‘കേരളത്തെ ഭ്രാന്താലയമാക്കരുത്, നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക’: വനിതാ മതിലില്‍ 30 ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുമെന്ന് കോടിയേരി; ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണങ്ങള്‍ മതിലിനെ ബാധിച്ചിട്ടില്ല

തിരുവനന്തപുരം: വനിതാ മതിലിനായി സമൂഹത്തിലെ വ്യത്യസ്ത തുറകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ വ്യക്തിത്വങ്ങളെ വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഒരേ സമയം ഇത്രയധികം ആളുകള്‍ ഒരു കേന്ദ്രത്തിലേക്കെത്താന്‍ നിരവധി വാഹനങ്ങള്‍ ആവശ്യമായിട്ടുണ്ട്. അതിനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മൂന്നുമണിക്ക് നിശ്ചിത കേന്ദ്രങ്ങളില്‍ ദേശീയ പാതയില്‍ എത്തിചേരണം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. 3.30നാണ് റിഹേഴ്സല്‍. 4ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ചടങ്ങാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗതാഗത കുരുക്ക് ഇല്ലാതാക്കാനുള്ള സംവിധാനങ്ങള്‍ വിവിധ ജില്ലകളില്‍ ഉണ്ടാക്കണം എന്ന നിര്‍ദ്ദേശം കൊടുത്തു. നിരവധി വനിത സംഘടനകള്‍ മതിലില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തെ ഭ്രാന്താലയമാക്കരുത്- നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക- സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുക എന്നിവയാണ് മുദ്രാവാക്യങ്ങള്‍.

കാസര്‍കോഡ് താലൂക്ക് ഓഫീസിനടുത്തുന്നിന്നാണ് തുടക്കം. പിന്നീട് പെരിന്തല്‍മണ്ണ വരെ ഒരേ പാതയിലുടെയാണ് മതിലില്‍ വനിതകള്‍ അണിനിരക്കുക. പെരിന്തല്‍മണ്ണയില്‍ നിന്നും പട്ടാമ്പിവരെ നാഷണല്‍ ഹൈവെ അല്ലാത്ത വഴികളിലൂടെ അണിനിരക്കും. പട്ടാമ്പിയില്‍ നിന്നും ചെറുതുരുത്തി, തൃശൂര്‍, എറണാകുളം ആലപ്പുഴ വഴി തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ വരെയാണ് മതില്‍ നിര്‍മിക്കാന്‍ പോകുന്നതെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. അതില്‍ എല്ലാ പാര്‍ട്ടിഘടകങ്ങളും സഹകരിക്കണമെന്നും കോടിയേരി പറഞ്ഞു.

വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട്ടെത്തണം. ഇടുക്കിയിലുള്ളവര്‍ ആലുവയിലെത്തണം. കോട്ടയം പത്തനംതിട്ട ജില്ലയിലുള്ളവര്‍ ആലപ്പുഴ ദേശീയ പാതയിലാണ് മതിലില്‍ ചേരുക.

സ്ത്രീകള്‍ മാത്രമാണ് മതിലില്‍ അണിനിരക്കുന്നത്. മതിലിനെ വരവേല്‍ക്കാന്‍ വനിത മതിലിന്റെ എതിര്‍ഭാഗത്താണ് പുരുഷന്‍മാര്‍ നില്‍ക്കേണ്ടത്.

