പ്രജേഷ് സെന്‍ ബോളീവുഡിലേക്ക്; നടന്‍ മാധവനൊപ്പം കോ ഡയറക്ടര്‍

വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്‍ എന്ന സിനിമയിലൂടെ പ്രശസ്തനായ പ്രജേഷ് സെന്‍ പുതിയ സംവിധാന സംരംഭവുമായി ബോളിവുഡിലേക്ക്.

ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെക്കുറിച്ച് തമിഴ് നടന്‍ ആര്‍ മാധവന്‍ ഹിന്ദിയിലും ഇംഗ്ലീഷിലും ചെയ്യുന്ന ‘റോക്കറ്റ്‌റി’ എന്ന സിനിമയുടെ കോ ഡയറക്ടറാണ് പ്രജേഷ്. മാധവന്‍ തന്നെയാണ് സിനിമയില്‍ നമ്പി നാരായണനായി വേഷമിടുന്നത്.

നമ്പി നാരായണന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നമ്പി നാരായണന്‍ തന്നെ എഴുതിയ ‘Ready to Fire: How India & I survived the ISRO spy case’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ.ശശികുമാരനും ഡോ.നമ്പി നാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം.

തുടര്‍ന്ന് 1994 നവംബര്‍ 30ന് നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നും കസ്റ്റഡിയില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നെന്നും നിരപരാധിയാണെന്നും വിധിച്ച സുപ്രീം കോടതി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും വിധിച്ചിരുന്നു. ഭരണകൂടത്തിന്റെയും രാഷ്ട്രീയ മാധ്യമവേട്ടയുടെയും ഇരയായ ഒരു ശാസ്ത്രജ്ഞന്റെ സംഭവബഹുലമായ ആ ജീവിത കഥയാണ് സിനിമയുടെ മുഖ്യ പ്രമേയം.

ക്യാപ്റ്റന്‍ എന്ന ജയസൂര്യ ചിത്രമായിരുന്നു പ്രജേഷിന്റെ ആദ്യ ചിത്രം. നേരത്തെ മാധ്യമം പത്രത്തില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു. നമ്പി നാരായണന്റെ കേസും വസ്തുതകളും വാര്‍ത്തകളായും ആത്മകഥയായും ഡോക്യുമെന്റെറിയായും പ്രജേഷ് സെന്‍ കേരളസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടിയിട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel