ശബരിമലയില്‍ ഇന്നലെ മാത്രം എത്തിയത് ഒന്നരലക്ഷം ഭക്തര്‍; മണ്ഡലപൂജയ്ക്കായി സന്നിധാനം ഒരുങ്ങി

ശബരിമല മണ്ഡലപൂജയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് തിരക്ക് ശക്തമായി. ക്രിസ്തുമസ് ദിനത്തില്‍ പതിവിലും കൂടുതല്‍ തീര്‍ഥാടകരെത്തി. വൈകിട്ട് 6.30 ഓടെ ഒരു ലക്ഷം പേരെത്തിയെന്നാണ് പൊലീസിന്റെ കണക്ക്. രാത്രി 11 ന് നട അടയ്ക്കും മുമ്പേ ഒന്നര ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. തിങ്കളാഴ്ചയും ഒന്നര ലക്ഷം പേരെത്തിയിരുന്നു.

വ്യാഴാഴ്ച പകല്‍ 12ന് ആണ് തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ. മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയുമായി ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര ബുധനാഴ്ച പകല്‍ പമ്പ ഗണപതിക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകിട്ട് മൂന്നിന് സന്നിധാനത്തേക്ക് തിരിക്കുന്ന തങ്ക അങ്കി ഘോഷയാത്രയ്ക്ക് ശരംകുത്തിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വീകരണം നല്‍കും. തങ്ക അങ്കി പതിനെട്ടാംപടിക്ക് മുകളിലെത്തുമ്പോള്‍ കൊടിമരച്ചുവട്ടില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, ദേവസ്വം സെക്രട്ടറി, ദേവസ്വം കമീഷണര്‍ തുടങ്ങിയവര്‍ സ്വീകരിച്ച് സോപാനത്തിലേക്ക് കൊണ്ടു പോകും. ക്ഷേത്ര തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലില്‍ എത്തിച്ച് നട അടയ്ക്കും.തുടര്‍ന്ന് തങ്ക അങ്കിചാര്‍ത്തിയുള്ള ദീപാരാധന നടക്കും. വ്യാഴാഴ്ച പകല്‍ 12ന് ആണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് നിര്‍മാല്യവും നെയ്യഭിഷേകവും ഗണപതിഹോമവും പതിവ് പൂജകളും നടക്കും. പകല്‍ 12 ന് മണ്ഡലപൂജകഴിഞ്ഞ് അടക്കുന്ന ക്ഷേത്രനട വൈകിട്ട് മൂന്നിന് തുറക്കും. രാത്രി 9.30ന് അത്താഴപൂജ. രാത്രി 9.50 ന് ഹരിവരാസനംപാടി 10ന് നടയടക്കും.

ബുധനാഴ്ച വൈകിട്ട് തങ്കയങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നതിന്റെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച പകല്‍ ഒന്നിന് ഉച്ചപൂജയ്ക്ക്‌ശേഷം നടയടച്ച് ക്ഷേത്രതിരുമുറ്റം കഴുകി വൃത്തിയാക്കും. ഒന്ന് മുതല്‍ വൈകിട്ട് ദീപാരാധനകഴിയുന്നതുവരെ തീര്‍ഥാടകരെ തിരുമുറ്റത്തേക്ക് കടത്തിവിടില്ല. ഒന്നിന് അടക്കുന്ന നട വൈകിട്ട് നാലിന് തുറക്കും.

തങ്കയങ്കി ഘോഷയാത്ര ശരംകുത്തിയില്‍നിന്ന് സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നതുവരെ ശരംകുത്തിയില്‍ നിന്നും സന്നിധാനത്തേക്ക് തീര്‍ഥാടകരെ കടത്തി വിടില്ല.ഘോഷയാത്രയുടെ ഭാഗമായി സുരക്ഷ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയിട്ടുണ്ട്. പമ്പയിലും നിലയ്ക്കലും ഈ സമയങ്ങളില്‍ നിയന്ത്രണമുണ്ടാകും.
മകരവിളക്ക് പൂജകള്‍ക്കായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും.ജനുവരി 14 ന് ആണ് മകരവിളക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News