വ്യക്തി സ്വാതന്ത്ര്യത്തിലേയ്ക്ക് കടന്നു കയറി മോദി സര്‍ക്കാര്‍; മൊബൈല്‍ കംപ്യൂട്ടര്‍ രേഖകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍

ദില്ലി: രാജ്യത്തെ പൗരന്മാരെയാകെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാക്കി മോദി സർക്കാർ.

മൊബൈൽ- കംപ്യൂട്ടർ രേഖകളും വിവരങ്ങളും ഉപയോഗവും എപ്പോൾ വേണമെങ്കിലും നിരീക്ഷിക്കുന്നതിനും ചോർത്തുന്നതിനും പിടിച്ചെടുക്കുന്നതിനും 10 കേന്ദ്ര ഏജൻസികൾക്ക‌് അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടു. സൈബർലോകത്ത്‌ അടിയന്തരാവസ്ഥക്കു തുല്യമാണ്‌ ഉത്തരവ്‌.

ഇന്റലിജൻസ‌് ബ്യൂറോ, നർകോട്ടിക‌്‌സ‌് കൺട്രോൾ ബ്യൂറോ, എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌്, കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ‌്, ഡയറക്ടറേറ്റ‌് ഓഫ‌് റവന്യൂ ഇന്റലിജൻസ‌്, സിബിഐ, എൻഐഎ, റോ, ഡയറക്ടറേറ്റ‌് ഓഫ‌് സിഗ്നൽ ഇന്റലിജൻസ‌് (ജമ്മു -കശ‌്മീർ, വടക്കുകിഴക്ക‌്, അസം മേഖലകളിൽമാത്രം) എന്നീ കേന്ദ്ര ഏജൻസികൾക്കാണ‌് പൗരന്മാരെ നിരീക്ഷണത്തിൽ നിർത്താനും ഡിജിറ്റൽ വിവരങ്ങൾ പിടിച്ചെടുക്കാനും പൂർണ സ്വാതന്ത്ര്യം നൽകുന്ന ഉത്തരവ‌് ആഭ്യന്തര സെക്രട്ടറി രാജീവ‌് ഗോബ വ്യാഴാഴ‌്ച പുറപ്പെടുവിച്ചത‌്.

ഡിജിറ്റലായി ഉൽപ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ‌്ത ഏതു വിവരവും ഏത‌് കംപ്യൂട്ടറിൽനിന്നും പിടിച്ചെടുക്കാൻ ഏജൻസികൾക്ക‌് അനുമതിയുണ്ട‌്.

മൊബൈൽ ഫോണുകളിൽ ശേഖരിച്ചിട്ടുള്ള വിവരങ്ങളും ഈ രീതിയിൽ പിടിച്ചെടുക്കാം. ഡിജിറ്റൽ രേഖകൾ ഡീകോഡ‌് ചെയ‌്തെടുക്കുകയും ചെയ്യാം. ഐടി നിയമത്തിലെ 69(1) വകുപ്പുപ്രകാരമാണിത‌്.

കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും അധികാരമുണ്ടാകും. ഉപയോക്താവ‌്, സേവനദാതാവ‌്, കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന വ്യക്തി എന്നിവർ ഏതുസമയത്തും അന്വേഷണ ഏജൻസികളുമായി ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നതിൽ സഹകരിക്കണം. ഇതിന‌് വിസമ്മതിച്ചാൽ ഏഴുവർഷംവരെ തടവും പിഴശിക്ഷയുമുണ്ടാകും

കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കാനും അധികാരമുണ്ടാകും. ഉപയോക്താവ‌്, സേവനദാതാവ‌്, കംപ്യൂട്ടർ കൈകാര്യം ചെയ്യുന്ന വ്യക്തി എന്നിവർ ഏതുസമയത്തും അന്വേഷണ ഏജൻസികളുമായി ഡിജിറ്റൽ വിവരങ്ങൾ കൈമാറുന്നതിൽ സഹകരിക്കണം.

