കൊല്ലം ബൈപാസ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍; ഫെബ്രുവരി 2ന്‌ മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും

കൊല്ലം: ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം കൊല്ലം ബൈപാസ് മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരി രണ്ടിന് നാടിന് സമർപ്പിക്കും. ജനുവരിയോടുകൂടി നിർമാണത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാകുമെന്ന് ദേശീയപാത ചീഫ് എൻജിനിയർ അശോക് കുമാർ മന്ത്രി ജി സുധാകരനെ അറിയിച്ചു.

ആലപ്പുഴ, കൊല്ലം, കോഴിക്കോട് ബൈപാസുകളുടെയും ഫ്ളൈഓവറുകളുടെയും നിർമാണ പുരോഗതി വിശദീകരിക്കുകയും രേഖാമൂലം റിപ്പോർട്ടുകൾ സമർപ്പിക്കുകയുംചെയ്തു.
2015ൽ കരാറായ ബൈപാസ് ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുന്നതുവരെ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു.

ഒരൊറ്റ സ്പാൻപോലും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമിച്ചിരുന്നില്ല. 278 കോടി രൂപയാണ് അടങ്കൽ. 50 ശതമാനം സംസ്ഥാന വിഹിതമായി 139 കോടി രൂപ നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 34 കോടി രൂപയാണ് നൽകിയിരുന്നത്. 105 കോടി രൂപ ഈ സർക്കാരാണ് നൽകിയത്.

190 പൈലുകളാണുള്ളത്. 46 പിയറുകളിൽ ഒമ്പത് എണ്ണം മാത്രമാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമിച്ചത്. ബാക്കി 37 പിയറുകൾ ഈ സർക്കാരിന്റെ കാലത്താണ് നിർമിച്ചത്. ഏഴ് കൾവർട്ടുകളും നിർമിച്ചിട്ടുണ്ട്. മൂന്നു മേൽപ്പാലങ്ങൾ സംയോജിപ്പിച്ചാണ് ബൈപാസ് നിർമിച്ചിട്ടുള്ളത്.

പതിറ്റാണ്ടുകൾക്കുമുമ്പ് ബൈപ്പാസിന് സ്ഥലമെടുത്തിരുന്നെങ്കിലും 2013 ൽ മാത്രമാണ് നിർമാണത്തിനുള്ള നിർദേശം ഉണ്ടായത്. 2016 ആദ്യമാണ് നിർമാണം തുടങ്ങിയത്. എന്നാൽ 75 ശതമാനത്തിലേറെ നിർമാണവും നടന്നത് പിണറായി സർക്കാർ വന്ന ശേഷമാണ്.

ആർഡിഎസ്‌സിബിസിസി എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. നിർമാണം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ കീഴിലാണ് നടക്കുന്നത് എന്നത് പ്രത്യേകതയാണ്.
ആലപ്പുഴ ബൈപാസ് ഇതോടൊപ്പം തീരേണ്ടതായിരുന്നെങ്കിലും റെയിൽവേ പാതയുടെ മുകളിലൂടെ ബൈപാസ് പോകുന്നതിനാൽ റെയിൽവേ നിയമപ്രകാരമുള്ള ചില ഗർഡറുകളും ഇൻസ്റ്റലേഷനുകളും റെയിൽവേയാണ് നടത്തേണ്ടത്.

ഒന്നര വർഷക്കാലം റെയിൽവേ വരുത്തിയ കാലതാമസമാണ് ആലപ്പുഴ ബൈപാസ് വൈകിയതിന്റെ കാരണം. ഇപ്പോഴും റെയിൽവേ ചെയ്യേണ്ടതൊന്നും ചെയ്തിട്ടില്ല. കുറച്ചു കാലം എടുക്കുമെന്നാണ് സർക്കാരിനെ അറിയിച്ചിട്ടുള്ളത്.

എങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തുടർച്ചയായി നടത്തിയ ഇടപെടലുകളുടെ ഫലമായി മേയ് ‌മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ അറിയിച്ചിട്ടുള്ളത്. ആലപ്പുഴ ബൈപ്പാസും വരുന്ന മേയ്‌മാസത്തിനുള്ളിൽ നാടിന് സമർപ്പിക്കാൻ കഴിയുമെന്ന് മന്ത്രി ജി സുധാകരൻ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News