സ്ത്രീകള്‍ വലിയ തോതില്‍ പരിപാടിക്കായി രംഗത്ത് വന്നിരിക്കുകയാണ്. 30 ലക്ഷം വീടുകളില്‍ സ്ത്രീകളുടെ സ്‌ക്വാഡ് ഇതിനകം സന്ദര്‍ശിച്ചുകഴിഞ്ഞു. സ്ത്രീകളുടെ 25,000 സ്‌ക്വാഡാണ് വനിത മതിലിനായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പസുകള്‍ വലിയ പിന്തുണ നല്‍കുന്നു. എല്ലാ മതവിഭാഗത്തില്‍ പെട്ടവരും വ്യത്യസ്ത തുറകളിലുള്ളവരും ഈ മതിലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഏതെങ്കിലും മതവിഭാഗത്തില്‍ പെട്ടവര്‍ പങ്കെടുക്കുന്ന പരിപാടിയല്ല. അഖിലേന്ത്യ തലത്തില്‍ അറിയപ്പെടുന്ന വനിത നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചു. ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ മതിലില്‍ പങ്കെടുക്കും.

ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും പ്രചരണം ഈ മതിലിനെ ബാധിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സ്ത്രീകളെ കൊണ്ടുവരാന്‍ ആവശ്യമായ ചെലവില്‍ ഒരു പൈസപോലും സര്‍ക്കാരില്‍ നിന്നും സ്വീകരിക്കാന്‍ പാടില്ല എന്ന് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്.

കേന്ദ്രത്തില്‍ ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സര്‍ക്കാരിനെ കൊണ്ടുവരിക എന്നതിനായി പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിപ്പിക്കുക എന്നതാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ മുഖ്യ ഉത്തരവാദിത്തം.

എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ നയത്തിനെതിരെ ക്യാംപെയിന്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിന്റെ വായ്പാ പരിതി വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ല.

ജിഎസ്ടി കൊണ്ടുവന്നത് തന്നെ സംസ്ഥാനങ്ങളുടെ വരുമാന മാര്‍ഗങ്ങള്‍ക്ക് നേരെ കേന്ദ്രം കൈവച്ച നടപടിയാണെന്നും കോടിയേരി വിശദീകരിച്ചു. ഇഎംഎസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 20ന് ശില്‍പ്പശാല സംഘടിപ്പിക്കും. കേരളത്തില്‍ പതിയെ കടന്നുവരുന്ന വലതുപക്ഷ ശക്തികള്‍ക്കെതിരെയാണ് ശില്‍പ്പശാല നടക്കുക.

കോര്‍പറേറ്റുകളുടെ ഫണ്ട് ഓണ്‍ലൈന്‍ സംഭാവനയുടെ ഭാഗമായി പാര്‍ട്ടി സ്വീകരിക്കില്ല. ഇലക്ടറല്‍ ബോണ്ട് വഴിയുള്ള ഫണ്ടും പാര്‍ട്ടി സ്വീകരിക്കില്ല. ശബരിമല വിഷയം വച്ചുകൊണ്ട് ഹിന്ദുത്വ ഏകീകരണത്തിനുള്ള പ്രചരണം നടക്കുന്നുണ്ട്. 194 സംഘടനകളാണ് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്തത്.

എന്‍എസ്എസിന് സ്ത്രീപ്രവേശനത്തില്‍ ആദ്യം മുതലെ ഒരു നിലപാടുണ്ട്. എന്‍എസ്എസിന്റെത് ഒരു പുതിയ കാര്യമല്ല. എന്‍എസ്എസ് ആരുടെ കൂടെ പോകണം എന്ന് അവര്‍ തീരുമാനിക്കണം. അവരോട് ശത്രുതാപരമായ നിലപാടില്ല.

സുപ്രീംകോടതി വിധിക്ക് അനുകൂലമായി മുഖ്യമന്ത്രി പറയുന്നതിനെയാണ് ധാര്‍ഷ്ട്യം എന്ന് പറയുന്നത്. സ്ത്രീപുരുഷ സമത്വത്തിന് മുഖ്യമന്ത്രി മുന്‍കയ്യെടുത്താല്‍ ധാര്‍ഷ്ട്യമാകുമോ. എംപാനലുകാര്‍ക്ക് മാനുഷിക പരിഗണന വച്ചുള്ള നടപടിക്കായി സര്‍ക്കാര്‍ ഇടപെടണമെന്നും കോടിയേരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News