സ്ത്രീകൾക്കുവേണ്ടി ചിന്തിക്കാനുള്ള അവകാശം ഇപ്പോഴും പുരുഷന്മാർക്കാണ്; ഈ അവകാശം സ്ഥാപിച്ചെടുക്കണം, തിരിച്ചുപിടിക്കണം; വനിതാ മതിൽ മുൻനിർത്തി എം സി ജോസഫൈൻ

സ്ത്രീസമൂഹം ചില കാര്യങ്ങൾ സ്വയം ചോദിച്ചും മറ്റുള്ളവരിൽനിന്ന് ഉത്തരം തേടിയും സുനിർണിതമായ മാറ്റങ്ങളിലേക്ക് മനസ്സ് പാകപ്പെടുത്തുന്ന ഈ സന്ദർഭം കേരളത്തിന്റെ നവോത്ഥാനവഴിയിലെ സുവർണരേഖയാകും. പുതുവത്സരദിനത്തിൽ ഇടംവലം സ്ത്രീകളെമാത്രം ചേർത്തുനിർത്തി കാസർകോട‌് മുതൽ തിരുവനന്തപുരംവരെ നീളുന്ന വനിതാമതിൽ കേവലമായ ഒരു ആവിഷ്കാരമല്ല, അതിന്റെ ദൈർഘ്യവും ശക്തിയും കേരളീയ സ്ത്രീസമൂഹത്തിന് പുതിയൊരു ആത്മവിശ്വാസവും ലക്ഷ്യബോധവും തീർച്ചയായും പകർന്നുനൽകും.

വിവിധങ്ങളായ വിവേചനങ്ങൾ അനുഭവിക്കേണ്ടിവരുന്ന സ്ത്രീസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവും സംഘടിതവുമായ മുന്നോട്ടു പോക്കിനുള്ള ശക്തിമത്തായ ചുവരൊരുക്കമാണ് നടക്കുന്നത്. ഈ സന്ദർഭം ചില സാമൂഹിക വായനകൾക്കുകൂടി നമ്മെ നിർബന്ധിക്കുന്നുണ്ട്.

സ്ത്രീകളുടെ പുരോഗതിയിലാണ് രാജ്യത്തിന്റെ ശരിയായ വളർച്ച എന്ന സർവാംഗീകൃത കാഴ്ചപ്പാട് നിലനിൽക്കുമ്പോഴും സ്ത്രീസ്വാതന്ത്ര്യവും സ്ത്രീകളുടെ പുരോഗതിയും ഇപ്പോഴും സംവാദവിഷയങ്ങൾമാത്രമാണ്. ജനസംഖ്യയിൽ പകുതിവരുന്ന സ്ത്രീകളുടെ കാര്യത്തിൽ ഇനിയും ചർച്ചകളാണോ വേണ്ടത്, അതോ നമ്മുടെ കാഴ്ചപ്പാടുകളെ പരിഷ്കരിക്കുന്ന പരിഹാരങ്ങളാണോ ആവശ്യം.

ഈ ചോദ്യത്തിന് ശരിയായ ഉത്തരവും നടപടിയും കൊണ്ടുവരാനുള്ള സാമൂഹിക രാഷ്ട്രീയമുന്നേറ്റത്തിന്റെ പടയൊരുക്കമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. പാരമ്പര്യങ്ങളെ എല്ലാം തള്ളിക്കളഞ്ഞും തട്ടിത്തെറിപ്പിച്ചുമല്ല സ്ത്രീ സമൂഹത്തിനുവേണ്ടിയുള്ള ശബ്ദം ഉയരുന്നത്. ചരിത്രത്തിൽ സംഭവിച്ച നവോത്ഥാനങ്ങളുടെ ചുവടുപിടിച്ചും ജീർണതകളെ വകഞ്ഞുമാറ്റിയുമാണ് ഈ പ്രക്രിയ സംഭവിക്കുന്നത്.

സ്ത്രീതുല്യതയും അന്തസ്സാർന്ന ജീവിതവും നേടിക്കഴിഞ്ഞുവെന്ന് പറയാനാകില്ല. ഈ മാർഗങ്ങളിൽ വിഘാതമായി നിൽക്കുന്ന കാരണങ്ങളിൽ പ്രധാനം സ്ത്രീകൾക്കുവേണ്ടി ചിന്തിക്കാനുള്ള അവകാശം ഇപ്പോഴും പുരുഷന്മാർക്ക‌് വകവച്ച് നൽകിയിരിക്കുന്നുവെന്നതാണ്

സതിക്കെതിരെയും വിധവാവിവാഹങ്ങളെ പ്രോത്സാഹിപ്പിച്ചും ഇന്ത്യയിൽ സംഭവിച്ച നവോത്ഥാനയാത്രയ‌്ക്ക് അതേ രീതിയിലോ അതേക്കാൾ കുറഞ്ഞ തീവ്രതയിലോപോലും മുന്നോട്ടു പോകുന്നതിന് ഇന്ന് കടമ്പകളേറേയാണ‌്. സ്ത്രീധനത്തിനെതിരായ നിയമങ്ങൾ നോക്കുകുത്തികളായി മാറുകയും അതൊരു ബോധവൽക്കരണ വിഷയമായി ആചരിക്കപ്പെടുകയും ചെയ്യുന്നു.

