കണ്ണൂർ സിറ്റിയിൽ മാധ്യമ പ്രവർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കൊള്ളയടിച്ചത് ബംഗ്ലാദേശിലെ ശിക്കാർ ഗ്യാങ്ങ് എന്ന് പോലീസ്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഡൽഹിയിൽ പിടിയിലായ സംഘത്തിലെ മുഹമ്മദ് ഹിലാലിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ബംഗ്ലാദേശിലെ ഭാഗർഹട്ടിൽ സ്വദേശി മുഹമ്മദ് ഹിലാലിനെ ദില്ലിയിൽ വച്ചാണ് കണ്ണൂരിൽ നിന്ന് പോയ പോലീസ് സംഘം കുടുക്കിയത്. അതിർത്തി കടന്ന് കൊള്ള നടത്തുന്ന ശിക്കാർ സംഘത്തിലെ കണ്ണിയാണ് ഹിലാലെന്ന് പോലീസ് പറഞ്ഞു.
5 പേർ അടങ്ങുന്ന സംഘമാണ് കഴിഞ്ഞ സെപ്തംബർ 6 ന് വിനോദ് ചന്ദ്രനെയും ഭാര്യയേയും ആക്രമിച്ച ശേഷം കെട്ടിയിട്ട് കൊള്ള നടത്തിയത്.ഈ സംഘത്തിൽപ്പെട്ട പ്രധാന പ്രതിയാണ് പിടിയിലായത്.
മുഹമ്മദ് ഹിലാലിൽ നിന്ന് വിനോദ് ചന്ദ്രന്റെ എ ടി എം കാർഡ് പോലീസിന് ലഭിച്ചു. സംഭവം നടന്ന ദിവസം പ്രദേശത്ത് നിന്ന് 18 ടവറുകൾ വഴി പോയ 2 ലക്ഷം ഫോൺ കോളുകൾ പരിശോധിച്ചതിലാണ് ബംഗ്ലാദേശ് സംഘത്തിന്റെ പങ്ക് വ്യക്തമായത്.
കണ്ണൂരിൽ നിന്നുള്ള പോലീസ് സംഘം അതിർത്തിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. പിന്നീട് കഴിഞ്ഞ തിങ്കളാഴ്ച്ച ഹിലാൽ ദില്ലിയിൽ എത്തിയെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചത് പ്രതിയെ പിടികൂടുന്നതിലേക്ക് നയിച്ചു.
Get real time update about this post categories directly on your device, subscribe now.