ഇന്ന് ക്രിസ്മസ്; നാടും നഗരവും ആഘോഷത്തില്‍

യേശുദേവന്‍റെ തിരുപ്പിറവി ദിനത്തില്‍ പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സുമായി വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേര്‍ന്നു.സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ദേവാലയങ്ങളിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മതമേലധ്യക്ഷന്‍മാര്‍ കാര്‍മ്മികത്വം വഹിച്ചു.

ബെത്ത്ലഹേമിലെ പുല്‍ത്തൊ‍ഴുത്തില്‍ ഉണ്ണിയേ‍ശു പിറന്നു വീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങള്‍ പങ്കുവെച്ചുമാണ് ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും പ്രത്യേക ശുശ്രൂഷയും നടന്നത്. സുവിശേഷ വായനക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി.

ഉണ്ണിയേശുവിന്‍റെ രൂപവും എടുത്ത് കാർമികർ ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണമായിരുന്നു തിരുപ്പിറവിയുടെ പ്രധാന കർമം. മെഴുകുതിരികൾ കൈകളിൽ ഏന്തി വിശ്വാസികളും പ്രദക്ഷിണത്തിൽ പങ്കെടുത്തു.

പ്രദക്ഷിണ ശേഷം കാർമികർ പ്രത്യേകം തയാറാക്കിയ പീഠത്തിൽ ഉണ്ണിയേശുവിന്‍റെ രൂപം പ്രതിഷ്ഠിച്ചു. എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ നടന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് സീറോ മലബാർ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാർമികത്വം വഹിച്ചു.

സെന്‍റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് ബസലിക്കയിൽ കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയും പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ നടന്ന കർമങ്ങൾക്ക് ആർച്ച് ബിഷപ്പ് ഡോ.എം സൂസപാക്യവും നേതൃത്വം നല്‍കി.

യാക്കോബായ സഭയിൽ തോമസ് പ്രഥമൻ കാതോലിക്കാ ബാവയും ഓർത്തഡോക്സ് സഭയിൽ ബസേലിയോസ് മാർത്തോമ പൗലോസ്ദ്വിതിയൻ കാതോലിക്കാ ബാവയും മുഖ്യ കാർമികരായിരുന്നു.

ഇതര ക്രൈസ്തവ സഭകളായ മാർത്തോമ – സിഎസ്ഐ സഭകളിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് പ്രത്യേക ശുശ്രൂഷകൾ നടന്നു. പാതിരാ കുർബാനക്കായി പള്ളികളിൽ എത്തിച്ചേർന്ന വിശ്വാസികൾ കുർബാനക്ക് ശേഷം കേക്ക് മുറിച്ചും പരസ്പരം സമാധാനം ആശംസിച്ചുമാണ് വീടുകളിലേക്ക് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News