വ്രതശുദ്ധിയുടെ നിറവില്‍ മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല സന്നിധാനം; തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നാളെ ഉച്ചയ്ക്ക് നടക്കും

വ്രതശുദ്ധിയുടെ നിറവില്‍ മണ്ഡലപൂജയ്ക്ക് ഒരുങ്ങി ശബരിമല സന്നിധാനം. തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

മണ്ഡലപൂജയ്ക്കായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകീട്ട് സന്നിധാനത്തെത്തും.

അതേസമയം മണ്ഡലകാലം അവസാനിക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കേ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഭക്തരാണ് ഇന്നലെ സന്നിധാനത്ത് ദര്‍ശനത്തിനായി എത്തിയത്.

വ്രതശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും നീണ്ട 41 ദിനങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മണ്ഡലപൂജയ്ക്ക് ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്.

ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ആചാര പൂര്‍വ്വം കൊണ്ടുവരുന്ന തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജക്ക് , ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

451 പവന്‍ തൂക്കമുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 26 ന് ഉച്ചയോടെ പമ്പ ഗണപതി ക്ഷേത്രത്തില്‍ എത്തും.

തങ്കയങ്കി ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നതു വരെ ശരംകുത്തിയില്‍ നിന്നും സന്നിധാനത്തേക്ക് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ഘോഷയാത്രയുടെ സുരക്ഷാര്‍ത്ഥം പോലീസും ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പതിനെട്ടാംപടിക്കു മുകളില്‍ വെച്ച് ദേവസ്വം പ്രസിഡണ്ട് എം പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തങ്കയങ്കി ആനയിച്ച് ശ്രീകോവിലില്‍ എത്തിക്കും.

തുടര്‍ന്ന് ദീപാരാധനയ്ക്കുശേഷം ദര്‍ശനത്തിനായി നടതുറക്കും. 27ന് ഉച്ചയ്ക്ക് 12 മണിക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജയ്ക്കുശേഷം അടയ്ക്കുന്ന നട വൈകീട്ട് മൂന്നുമണിക്ക് ദിവ്യ ദര്‍ശനത്തിനായി തുറക്കും.

തുടര്‍ന്ന് പതിവ് ചടങ്ങുകള്‍ക്ക് ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. മണ്ഡലകാലം അവസാന നാളുകളിലേക്ക് കടന്നതോടെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.

അവസാന മൂന്നു നാളുകളില്‍ ശരാശരി ഒന്നേകാല്‍ ലക്ഷത്തിലധികം ഭക്തര്‍ ശബരിമലയില്‍ എത്തിയതായാണ് പോലീസിന്റെ കണക്ക്.

മണ്ഡലപൂജയ്ക്കുശേഷം നിലയ്ക്കലിലേക്കും മറ്റെല്ലാ ദീര്‍ഘദൂര റൂട്ടുകളിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വര്‍ധിപ്പിക്കും.

മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30ന് വൈകീട്ട് അഞ്ചു മണിക്കാണ് ശബരിമല നട വീണ്ടും തുറക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News