രാജ്യത്തെ കമ്പ്യൂട്ടറുകളും മൊബൈലുകളും ഇനി നിരീക്ഷണത്തില്‍; കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഉത്തരവ് പുറത്തിറക്കി

വ്യക്തിയുടെ സ്വകാര്യതയിലേക്ക് വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ കടന്നുകയറ്റം.

രാജ്യത്തെ കമ്പ്യുട്ടര്‍,മൊബൈല്‍ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഐബി, ഇഡി, സിബിഐ, എന്‍ഐഐ ഉള്‍പ്പെടെയുള്ള പത്ത് ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും, പിടിച്ചെടുക്കാനും അനുമതി നല്‍കി കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

രാജ്യസുരക്ഷയ്ക്കായാണ് ഉത്തരവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശ വാദം. എന്നാല്‍ സ്വകാര്യതയിലേക്കുള്ള സര്‍ക്കാര്‍ കടന്നുകയറ്റമാണ് ഉത്തരവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ആരോപിച്ചു.

ഐടി ആക്ട് 2000ത്തിലെ 69 (1)വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കമ്പ്യുട്ടര്‍,മൊബൈല്‍ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ 10 ഏജന്‍സികള്‍ക്ക് അധികാരം നല്‍കിയത്. ഐബി, ഇഡി, സിബിഐ, എന്‍ഐഐ ഉള്‍പ്പെടെയുള്ള 10 ഏജന്‍സികള്‍ക്കാണ് അധികാരം.

ഉത്തരവ് പ്രകാരം കമ്പ്യുട്ടറുകളില്‍ ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ നിരീക്ഷിക്കാനും പരിശോധിക്കാനും പിടിച്ചെടുക്കാനും ഏജന്‍സികള്‍ക്ക് അധികാരമുണ്ട്. രാജ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന കാര്യങ്ങള്‍ തടയുവാന്‍ ഐടി നിയമ പ്രകാരമുള്ള തടസ്സങ്ങള്‍ നീക്കുകയാണ് ചെയ്തത്. ഉത്തരവിനെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ഇങ്ങനെയാണ്.

ഏജന്‍സികളുടെ നിരീക്ഷണത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഐടി റൂള്‍സ് 2009ലെ 4ാവകുപ്പ് പ്രകാരം 7 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ ഏജന്‍സികളെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്.

സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ അന്തസത്തയെ ഉത്തരവ് ചോദ്യം ചെയ്യുന്നു. വേണ്ടത്ര കൂടിയാലോചനകളില്ലാതെ ഇറക്കിയ ഉത്തരവിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

ലോക്സഭയില്‍ വിഷയം അടിയന്തര പ്രമേയ നോട്ടീസായി വന്നതോടെ കേന്ദ്രസര്‍ക്കാര്‍ നടപടി കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുമെന്ന് വ്യക്തമായി. ഇത് കൂടാതെ ഉത്തരവ് ചോദ്യം ചെയ്ത് വിവിധ സംഘടനകള്‍ നിയമനടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News