സ്വകാര്യത ഞങ്ങളുടെ അവകാശമാണ്, നിയമം മാറ്റുക; നിങ്ങള്‍ നടത്തിയ കൊള്ളയുടെ തെളിവ് ഞങ്ങളുടെ പക്കലുണ്ട്; ബിജെപി ഐടി സെല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ബിജെപിയുടെ ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് (http://www.bjpitcell.org) ഹാക്ക് ചെയ്‌തു.

ഏതു പൗരന്റെയും കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കേന്ദ്രം അധികാരം നല്‍കിയതിനു പിന്നാലെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ‘സ്വകാര്യത വേണം’ എന്ന തലക്കെട്ടോടെയുള്ള സന്ദേശമാണ് വെബ്‌സൈറ്റില്‍ ഇപ്പോള്‍ കാണാനാകുക.

‘സ്വകാര്യത ഞങ്ങളുടെ അവകാശമാണ്. ബിജെപിയുടെ യഥാര്‍ത്ഥമുഖം ഞങ്ങള്‍ തുറന്നുകാട്ടും. ബിജെപിയുടെ പക്കലുള്ള കള്ളപ്പണത്തിന്റെ മുഴുവന്‍ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട്
ഒന്നുകില്‍ നിയമം മാറ്റുക അല്ലെങ്കില്‍ രാജ്യം വിട്ടു പോവുക.

ഇനി ഒരു തെരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല. ഞങ്ങള്‍ തെളിവുകള്‍ പുറത്തുവിടും. ജനങ്ങളെ നിയന്ത്രിക്കാന്‍ ബിജെപിക്ക് കഴിയില്ല. എല്ലാ തെളിവുകളുമായി ഞങ്ങള്‍ കോടതിയിലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ..’ -ഇതാണ് സന്ദേശം.

മൊബൈല്‍-കംപ്യൂട്ടര്‍ രേഖകളും വിവരങ്ങളും ഉപയോഗവും എപ്പോള്‍ വേണമെങ്കിലും നിരീക്ഷിക്കുന്നതിനും ചോര്‍ത്തുന്നതിനും പിടിച്ചെടുക്കുന്നതിനും 10 കേന്ദ്ര ഏജന്‍സികള്‍ക്കാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

അടിയന്തരാവസ്ഥക്കു തുല്യമാണ് ഈ ഉത്തരവ്. ഡിജിറ്റലായി ഉല്‍പ്പാദിപ്പിക്കുകയും പ്രസരിപ്പിക്കുകയും സ്വീകരിക്കുകയും സൂക്ഷിക്കുകയും ചെയ്‌ത ഏതു വിവരവും ഏത് കംപ്യൂട്ടറില്‍നിന്നും പിടിച്ചെടുക്കാന്‍ ഏജന്‍സികള്‍ക്ക് അനുമതിയുണ്ട്.

മൊബൈല്‍ ഫോണുകളില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളും ഈ രീതിയില്‍ പിടിച്ചെടുക്കാം. ഡിജിറ്റല്‍ രേഖകള്‍ ഡീകോഡ് ചെയ്‌തെടുക്കുകയും ചെയ്യാം.

ഉപയോക്താവ്, സേവനദാതാവ്, കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന വ്യക്തി എന്നിവര്‍ ഏതുസമയത്തും അന്വേഷണ ഏജന്‍സികളുമായി ഡിജിറ്റല്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ സഹകരിക്കണം.

ഇതിന് വിസമ്മതിച്ചാല്‍ ഏഴുവര്‍ഷംവരെ തടവും പിഴശിക്ഷയുമുണ്ടാകും. ഫോണ്‍ കോളുകളും ഇമെയിലുകളും മറ്റും നിരീക്ഷിക്കാന്‍മാത്രമാണ് ഏജന്‍സികള്‍ക്ക് ഇതുവരെ അനുമതിയുണ്ടായിരുന്നത്.

ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി ഇത്തരം നിരീക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായിരുന്നു. 2011ല്‍ നിരീക്ഷണ ഉത്തരവില്‍ ഭേദഗതി വരുത്തിയ സര്‍ക്കാര്‍ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെക്കൂടി പരിധിയിലേക്ക് കൊണ്ടുവന്നു.

ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിനും മറ്റും ഐബിക്ക് നേരത്തെ അധികാരമുണ്ടായിരുന്നില്ല. സംസ്ഥാന പൊലീസിന്റെ സഹായമില്ലാതെ ഇനി ഐബിക്ക് സ്വന്തംനിലയില്‍ കാര്യങ്ങള്‍ നീക്കാം.

രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം തുടങ്ങിയ കേസുകളിലാണ് നേരത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിരീക്ഷണത്തിനും മറ്റും അനുമതി നല്‍കിയിരുന്നത്. അതും നിശ്ചിതകാലത്തേക്കുമാത്രം.

എന്നാല്‍, പുതിയ ഉത്തരവോടെ ഏത് കേസന്വേഷണത്തിന്റെ ഭാഗമായും പൗരന്മാരുടെ കംപ്യൂട്ടറിലെയും ഫോണിലെയും മറ്റും ഡിജിറ്റല്‍ വിവരങ്ങള്‍ നിരീക്ഷിക്കാനും ചോര്‍ത്താനും പിടിച്ചെടുക്കാനും അധികാരമുണ്ടാകും.

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരവ് ഭരണഘടനാവിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു.

സ്വകാര്യത സംരക്ഷിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിനുനേരെയുള്ള ധിക്കാരപരമായ ആക്രമണമാണിതെന്ന് പിബി പ്രസ്‌താവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News