ലൂസിഫറില്‍ മമ്മൂട്ടിയുണ്ടോ? വിശദീകരണവുമായി മുരളി ഗോപി

പ്രഖ്യാപനം നടന്നത് മുതല്‍ ചര്‍ച്ച വിഷയമായ ചിത്രമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫര്‍.

മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയ നേതാവിന്റെ വേഷത്തില്‍ ആണ് എത്തുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, വിവേക് ഒബ്‌റോയ്, സാനിയ ഇയപ്പന്‍ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്.

പക്ഷേ കുറച്ചു ദിവസങ്ങളായി പരക്കുന്ന ഒന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടെന്നുള്ള കാര്യം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ നെടുമ്പള്ളിയെ സഹായിക്കാന്‍ എത്തുന്ന ഒരു ഡോണിന്റെ വേഷത്തിലാണ് മമ്മുക്ക എന്നാണ് വാര്‍ത്തകള്‍ പരന്നത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയാണ് ഈ വാര്‍ത്ത പ്രചരിച്ചതും.

ഇപ്പോള്‍ ആ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ മുരളി ഗോപി.
പ്രിയ സുഹൃത്തുക്കളെ,

”ലൂസിഫര്‍” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങള്‍ പരത്തുന്ന ചില ഓണ്‍ലൈന്‍ മാധ്യമ ”വാര്‍ത്തകള്‍” (വീണ്ടും) ശ്രദ്ധയില്‍ പെട്ടു. ഇതില്‍ (ഞങ്ങള്‍ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ ”കണ്ടെത്തല്‍”. ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയര്‍ ചെയ്തു പടര്‍ത്തുന്നതായും കാണുന്നു.
ഇത്തരം ”വാര്‍ത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂര്‍ണ്ണമായും നശിപ്പിക്കുന്നത്.
ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങള്‍ ഇത്തരം കുന്നായ്മകള്‍ പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോള്‍ അത് കാണുക എന്നല്ലാതെ അതിനു മുന്‍പ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങള്‍ ഒരു യഥാര്‍ഥ സിനിമാപ്രേമി ആണെങ്കില്‍, ഇത്തരം നിരുത്തരവാദപരമായ ”വാര്‍ത്തകള്‍” ഷെയര്‍ ചെയ്യാതെയുമിരിക്കുക.

സസ്‌നേഹം,
മുരളി ഗോപി


മമ്മുട്ടിക്ക് പുറമേ ചിത്രത്തില്‍ സംവിധായകനായ പൃഥ്വിരാജും തമിഴ് നടനായ വിജയ് സേതുപതിയും അഭിനയിക്കുന്നതായും വാര്‍ത്തകള്‍ പരക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here