കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ ഇടപെടേണ്ട അടിയന്തിര സാഹചര്യം ഇപ്പോഴില്ലെന്ന് ഹൈക്കോടതി. പള്ളിയില്‍ ക്രമസമാധാന പാലനത്തിനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടെന്നും കോടതി വ്യക്തമാക്കി.
പള്ളിയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിയുത്തരവ് നടപ്പാക്കാന്‍ സി ആര് പി എഫിന്റെ സഹായം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി നിരീക്ഷണം. അതേ സമയം പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്മാറി.
ഹൈക്കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാനായി എത്തിയെങ്കിലും വിധി നടപ്പാക്കാന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്സ് റമ്പാന് തോമസ് പോള്‍ ഹൈക്കോടതിയെ സമീപിച്ചത്.
വിധി നടപ്പാക്കാന്‍ സി ആര് പി എഫിനെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി ഇപ്പോള്‍ ഇതില്‍ ഇടപെടേണ്ട അടിയന്തിര സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
ക്രമസമാധാന പാലനം പോലീസിന്റെ ഉത്തരവാദിത്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും യാക്കോബായ സഭയോടും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന് ഹര്‍ജി അടുത്ത മാസം 4ന് പരിഗണിക്കാനായി മാറ്റുകയായിരുന്നു. അതേ സമയം പിറവം പള്ളിത്തര്‍ക്ക കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് വി ചിദംബരേഷ്,ജസ്റ്റിസ് ആര് നാരായണപ്പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചും പിന്മാറി.
അഭിഭാഷകനായിരിക്കെ ജസ്റ്റിസ് ചിദംബരേഷ് പള്ളിക്കേസില്‍ ഹാജരായിട്ടുണ്ടെന്നും കേസ് കേള്‍ക്കുന്നതില്‍ നിന്നും മാറി നില്‍ക്കണമെന്നും യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു പിന്മാറ്റം.
ഇങ്ങനെ പോയാല്‍ ഈ കേസ് പരിഗണിക്കാന്‍ ജഡ്ജിമാരില്ലാതാവുമോ എന്ന് ചോദിച്ചായിരുന്നു ഡിവിഷന് ബെഞ്ചിന്റെ പിന്മാറ്റം.
നേരത്തെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചും ഇതേ കാരണത്തിന്റെ പശ്ചാത്തലത്തില്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here