മോദിയെയും അമിത്ഷായെയും ലക്ഷ്യമിട്ട് നിതിന്‍ ഗഡ്കരി; പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആര്‍ജ്ജവം കാണിക്കണം

മുംബൈ: നരേന്ദ്രമോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും ലക്ഷ്യമിട്ട് കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ നിതിന്‍ ഗഡ്്കരിയുടെ രൂക്ഷ വിമര്‍ശനം.

തോല്‍വികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം കൂടി നേതൃത്വത്തിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടത് മോഡി- അമിത്ഷാ സഖ്യത്തിന്റെ പരാജയമാണെന്ന വിമര്‍ശം ബിജെപിക്കുള്ളിലും പുറത്തും ഉയര്‍ന്നിരുന്നു.

‘വിജയമുണ്ടാകുമ്പോള്‍ അതിന്റെ കാരണക്കാരെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തും. വിജയശില്‍പ്പികള്‍ ഞങ്ങളാണെന്ന് അവകാശപ്പെട്ട് ആളുകള്‍ മത്സരിക്കും.

എന്നാല്‍, പരാജയം സംഭവിക്കുമ്പോള്‍ ഒരോരുത്തരും മറ്റുള്ളവര്‍ക്കു നേരെ വിരല്‍ചൂണ്ടി മാറി നില്‍ക്കാറാണ് പതിവ്. പരാജയങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാനുള്ള ആര്‍ജ്ജവം നേതൃത്വത്തിലുള്ളവര്‍ കാണിക്കണം.

നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാര്‍ഥത അംഗീകരിക്കപ്പെടുന്നത് അവര്‍ പരാജയങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കുന്ന അവസരങ്ങളിലാണ്’- പുണെ ജില്ലാ അര്‍ബന്‍ സഹകരണ ബാങ്ക് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഗഡ്കരി പറഞ്ഞു.

പരാമര്‍ശം വന്‍വിവാദമായതോടെ തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് ഗഡ്കരി അവകാശപ്പെട്ടു. ബിജെപിയിലെ ചില നേതാക്കളുടെ വായടപ്പിക്കേണ്ട സമയം അതിക്രമിച്ചെന്ന ഗഡ്കരിയുടെ പരാമര്‍ശവും നേരത്തെ ചര്‍ച്ചയായിരുന്നു.

തെരഞ്ഞെടുപ്പ് പരാജയം കേന്ദ്രഭരണത്തിന്റെ വിലയിരുത്തല്‍ അല്ലെന്ന് നേതാക്കള്‍ പരസ്യമായി അവകാശപ്പെടുന്നുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ മോദി-അമിത്ഷാ അച്ചുതണ്ടിനെതിരെ അമര്‍ഷമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നതാണ് ഗഡ്കരിയുടെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News