രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് ശിവസേനയും; രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന് ഉദ്ധവ് താക്കറെ

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുത്ത് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും.

ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയാണ് ഇതേ പ്രസ്താവന നടത്തിയിരിക്കുന്നത്. ശിവസേനയെ അനുനയിപ്പിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ ഫലങ്ങള്‍ പറഞ്ഞിരുന്നു.

ശിവസേനയുമായുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ദേവേന്ദ്ര ഫട്‌നാവിസിനെ അമിത് ഷാ നിയോഗിച്ചിരുന്നെങ്കിലും ബിജെപിയുമായി സഖ്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ച പരാമര്‍ശമാണ് ചൗക്കീദാര്‍ ചോര്‍ ഹെ എന്നത്.

എന്നാല്‍ മഹാരാഷ്ട്രയിലെ പന്ഥാര്‍പൂരില്‍ നടന്ന റാലിയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഇതേ പരാമര്‍ശമുപയോഗിച്ചിരിക്കുന്നു.

അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒരു നേതാവിന്റെയും പേര് ഉദ്ധവ് താക്കറെ പറഞ്ഞിട്ടില്ല എന്നത് വാസ്തവം. എന്നാല്‍ 2014 ല്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി കുടുതല്‍ ഉപയോഗിച്ച വാക്കാണ് കാവല്‍ക്കാരന്‍ എന്നത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പണത്തിനും വിശ്വാസത്തിനും കാവല്‍ക്കാരന്‍ ആയി പ്രവര്‍ത്തിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം.

കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ ബിജെപി പരാജയപ്പെട്ടപ്പോള്‍ ജനങ്ങളെ അഭിനന്ദിച്ച് ശിവസേന രംഗത്തെത്തിയിരുന്നു.

ധീരമായ തീരുമാനമാണ് ജനങ്ങളുടേതെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. റഫാല്‍ ഇടപാടില്‍ നിരവധി ആരോപണങ്ങളാണ് ഉയരുന്നത് എന്നാല്‍ സുപ്രീംകോടതി ഈ വിഷയത്തില്‍ കേന്ദ്രത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയത് എങ്ങനെയാണെന്ന് അറിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

ഈ പ്രസംഗത്തിലൂടെ ബിജെപിയുമായി ശിവസേന ശക്തമായി ഇടഞ്ഞുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റുകളില്‍ 40 സീറ്റുകളും എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ 2014ലെ പ്രകടനം ആവര്‍ത്തിക്കാന്‍ ബിജെപിക്ക് സാധിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍.

സഖ്യമില്ലെങ്കില്‍ ബിജെപിയുടെ സീറ്റ് നില 18 മുതല്‍ 20 സീറ്റ് വരെയായി ചുരുങ്ങും. എന്‍സിപി സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിന് 22 മുതല്‍ 24 വരെ സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേയില്‍ പറയുന്നു.

ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നിരന്തരമായി പറുന്നുണ്ടെങ്കിലും സഖ്യകക്ഷിയായില്ലെങ്കില്‍ നാലോ അഞ്ചോ സീറ്റില്‍ കൂടുതല്‍ ശിവസേനയ്ക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

എന്നാലും ബിജെപിയുമായി സഖ്യത്തിനില്ലെന്നാണ് ഉദ്ധവ് താക്കറെയുടെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തില്‍ നിന്ന് വ്യക്തമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News