ഐടി നിയമഭേദഗതിയില്‍ പൊതുജനാഭിപ്രായം തേടി കേന്ദ്രം

ഓണ്‍ലൈന്‍ നിയന്ത്രണം ലക്ഷ്യമാക്കിയുള്ള ഐടി നിയമഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനാഭിപ്രായം തേടും. ജനുവരി 15 നകം പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാമെന്ന് കേന്ദ്ര വിവരസാങ്കേതികവിദ്യഇലക്‌ട്രോണിക്‌സ് മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഉയരുന്നതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ പരിശ്രമം.

ഐടി നിയമത്തിലെ 79ാം വകുപ്പിലെ ഭേദഗതികള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നേരത്തെ കരട് ചട്ടം തയ്യാറാക്കിയിരുന്നു.

ഓണ്‍ലൈന്‍ സംവിധാനങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ് ചട്ടത്തില്‍കേന്ദ്രം കൊണ്ടുവന്ന പുതിയ ഭേദഗതികള്‍.

ചട്ടത്തിന്റെ അന്തിമ രൂപം തയ്യാറാക്കുന്നതിനായി എല്ലാവരില്‍ നിന്നും കേന്ദ്ര വിവരസാങ്കേതികവിദ്യ ഇലക്‌ട്രോണിക്‌സ് മന്ത്രാലയം അഭിപ്രായം തേടും.

കരട് ചട്ടത്തിന്മേല്‍ പൊതുജനങ്ങള്‍ക്ക് ജനുവരി 15 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാനാകും. ഐടി നിയമ ഭേദഗതിയില്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം ജനുവരി 7 നകം അറിയിക്കണമെന്ന് മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കമ്പ്യൂട്ടര്‍ നിരീക്ഷണത്തിന് പിന്നാലെയുള്ള കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ നിയന്ത്രണ ശ്രമം പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായി എതിര്‍ത്തേക്കും.

അതിനാല്‍ ഐടി നിയമഭേദഗതിബില്‍ പാസാക്കാനായേക്കില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. ബില്‍ പാസാക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് കേന്ദ്രം കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ ഓര്‍ഡിനന്‍സിന് ആയുസ്സുണ്ടാകും. ഓണ്‍ലൈന്‍ രംഗത്തെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളും ട്രന്റും നിരീക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് വഴി കേന്ദ്രസര്‍ക്കാരിന് സാധിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ പ്രതിഷേധം കണക്കിലെടുക്കാതെ മുന്നോട്ട് പോകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here