മാനവസംസ്‌കാരത്തിന്റെ ഓരോ പടവും മനുഷ്യവംശം പിന്നിട്ടുപോന്നത് പ്രാകൃതാചാരങ്ങളുടെ ജഡമായ മേലങ്കികള്‍ കൂടഞ്ഞെറിഞ്ഞാണ്.

നാള്‍ക്കുനാള്‍ ഇന്നലെ വരെയുള്ള മനുഷ്യനെ പുതുക്കിപ്പണിതാണ് കൂടുതല്‍ നീതിനിഷ്ടവും സമത്വപൂര്‍ണവുമായ ഒരു ലോകം നമ്മള്‍ സൃഷ്ടിച്ചു പോരുന്നത്. പക്ഷെകാലം അപൂര്‍വ്വമായെങ്കിലും ചില അപഹാസ്യമായ മുഹൂര്‍ത്തങ്ങളെ സൃഷ്ടിക്കും.

മനുസ്മൃതി കത്തിച്ച് മനുഷ്യര്‍ നീതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയ ആ ചരിത്രസന്ദര്‍ഭത്തിന്റെ വിരോധാഭാസമായ പുനരവതരണം എന്ന പോലെ ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ മുറവിളികൂട്ടുന്ന നവബ്രാഹ്മണ്യത്തിന്റെ ജീര്‍ണ്ണാതരണം.

സുപ്രീംകോടതി വിധിയായ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ മുന്‍നിര്‍ത്തി മലയാളികളുടെ മാതൃഭൂമിയായ ഈ കേരളത്തെ മാതത്മകമായി പിളര്‍ക്കാമെന്നും അതിലൂടെ രാഷ്ട്രീയമായി മുതലെടുക്കാമെന്നും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കണക്കുകൂട്ടിയിരിക്കുന്നു. അതിന് വേണ്ടി വിശ്വാസികളായ സാധാരണ മനുഷ്യരെ തെരുവിലിറങ്ങി അവര്‍ നാട്ടില്‍ കലാപം സൃഷ്ടിക്കുകയാണ്.

പെരുംനുണകളുടെ പുകമറകൊണ്ടും ജാതിവിഷം പുരട്ടിയ വാക്കുകള്‍ കൊണ്ടും മലയാളികളുടെ ചരിത്രബോധത്തെ മറച്ചുപിടിക്കാമെന്നും അവര്‍ വ്യാമോഹിക്കുന്നു.

ആ മൂസ്ഥാഭിലാഷത്തെ തകര്‍ക്കാനും തിരുത്താനും കഴിയുന്ന കാലത്തിന്റെ ഒരു ലിഖിത രേഖയാണ് ശബലിമല, ലിംഗനീതിയുടെ സമരമുഖം എന്ന പുസ്തകം പുരരോഗമന കലാസാഹിത്യസംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി നമുക്ക് മുന്നില്‍ വയ്ക്കുന്നത്.

വിവേകാനന്ദന്റെ ശാപഗ്രസ്തമായ വാക്കുകള്‍ മുഖമുദ്രയായി നിന്ന ഇരുളാണ്ട കേരളത്തെ ആധുനിക കേരളമാക്കി മാറ്റിത്തീര്‍ത്ത എണ്ണമറ്റ നവോത്ഥാന മുന്നേറ്റങ്ങളുടെ ഒരു ചരിത്രരേഖയാണ് ഈ ചെറുപുസ്തകം.