ഈ സാഹചര്യങ്ങളിലാണ് നിയമസംവിധാനങ്ങളുടെ ഇടപെടലുകൾ ചരിത്രപരമാകുന്നത്. സുപ്രീംകോടതി പുറപ്പെടുവിച്ച പല വിധികളും ഇന്ത്യൻ അവസ്ഥയിൽ സ്ത്രീകളുടെ പദവി ഉയർത്തിക്കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിക്കുകയുണ്ടായി. സുപ്രീംകോടതി നൽകിയ സ്ത്രീപക്ഷവിധികൾ പുരുഷപക്ഷ സാമൂഹികവിശ്വാസങ്ങളെ പിടിച്ചുകുലുക്കുന്നതാണ്.

രാജസ്ഥാൻ സർക്കാരിനെതിരെ സുപ്രീംകോടതിയിൽ 1997ൽ വന്ന വിശാഖ കേസ് സ്ത്രീപക്ഷവിധികളിൽ നിർണായകമായ ഒന്നാണ്. ജോലിസ്ഥലത്ത് പീഡനങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളുടെ പരാതി പ്രാഥമികമായി പരിശോധിക്കാനും ഇരകൾക്ക് നിയമപരിഹാരത്തിന് മാർഗനിർദേശം നൽകാനും ഒരു സമിതി വേണമെന്ന് നിർദേശിച്ചത് ഈ കേസിലെ വിധിയിലാണ്.

ഹിന്ദു സ്ത്രീകൾക്ക് സംരക്ഷണത്തിനുള്ള അവകാശം നൽകിയ തുളസമ്മ കേസിലെ വിധിയും പിതാവിന്റെ സ്വത്തിൽ ക്രിസ്ത്യൻസ്ത്രീകൾക്ക് തുല്യാവകാശം നൽകിയ മേരി റോയ് കേസിലെ വിധിയും സ്ത്രീകളുടെ പദവി ഉയർത്തിപ്പിടിക്കുന്നതായിരുന്നു. മുസ്ലിം സമൂഹത്തിലെ വിവാഹമോചിതകളുടെ ദൈന്യത രാജ്യത്തിന്റെ സജീവശ്രദ്ധയിലേക്ക് കൊണ്ടുവന്ന ഷാബാനു കേസും ഈ നിരയിലുണ്ട്.

മതപരമായ ആചരണങ്ങൾ സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുമ്പോൾ ഒരു പൗര എന്ന നിലയിൽ സ്ത്രീകൾക്ക് പരമോന്നത കോടതി നിയമത്തിന്റെ അടിത്തറയിൽനിന്നുകൊണ്ട് നീതി സ്ഥാപിച്ചുനൽകുകയാണ് ചെയ്യുന്നത്. 2006ൽ ഉത്തർപ്രദേശ് സർക്കാരും ലതാസിങ്ങും തമ്മിലുള്ള കേസിൽ ഇഷ്ടമുള്ള ആളെ ഭർത്താവായി സ്വീകരിക്കാനുള്ള അവകാശമാണ് സുപ്രീംകോടതി അംഗീകരിച്ചത്. സ്വന്തം മതത്തിൽനിന്നോ അതിന് പുറത്തുനിന്നോ ഒരാളെ വിവാഹം കഴിക്കാനും ഒപ്പം ജീവിക്കാനും കഴിയുന്ന സാഹചര്യമാണ് ഈ വിധിയൊരുക്കിയത്.

ഏറ്റവുമൊടുവിൽ വിവാദമായ ഹാദിയ കേസിലും ഇത്തരം ഭരണഘടനാപരമായ അവകാശമാണ് പരമോന്നത കോടതി അനുവദിച്ചത്. ഹാദിയ കേസ് മതസമുദായങ്ങളുടെ ശാക്തികബലാബലം നിശ്ചയിക്കാനുള്ള ഉപാധിയായി സമുദായ സംഘടനകൾ ഏറ്റെടുത്തപ്പോൾ സാമൂഹിക സംഘടനകൾ മൗനം പാലിച്ചുനിന്നത് കറുത്ത ഏടായി. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിൽ മാറ്റുരച്ചശേഷമാണ് സുപ്രീംകോടതി അവസാന വിധി പുറപ്പെടുവിച്ചത്.