ഇതിന‌് വിസമ്മതിച്ചാൽ ഏഴുവർഷംവരെ തടവും പിഴശിക്ഷയുമുണ്ടാകും. ഫോൺ കോളുകളും ഇമെയിലുകളും മറ്റും നിരീക്ഷിക്കാൻമാത്രമാണ‌് ഏജൻസികൾക്ക‌് ഇതുവരെ അനുമതിയുണ്ടായിരുന്നത‌്.

ആഭ്യന്തരമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി ഇത്തരം നിരീക്ഷണപ്രവർത്തനങ്ങൾക്ക‌് ആവശ്യമായിരുന്നു. 2011ൽ നിരീക്ഷണ ഉത്തരവിൽ ഭേദഗതി വരുത്തിയ സർക്കാർ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെക്കൂടി പരിധിയിലേക്ക‌് കൊണ്ടുവന്നു.

ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതിനും മറ്റും ഐബിക്ക‌് നേരത്തെ അധികാരമുണ്ടായിരുന്നില്ല. സംസ്ഥാന പൊലീസിന്റെ സഹായമില്ലാതെ ഇനി ഐബിക്ക‌് സ്വന്തംനിലയിൽ കാര്യങ്ങൾ നീക്കാം.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ‌് നേരത്തെ അന്വേഷണ ഏജൻസികൾക്ക‌് ആഭ്യന്തരമന്ത്രാലയം നിരീക്ഷണത്തിനും മറ്റും അനുമതി നൽകിയിരുന്നത‌്. അതും നിശ്ചിതകാലത്തേക്ക‌ുമാത്രം.

എന്നാൽ, പുതിയ ഉത്തരവോടെ ഏത‌് കേസന്വേഷണത്തിന്റെ ഭാഗമായും പൗരന്മാരുടെ കംപ്യൂട്ടറിലെയും ഫോണിലെയും മറ്റും ഡിജിറ്റൽ വിവരങ്ങൾ നിരീക്ഷിക്കാനും ചോർത്താനും പിടിച്ചെടുക്കാനും അധികാരമുണ്ടാകും.

പൗരന്മാരെയാകെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ നിർത്തുന്ന സർക്കാർ ഉത്തരവിനെതിരായി പാർലമെന്റിൽ പ്രതിപക്ഷം ശബ്ദമുയർത്തി.

ഭരണഘടനാവിരുദ്ധം: സിപിഐ എം

രാജ്യത്തെ ഏതു കംപ്യൂട്ടറുകളും പരിശോധിക്കാൻ അന്വേഷണ ഏജൻസികൾക്ക‌് അധികാരം നൽകുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ‌് ഭരണഘടനാവിരുദ്ധമാണെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അഭിപ്രായപ്പെട്ടു. സ്വകാര്യത സംരക്ഷിക്കാൻ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിനുനേരെയുള്ള ധിക്കാരപരമായ ആക്രമണമാണ‌ിതെന്ന‌് പിബി പ്ര‌സ‌്താവനയിൽ പറഞ്ഞു.

ഫോൺവിളികളുടെ നിരീക്ഷണം, സ്വകാര്യതയുടെ സംരക്ഷണം, ആധാർ കേസ‌് എന്നിവ സംബന്ധിച്ച സുപ്രീംകോടതിവിധികളുടെ അന്തഃസത്തയ‌്ക്ക‌് കടകവിരുദ്ധമാണ‌് ഈ ഉത്തരവ‌്.

ആർഎസ‌്എസ‌്–-ബിജെപി കാഴ‌്ചപ്പാടിനോട‌് യോജിക്കാത്ത വ്യക്തികളെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുകയെന്നതാണ‌് മോഡി സർക്കാരിന്റെ പ്രവർത്തനചരിത്രം.

സർക്കാരിന്റെയും ബിജെപിയുടെയും തെറ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടുന്നവരെ പിടികൂടുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ‌് ഉടൻ പിൻവലിക്കണമെന്ന‌് പിബി പ്രസ‌്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News