കൊച്ചി : നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനും ചരിത്രനിര്‍മിതികളെ ശരിയായി സമൂഹത്തിനിടയിലേക്കെത്തിക്കുന്നതിനായി ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലിന്റെ ശീര്‍ഷക ഗാനം പുറത്തിറങ്ങി.

കവി പ്രഭാ വര്‍മ്മയുടേതാണ് വരികള്‍. ഉണരുണരുണരോ വനിതാ മതിലിവിടുണരുണരുണരുണരുണരോ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സരിതാ റാം ആണ്.

മാത്യൂ ഇമ്മിട്ടി ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ വരികള്‍ കേരളം കടന്നുവന്ന ഇരുണ്ട ഇന്നലെകളെയും കേരളീയരുടെ അതിജീവനത്തെയും കാവ്യാത്മകമായി വരച്ചിടുന്നു.

കേരളത്തിന്റെ നവോഥാന പാരമ്പര്യവും വിവിധ മേഖലകളിലെ സ്‌ത്രീകളുടെ മുന്നേറ്റവും വിളിച്ചോതുന്നതാണ്‌ ഗാനത്തിന്റെ ദൃശ്യവൽക്കരണം.

വിവിധമേഖലകളിൽ തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. മാറുമറയ്‌ക്കാൻ അവകാശം നേടിയതും മറക്കുടയും കല്ലുമാലയുമടക്കമുള്ള അനാചാരങ്ങളെ സ്‌ത്രീ മുന്നേറ്റങ്ങളിലൂടെ തകർത്തെറിഞ്ഞതുമായ ചരിത്രം ഓർമ്മിപ്പിക്കുന്ന വരികൾ ഇരുണ്ട കാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളെ കേരളത്തിലെ സ്‌ത്രീകൾ മതിലായി ചെറുക്കുമെന്നും പ്രഖ്യാപിക്കുന്നു.