പാവങ്ങൾക്കുവേണ്ടി വീണ്ടും ഫ്രാൻസിസ് മാർപ്പാപ്പ; സമ്പന്നരാജ്യങ്ങളിലുള്ളവർ ലളിതജീവിതത്തിലേയ്ക്കു പോകണമെന്ന് ക്രിസ്മസ് ഈവ് ആഹ്വാനം

പാവങ്ങൾക്കുവേണ്ടി വീണ്ടും ഫ്രാൻസിസ് മാർപ്പാപ്പ. സമ്പന്നരാജ്യങ്ങളിലുള്ളവർ ലളിതജീവിതത്തിലേയ്ക്കു പോകണമെന്ന് ക്രിസ്മസ് ഈവ് ആഹ്വാനം.

യേശുവിന്റെ ജനനം ദാരിദ്ര്യത്തിലാണ്. പുൽക്കൂട്ടിലാണ്. ഇത് എല്ലാവരും ജീവിതത്തിൽ പകർത്തണം – ലോകത്തെ പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരത്തെ പരാമർശിച്ച് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.

വത്തിക്കാനിൽ സെന്റ് പീറ്റേ‍ഴ്സ് ബസിലിക്കയിൽ പരമ്പരാഗത ക്രിസ്മസ് ഈവ് കുർബാനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൺപത്തിരണ്ടുകാരനായ അദ്ദേഹത്തിന്റെ പോപ്പ് എന്ന നിലയിലുള്ള ആറാമത്തെ ക്രിസ്മസ് ഈവ് ചടങ്ങാണിത്.

ക്രിസ്തുവിന്റെ പിറവി ജീവിക്കാനുള്ള ഒരു പുതിയ വ‍ഴി കാണിച്ചു തരുന്നു. അത് കൂട്ടിവയ്ക്കലിന്റേതും വെട്ടിവി‍ഴുങ്ങലിന്റേതുമല്ല. പങ്കിടലിന്റേതും കൊടുക്കലിന്റേതുമാണ് – പോപ്പ് നിരീക്ഷിച്ചു.

“നമുക്ക് സ്വയം ചോദിക്കാം: എനിക്ക് ഈ മു‍ഴുവൻ ഭൗതികവസ്തുക്കളും സങ്കീർണ്ണമായ ജീവനച്ചേരുവകളും വേണോ? അനാവശ്യമായ ഈ അധികങ്ങളില്ലാതെ എനിക്ക് ക‍ഴിയാനാകില്ലേ? മഹത്തായ ലാളിത്യത്തിന്റെ ഒരു ജീവിതം ജീവിക്കാനാകില്ലേ?” – അദ്ദേഹം ഉദ്ബോധിപ്പിച്ചു.

“പലർക്കും നേടലിലാണ് ജീവിതത്തിന്റെ അർത്ഥം. ഭൗതികവസ്തുക്കളുടെ അധികാർജ്ജനത്തിൽ. മതിവരാത്ത അത്യാർത്തി മനുഷ്യചരിത്രത്തിൽ മു‍ഴുവൻ കാണാം. ഇന്നുപോലും. വൈരുധ്യമെന്നു പറയട്ടെ, കുറച്ചുപേർ ആർഭാടത്തോടെ ഭക്ഷിക്കുമ്പോൾ അനേകർ അന്നന്നത്തെ അപ്പമില്ലാതെ ക‍ഴിഞ്ഞുകൂടേണ്ടിവരുന്നു.” – പോപ്പ് വിശദമാക്കി.

ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപ്പാപ്പയായ അദ്ദേഹം തന്റെ പോപ്പ് ജീവിതത്തിലുടനീളം ഉയർത്തിപ്പിടിക്കുന്ന പ്രമേയമാണ് പാവങ്ങളുടെ ജീവിതാവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News