ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു; മണിക്കൂറുകളോളം നാട്ടുകാരെ ഭീതിയില്‍; ആനപ്പുറത്ത് അകപ്പെട്ട 17കാരനെ രക്ഷിച്ചത് അതിസാഹസികമായി

പാലക്കാട് എലപ്പുള്ളി പാറയില്‍ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞ് മണിക്കൂറുകളോളം നാട്ടുകാരെ ഭീതിയിലാഴ്ത്തി.

ആനപ്പുറത്തിരുന്ന പ്രദേശവാസിയായ വിദ്യാര്‍ത്ഥിയെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് താഴെയിറക്കിയത്. ആന പാപ്പാന്‍ മദ്യപിച്ച് ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.

എലപ്പുള്ളി പാറയിലെ ശിവക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കിനെത്തിച്ച മൂന്ന് ആനകളില്‍ തടത്താവളം ശിവന്‍കുട്ടിയാണ് വൈകുന്നേരത്തെ എഴുന്നള്ളത്തിന് നിര്‍ത്തിയപ്പോള്‍ ഇടഞ്ഞത്. ആനയിടഞ്ഞതോടെ ആനപ്പുറത്തിരുന്ന മൂന്ന് പേര്‍ ചാടി രക്ഷപ്പെട്ടു. എന്നാല്‍ ആനപ്പുറത്തിരുന്ന പ്രദേശവാസിയായ 17 വയസുകാരനായ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത് അകപ്പെട്ടു.

വഴിയരികിലുണ്ടായിരുന്ന മിനി ലോറി ആന മറിച്ചിടുകയും വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നേരമിരുട്ടിയതോടെ സമീപ പ്രദേശങ്ങളിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.

തുടര്‍ന്ന് ശ്രമകരമായി ആനയെ തളച്ച ശേഷമാണ് മുകളിലിരുന്ന ഉണ്ണികൃഷ്ണനെ താഴെയിറക്കാന്‍ കഴിഞ്ഞത്. മദ്യപിച്ച ആന പാപ്പാന്‍ തുടര്‍ച്ചയായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞു.

മറ്റ് ആനകളുടെ പാപ്പാന്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ആനയെ തളച്ചത്. ആന പാപ്പാനെതിരെ പോലീസ് കേസെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here