സ്ത്രീശരീരത്തിനും ലൈംഗീകതയ്ക്കും മീതെ അധീശത്വബ്രാഹ്മണിസം നടത്തിയിരുന്ന ചൂഷണത്തെ പോരാടിത്തകര്‍ത്ത് പുരുഷനൊപ്പം സ്ത്രീക്കും ആത്മാഭിമാനം നേടി കൊടുത്ത ഒട്ടേറെ പോരാട്ടങ്ങള്‍, ദൈവത്തെ സ്വന്തം കണ്‍മുന്നില്‍ അനുഭവമാക്കിത്തീര്‍ക്കാന്‍ സാധാരണ മനുഷ്യര്‍
നടത്തിയ ക്ഷേത്രപ്രവേശന സമരങ്ങള്‍ ജാതി വിലക്കുകളുടെ നെടുംകോട്ടകളെ തകര്‍ത്തെറിഞ്ഞ ചെറുത്തു നില്‍പ്പുകള്‍, ബ്രാഹ്മണ മേധാവികളുടെ രാജ്യ വീഥികളിലൂടെ, കാളക്കുളമ്പടിച്ചും മുന്നേറിയ ചരിത്ര യാത്രകള്‍ ഐതിഹ്യങ്ങളുടെ ചരിത്രത്തെ വരുതിയിലാക്കിയ അധികാര രാഷ്ട്രീയത്തിന്റെ കപട മുഖങ്ങളെ തകര്‍ക്കുന്ന ചരിത്രരേഖകള്‍ ഇങ്ങനെ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തെ വൈദേശിക ശക്തികളുടെ ദല്ലാളര്‍മാര്‍ക്കും അവര്‍ ഉട്ടിയുറപ്പിക്കാന്‍ ശ്രമിച്ചിരുന്ന പ്രാകൃതാചാരങ്ങള്‍ക്കുമെതിരെ ഒരു ജനത ഉണര്‍ന്നെണീറ്റ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ ഈ പുസ്തകം കടന്നു പോകുന്നു.

കേവലം രണ്ടു നൂറ്റാണ്ടു മാത്രം ഇന്ത്യയെ ചൂഷണം ചെയ്ത കൊളോണിയല്‍ ശക്തികളേക്കാള്‍ ആയിരത്താണ്ടുകള്‍, മനുസ്മൃതി പ്രദാനം ചെയ്തിരുന്ന അത്യന്തം നീചവും മനുഷ്യത്യ രഹിതവുമായ ഒരു പ്രാകൃത അധീശത്വ വ്യവസ്ഥ കൊണ്ട് ഒരു ജനതയെ അടിമകളെ പോലെ അടക്കി ഭരിച്ചതില്‍ നിന്ന് മനുഷ്യര്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും വേണ്ടി പോരാടി വിജയിച്ച ചരിത്ര മുഹൂര്‍ത്തമാണ് നവോത്ഥാനം.

ശബരിമല ലിംഗ നീതിയുടെ സമരമുഖം എന്ന ഈ പുസ്തകം നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

ശബരിമലയെ കേരളത്തിലെ അയോധ്യയാക്കാം എന്ന ഫാസിസ്റ്റുകളുടെ ഈ ഗൂഢപദ്ധതിയെ എന്തു വിലകൊടുത്തും മലയാളികള്‍ ചെറുത്തു തോല്‍പ്പിച്ചേ മതിയാകൂ.

അതിനായി നമ്മുടെ ഭാഷയിലേയും സാഹിത്യത്തിലേയുംചരിത്രത്തിലേയും പ്രഗല്‍ഭമതികളായ എംടി വാസുദേവന്‍ നായര്‍ ടി പത്മനാഭന്‍, എം കെ സാനു കെ എന്‍ പണിക്കര്‍, കെ സച്ചിദാനന്ദന്‍, എന്‍ എസ് മാധവന്‍ എം ലീലാവതി, സുഗതകുമാരി, എംജി എസ് നാരായണന്‍, ടിം എം കൃഷ്ണ, കെ എന്‍ ഗണേഷ്, സുനില്‍ പി ഇളയടം, രാജന്‍ ഗുരുക്കള്‍, ശാരദക്കുട്ടി, പി വത്സല തുടങ്ങി ഒട്ടേറെ പേരുടെ രചനകള്‍, ഈ പുസതകത്തില്‍ ഇടം പിടി ച്ചിരിക്കുന്നു.

കാലംആവശ്യപ്പെടുന്ന ചരിത്ര രേഖയായ ഈ പുസ്തകം പുരോഗമന കലാസാഹിത്യ സംഘം തൃശൂര്‍ ജില്ലാകമ്മിറ്റിയാണ് പ്രസാധനം ചെയ്തിട്ടുള്ളത്.