്റൊരു വിവാഹത്തിനും പോയ വാരം നഗരം സാക്ഷ്യം വഹിച്ചു. നഗരത്തിന്റെ രണ്ടു വ്യത്യസ്ത മുഖങ്ങളാണ് പന്‍വേല്‍ ആശ്രമത്തില്‍ നടന്ന ലളിതമായ ഈ വിവാഹ ചടങ്ങ് തുറന്നിടുന്നത്.

സീല്‍ ആശ്രമത്തിലെ അന്തേവാസികളായ ഹസിയായുടെയും ഉഷയുടെയും വിവാഹമാണ് നഗരം നെഞ്ചോട് ചേര്‍ത്ത മറ്റൊരു ആഘോഷം.

മുംബൈ നഗരത്തിന്റെ തെരുവുകളില്‍ പെട്ട് നശിച്ചു പോകുമായിരുന്ന രണ്ടു പെണ്‍കുട്ടികളെ അനാഥരാകാതെ വളര്‍ത്തി വലുതാക്കി വിദ്യാഭ്യാസമ്പന്നരാക്കി വിവാഹ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുമ്പോള്‍ കെ എം ഫിലിപ്പിന്റെ വാക്കുകളില്‍ ചാരിതാര്‍ഥ്യം നിറഞ്ഞ സന്തോഷം.

തെരുവില്‍ അലഞ്ഞു നടന്ന ഉഷയെയും ഹസിയയെയും കൊച്ചു കുട്ടിയായിരുന്നപ്പോഴാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഏറ്റെടുക്കുന്നത്. പിന്നെ ഉഷയുടെയും ഹസിയയുടെയും പപ്പയും മമ്മിയുമെല്ലാം ഫിലിപ്പ് ആയിരുന്നു. അമ്മയും അച്ഛനും ആരെന്നറിയാതെ വളര്‍ന്ന അവര്‍ക്ക് താങ്ങും തണലുമായിരുന്നു ഈ ആശ്രമം.

ഹസിയയെ വിവാഹം കഴിച്ചതു ഒമാനില്‍ ജോലിചെയ്യുന്ന മലയാളി യുവാവാണ്. ഉഷയുടെ ജീവിത പങ്കാളി രാജസ്ഥാന്‍ സ്വദേശിയും.

ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമായ വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന സന്തോഷം പങ്കിടുമ്പോഴും കഴിഞ്ഞ 18 വര്‍ഷമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആശ്രമം വിട്ടു പോകേണ്ടി വരുന്നതിലുള്ള വിഷമത്തിലാണ് ഉഷയും ഹസിയായും.

പനവേല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ സീല്‍ ആശ്രമം മുംബൈയുടെ തെരുവോരങ്ങളില്‍ പൊലിയുന്ന ജീവിതങ്ങളെ ഏറ്റെടുത്തു സംരക്ഷിച്ച് വരുന്ന മലയാളി സ്ഥാപനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News