എന്‍എസ്എസ് നിലപാട് സമുദായാംഗങ്ങള്‍ തള്ളിക്കളയുമെന്ന് കാനം; വോട്ട് ബാങ്ക് നോക്കിയല്ല, എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്

മലപ്പുറം: ഭരണഘടനക്കു മുകളില്‍ വിശ്വാസത്തെ സ്ഥാപിക്കാനുള്ള ശ്രമത്തിനു കൂട്ടുനില്‍ക്കുന്ന എന്‍എസ്എസ് നിലപാട് സമുദായാംഗങ്ങള്‍ തള്ളിക്കളയുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

എന്‍എസ്എസിന് നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ശരിയാണോ എന്ന് അംഗീകരിക്കേണ്ടത് സമുദായാംഗങ്ങളാണ്.

സ്വിച്ചിട്ടാല്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഇവയെന്ന് കരുതേണ്ട. ഇത്തരം ഭീഷണികള്‍ ഒരുപാട് കണ്ടു വളര്‍ന്നവരാണ് ഞങ്ങള്‍. എന്‍എസ്എസ് നേതൃത്വത്തിന് മുഖ്യ പങ്കുണ്ടായിരുന്ന വിമോചന സമരത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് 39ശതമാനം വോട്ടു കിട്ടി.

എസ്എന്‍ഡിപി പിന്തുണയില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ ഉമ്മന്‍ചാണ്ടി വീണ്ടും ഭരിക്കുമെന്നും ബിജെപി വന്‍ മുന്നേറ്റമുണ്ടാക്കുമെന്നുമായിരുന്നു പ്രചാരണം.

എന്നിട്ട് എന്തുണ്ടായി. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചില്ലേ. കേരളത്തില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഇടം എല്‍ഡിഎഫിനുണ്ട്. വോട്ട് ബാങ്ക് നോക്കിയല്ല എല്‍ഡിഎഫ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത്.

വനിത മതിലിന് പണം ചെലവഴിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നിയമസഭയിലും പുറത്തും വ്യക്തമായി പറഞ്ഞിട്ടുണ്ട്. ധനമന്ത്രിയും അക്കാര്യം പറഞ്ഞു. ധാരാളം എഴുതാപ്പുറം വായിക്കുന്ന ആളായതിനാലാണ് രമേശ് ചെന്നിത്തലക്ക് അതു മനസിലാകാത്തത്. ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പിന്തുണ നല്‍കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് ഇതുവരെ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്ന ചോദ്യത്തിനുത്തരമായി കാനം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here