ഹൈക്കോടതിവിധിയെ തുടർന്ന് സ്വന്തം വീട്ടിൽ കുടുങ്ങിക്കിടക്കേണ്ടിവന്ന യുവതിക്ക് നിയമപരമായ പരിഹാരം മാത്രമായിരുന്നു വഴി. വൈകാരികമായി ഉയർന്നുവന്ന ആവശ്യങ്ങളോട് പ്രതികരിക്കുകയല്ല, നിയമവഴിയിലൂടെ പ്രശ്നപരിഹാരം സൃഷ്ടിക്കുക എന്നതായിരുന്നു ഇക്കാര്യത്തിൽ സംസ്ഥാന വനിതാ കമീഷൻ സ്വീകരിച്ച നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ കേസിൽ കക്ഷിചേർന്നതും.

രാജ്യത്തെ നിയമങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് പകരം സമൂഹത്തെ രണ്ടായി പകുത്തെടുക്കുന്ന സാമുദായികസമീപനങ്ങളാണ് ആ വേളയിൽ പൊതുവെ ഉയർന്നുകണ്ടത്. സുപ്രീംകോടതിയിൽ ഹാദിയയെ വിളിച്ചുവരുത്തിയ ദിവസം ഓർക്കുക. അന്ന് യുവതിയെ കേൾക്കാതെ കോടതി നടപടികൾ അവസാനിപ്പിക്കാൻ തീരുമാനിച്ച ഘട്ടത്തിൽ അതിനെതിരായ ശബ്ദം ഉയർത്തുന്നത് സംസ്ഥാന വനിതാ കമീഷന്റെ അഭിഭാഷകനായിരുന്നു. തുടർന്നാണ് ഹാദിയക്ക് പറയാനുള്ളത് കോടതി കേട്ടതും അവളുടെ അവകാശങ്ങളിലേക്ക് നിയമസംവിധാനം ചലിച്ചുതുടങ്ങിയതും.

ഒരു യുവതിയുടെ സ്വയംനിർണയാവകാശത്തെ സുപ്രീംകോടതിയിൽ ശക്തമായി ഉയർത്തിപ്പിടിച്ചതിന് വ്യക്തിപരമായ ആക്ഷേപങ്ങൾ കമീഷൻ അധ്യക്ഷയ‌്ക്കു നേരെ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നു. യുവതിയെ മതസ്വത്വമായിമാത്രം വീക്ഷിച്ചവർക്കും വനിതാ കമീഷന്റെ നിയമപരമായ ഇടപെടലുകളെ ഉൾക്കൊള്ളാനായില്ല. പുതിയ കാലത്ത് ഉയർന്നുവരുന്ന സ്ത്രീപക്ഷചിന്തകളെ മതത്തിന്റെയും ആചാരങ്ങളുടെയും നൂലിഴകളിൽ തളച്ചിടാനുള്ള ശ്രമങ്ങളാണ് അന്ന് കണ്ടതും ഇപ്പോൾ തുടർന്നുകാണുന്നതും. സാമൂഹികമുന്നേറ്റങ്ങൾ ഈ കുതന്ത്രങ്ങളെ അതിജീവിക്കാൻ പ്രാപ്തമാകേണ്ടിയിരിക്കുന്നു.

ആധുനികസമൂഹം നിയമങ്ങളുടെ അടിത്തറയിൽനിന്നുകൊണ്ടാണ് പുരോഗതിയിലേക്ക് കുതിക്കുന്നത്. സ്വതന്ത്ര ഇന്ത്യ ഇക്കാര്യത്തിൽ അടിസ്ഥാനസ്രോതസ്സായി കാണുന്നത് ഭരണഘടനയെയാണ്. രാജ്യം സ്വതന്ത്രമാകുന്നതിനും മുമ്പുതന്നെ സ്ത്രീനീതിക്കുവേണ്ടി രൂപപ്പെട്ട മുന്നേറ്റങ്ങളുടെ തുടർച്ചയാണ് നമ്മുടെ ഭരണഘടന

ആധുനികസമൂഹം നിയമങ്ങളുടെ അടിത്തറയിൽനിന്നുകൊണ്ടാണ് പുരോഗതിയിലേക്ക് കുതിക്കുന്നത്. സ്വതന്ത്ര ഇന്ത്യ ഇക്കാര്യത്തിൽ അടിസ്ഥാനസ്രോതസ്സായി കാണുന്നത് ഭരണഘടനയെയാണ്. രാജ്യം സ്വതന്ത്രമാകുന്നതിനും മുമ്പുതന്നെ സ്ത്രീനീതിക്കുവേണ്ടി രൂപപ്പെട്ട മുന്നേറ്റങ്ങളുടെ തുടർച്ചയാണ് നമ്മുടെ ഭരണഘടന.

