‘അയാള്‍ വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഇനിയും വീഡിയോ പ്രചരിപ്പിച്ച് ജീവിതം നശിപ്പിക്കരുത്’; പൊട്ടിക്കരഞ്ഞ് അഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടി

മലപ്പുറം: കിളിനക്കോട് സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി പെണ്‍കുട്ടികളിലൊരാള്‍.

വീഡിയോകള്‍ പ്രചരിപ്പിച്ചത് തങ്ങളുടെ ഭാവി നഷ്ടപ്പെടുത്താന്‍ കാരണമായെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും പെണ്‍കുട്ടി ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇനിയും വീഡിയോ പ്രചരിപ്പിച്ച് തങ്ങളുടെ ജീവിതം നശിപ്പിക്കരുതെന്നും കരഞ്ഞുകൊണ്ട് പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്നു.

പെണ്‍കുട്ടിയുടെ വാക്കുകള്‍:

സുഹൃത്തിന്റെ വിവാഹത്തിനാണ് ഞങ്ങള്‍ 12 പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും കിളിനക്കോടെത്തിയത്. ഉച്ചക്ക് ഒന്നരക്ക് വീട്ടിലെത്തിയ ഞങ്ങള്‍ പുതിയ പെണ്ണിന്റെ കൂടെ സെല്‍ഫി എടുത്തപ്പോഴേ ചിലര്‍ ശ്രദ്ധിച്ചിരുന്നു. ആണ്‍കുട്ടികള്‍ ബൈക്കിലായിരുന്നതുകൊണ്ട് അവര്‍ പെട്ടെന്ന് തിരിച്ചു പോയി. 2.45 ന് മാത്രമേ ബസുണ്ടായിരുന്നുള്ളൂ. അതുവരെ ഞങ്ങള്‍ ബസ് കാത്തിരുന്നു.

എന്നാല്‍ ഞങ്ങള്‍ നേരത്തേ ഇറങ്ങി അവിടെ കറങ്ങി നടക്കുകയാണെന്ന് വളരെ മോശമായാണ് പിന്നാലെ പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ഞങ്ങളെപ്പറ്റി പറയുന്നത്.

ആദ്യത്തെ ഓഡിയോ സന്ദേശമിട്ടയാള്‍ വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. കല്ല്യാണത്തിന് വന്നാല്‍ കല്യാണം കൂടിപ്പോകുകയാണ് വേണ്ടത്. വീട്ടില്‍ നിന്ന് കല്ല്യാണം, സ്പെഷ്യല്‍ ക്ലാസ് എന്നൊക്കെ പറഞ്ഞ് പുറത്തിറങ്ങും, നിങ്ങളുടെ ഉദ്ദേശ്യം അതല്ല, വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാമല്ലോ എന്ന് പറഞ്ഞ് അധിക്ഷേപിച്ചു.

2.45 ആയിട്ടും ബസ് വന്നില്ല, ഇനി ബസ് ഉണ്ടാകില്ലെന്ന് അവിടെ കണ്ട ഇത്താത്തമാര്‍ പറഞ്ഞതുപ്രകാരം ഞങ്ങള്‍ നടന്നു. മൂന്നു കിലോമീറ്റര്‍ നടന്നാലേ ബസ് കിട്ടുകയുള്ളൂ. ഓട്ടോ കിട്ടുമോ എന്നു നോക്കി നടക്കുന്നതിനിടെ അയാള്‍ വീണ്ടും വന്നു. ഇനിയും നിങ്ങള്‍ പോയില്ലേ, ഇവിടെ കറങ്ങി നടക്കുകയാണോ എന്നു ചോദിച്ചു.

അയാള്‍ ഞങ്ങളുടെ വീഡിയോ എടുത്തു. നിങ്ങളുടെ നാട്ടിലൊക്കെ ഇക്കാര്യം ഞങ്ങള്‍ അറിയിച്ചു തരാം, നാട്ടിലെ ഗ്രൂപ്പിലൊക്കെ എത്തിച്ചു തരാം എന്നു പറഞ്ഞു. അയാള്‍ എന്ത് ഉദ്ദേശ്യത്തിലാണ് അത് ചെയ്തതെന്ന് അറിയില്ല. ഞങ്ങള്‍ അവിടുന്ന് രക്ഷപ്പെട്ടു.

നടക്കുന്നതിനിടെ വിവാഹത്തിനു വരാത്ത കൂട്ടുകാര്‍ വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കുവേണ്ടി ഞങ്ങളുടെ ഗ്രൂപ്പില്‍ ഇട്ട വീഡിയോ ആണ് അത്. അതാണ് പിന്നീട് വൈറലായത്. ഒരിക്കലും ഒരു നാടിനെ അപമാനിക്കാന്‍ വേണ്ടി ചെയ്തതല്ല.

പത്തിരുപത് പേരുള്ള ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്തതാണ് അത്. നിങ്ങളുടെ ഫോണിലുള്ള ഫോട്ടോകളും, വീഡിയോയും ഓഡിയോയുമൊക്കെ ഇങ്ങനെ വൈറലാകുമ്പോളുണ്ടാകുന്ന അവസ്ഥ നിങ്ങള്‍ മനസിലാക്കണം.

ഞങ്ങള്‍ മനസുകൊണ്ട് വിചാരിക്കാത്ത കാര്യമാണ് പ്രചരിക്കുന്നത്. ആ വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വാട്സാപ്പു വഴിയുമൊക്കെ ഷെയര്‍ ചെയ്ത് ഞങ്ങളെ മാക്സിമം ഇല്ലാതാക്കുകയാണ് ചെയ്തത്.

വേങ്ങര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയപ്പോഴും ഞങ്ങളുടെ ഫോട്ടോ എടുത്ത് മാപ്പു പറയാന്‍ വന്നതാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചു. അവിടെ കുറേ ആളുകള്‍ വന്നിരുന്നു. ഓഡിയോ സന്ദേശമിട്ടയാള്‍ ഇതൊന്നും ഇവരെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ക്ഷമ ചോദിച്ച് ഓഡിയോ സന്ദേശമിട്ടിരുന്നു.

ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈയിലുള്ള വീഡിയോകള്‍ എല്ലാവരും ഡിലീറ്റ് ചെയ്യണം. ഷെയര്‍ ചെയ്യാതിരിക്കണം.- പെണ്‍കുട്ടി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News