ശബരിമല വിഷയത്തിലെ ഇരട്ടത്താപ്പ്; ബിജെപി സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിവിട്ട് സിപിഐഎമ്മിലേക്ക്; രാജി പ്രഖ്യാപിച്ചത് ശോഭാ സുരേന്ദ്രനെ സമരപ്പന്തലിലെത്തി കണ്ടശേഷം; വരും ദിവസങ്ങളില്‍ കൂടൂതല്‍ പേര്‍ ബിജെപി വിടും

തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗവും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന മോര്‍ച്ചയുടെ കണ്‍വീനറും ബിജെപി സംസ്ഥാന സെക്രട്ടരിമാരില്‍ ഒരാളുമായ ഗിരിജാകുമാരിയുടെ ഭര്‍ത്താവുമായ വെള്ളനാട് ക്യഷ്ണകുമാര്‍, ബിജെപി നേതാക്കളായ ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ എന്നീ പ്രമുഖ നേതാക്കളാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.

ശബരിമല വിഷയത്തില്‍ ബിജെപി സ്വീകരിക്കുന്ന നയങ്ങളില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്ന് ഇവര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. നിരാഹാരം കിടക്കുന്ന ശോഭാ സുരേന്ദ്രനെ സമരപന്തലില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്

ബിജെപിയില്‍ ജനാധിപത്യ വിരുദ്ധത അസഹനീയമാണെന്നും വരും ദിവസങ്ങളില്‍ കൂടൂതല്‍ പേര്‍ ബിജെപി വിടുമെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്ന് ഇവര്‍ചൂണ്ടികാട്ടി. വാര്‍ത്താസമ്മേളനത്തില്‍ ശേഷം തിരുവനന്തപുരം സിപിഐഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ നേതാക്കളെ ജില്ലാ സെക്രട്ടറി ആനാവൂര്‍ പുമാലയിട്ട് സ്വീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ സിപിഐഎമ്മില്‍ എത്തുമെന്ന് ആനാവൂര്‍ പീപ്പിളിനോട് പറഞ്ഞു.

2014ല്‍ ആറ്റിങ്ങല്‍ ലോകസഭ സീറ്റില്‍ മല്‍സരിച്ച ഗിരിജകുമാരിയുടെ ഭര്‍ത്താവ് ആണ് വെള്ളനാട് കൃഷ്ണകുമാര്‍. കഴിഞ്ഞ അരുവിക്കര ഉപതെരഞ്ഞടുപ്പില്‍ ഒ.രാജഗോപാലിന് 35000 വോട്ടുകള്‍ നേടാന്‍ പ്രധാന കാരണം കൃഷ്ണകുമാറിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു.

തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ബിജെപിക്ക് വളര്‍ച്ച നേടികൊടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച കൃഷ്ണകുമാര്‍ അടക്കമുളളവര്‍ പാര്‍ട്ടിവിട്ടത് ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട് .

എന്റെ ഭാര്യയും സംസ്ഥാന സെക്രട്ടറിയുമായ ഗിരിജകുമാരി സിപിഐഎമ്മിലേക്ക് വരുമോ എന്ന് ഇപ്പോള്‍ പറയാന്‍ ആവില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. മുന്‍ സിപിഐഎം നേതാക്കളായിരുന്ന ഇവര്‍ പാര്‍ട്ടുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിയില്‍ ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News