സതിക്കെതിരെ രാജാ റാം മോഹൻ റോയി നയിച്ച സാമൂഹികനീക്കങ്ങളും തുടർന്നുള്ള നിരോധനവും സൃഷ്ടിച്ച മാതൃക ഈശ്വരചന്ദ്ര വിദ്യാസാഗർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളുടെ സന്ദേശങ്ങളിലും കാണാം. 1856ലെ വിധവാ വിവാഹ നിയമം ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു. ശൈശവ വിവാഹത്തിനെതിരെ ഗാന്ധിജിയുടെ നീക്കങ്ങളും നമ്മുടെ മുന്നിലുണ്ട്.

സ്വാതന്ത്ര്യസമരകാലത്തെ മുൻനിര ആശയങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരായ ശക്തമായ സമരബോധമുണ്ടായിരുന്നു. ഇത്തരം നവോത്ഥാനചിന്തകൾ ഭരണഘടനാശിൽപ്പികളെ സ്വാധീനിക്കുകയുണ്ടായി. സ്ത്രീക്കും പുരുഷനും തുല്യനീതി കൽപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും മികച്ച രേഖകളിലൊന്നാണ് ഇന്ത്യൻ ഭരണഘടന. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മണ്ഡലങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യപദവിയും അവസരവും ഭരണഘടന നൽകുന്നു. ഭരണഘടനയുടെ ആമുഖവും മൗലികാവകാശങ്ങളും മാർഗനിർദേശക തത്വങ്ങളും മറ്റ് അനുച്ഛേദങ്ങളും സ്ത്രീകളുടെ അവകാശങ്ങളെ പൊതുവായും പ്രത്യേകമായും സംരക്ഷിക്കുന്നതാണ്.

1993ലെ 73, 74 ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് സ്ത്രീകൾക്ക് തദ്ദേശ ഭരണസംവിധാനങ്ങളുടെ രാഷ്ട്രീയപ്രക്രിയയിൽ ശക്തമായ സാന്നിധ്യമാകാൻ കഴിഞ്ഞു. 33.33 ശതമാനം അവസരങ്ങളാണ് ഇതിലൂടെ സ്ത്രീകൾക്ക് കൈവന്നത്. വ്യക്തികൾ എന്ന നിലയിൽ സ്ത്രീകൾക്ക് ലഭിച്ച അവസരം എന്നതിലുപരി വികസനപ്രക്രിയയിൽ അവർക്ക് പങ്കാളിത്തം വഹിക്കാൻ കഴിയുന്നതും പൊതുവെ നേതൃപദവികളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതും വലിയ മാറ്റങ്ങൾ തന്നെയാണ്. ഇതിന്റെ ചുവടുപിടിച്ച് രാജ്യത്ത് ആദ്യമായി കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃപദവിയിൽ അമ്പത് ശതമാനവും സ്ത്രീകൾക്കായി നീക്കിവയ‌്ക്കപ്പെടുകയുണ്ടായി.

ഈ ഘട്ടത്തിലും സ്ത്രീതുല്യതയും അന്തസ്സാർന്ന ജീവിതവും നേടിക്കഴിഞ്ഞെന്ന് പറയാനാകില്ല. ഈ മാർഗങ്ങളിൽ വിഘാതമായി നിൽക്കുന്ന കാരണങ്ങളിൽ പ്രധാനം സ്ത്രീകൾക്കുവേണ്ടി ചിന്തിക്കാനുള്ള അവകാശം ഇപ്പോഴും പുരുഷന്മാർക്ക‌് വകവച്ച് നൽകിയിരിക്കുന്നുവെന്നതാണ്. വനിതാമതിൽ സൃഷ്ടിക്കുന്ന ഉണർവുകളിൽ പ്രധാനം ഈ അവകാശം സ്ഥാപിച്ചെടുക്കുന്നതിലും തിരിച്ചുപിടിക്കുന്നതിലുമാണ്. അതിനുവേണ്ട സ്ത്രീപക്ഷജാഗ്രതയാണ് പൊതുസമൂഹവും ഭരണസംവിധാനവും ഉറപ്പുവരുത്തേണ്ടത്.

(സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയാണ‌് ലേഖിക)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News