കെട്ടുകഥയല്ല, അവിശ്വസനീയം ഈ പുനഃസമാഗമം; കേദാര്‍നാഥ് പ്രളയത്തില്‍ കാണാതായ കൊച്ചുമകളെ അഞ്ച് വര്‍ഷത്തിന് ശേഷം തിരികെകിട്ടി

കേദാര്‍നാഥില്‍ 2013ലുണ്ടായ പ്രളയത്തില്‍ കാണാതായ പെണ്‍കുട്ടിക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം കുടുംബാംഗങ്ങളുമായി അത്ഭുതകരമായ പുനഃസമാഗമം. അലിഗഡ് സ്വദേശിയായ 17കാരി ചഞ്ചലെന്ന തുളസിക്കാണ് വര്‍ഷങ്ങള്‍ക്കു ശേഷം അവിശ്വസനീയമായ കൂടിച്ചേരല്‍ സാധ്യമായത്.

മാനസിക വെല്ലുവിളി നേരിടുന്ന ചഞ്ചലിന് കേദാര്‍നാഥിലെ പ്രളയകാലത്ത് 12 വയസ്. അച്ഛന്‍ രാജേഷ് ചന്ദ്ര, അമ്മ സീമ, രണ്ട് ഇളയ സഹോദരിമാര്‍ എന്നിവര്‍ക്കൊപ്പം കേദാര്‍നാഥിലേക്ക് നടത്തിയ തീര്‍ഥയാത്രയ്ക്കിടെയാണ് ചഞ്ചല്‍ പ്രളയത്തില്‍ അകപ്പെട്ടത്.

അമ്മയും സഹോദരങ്ങളും പ്രളയത്തില്‍നിന്ന് രക്ഷപ്പെട്ട് വീടെത്തി. ഏറെ തിരിച്ചലിന് ശേഷവും കണ്ടെത്താതായതോടെ രാജേഷ് ചന്ദ്രയും ചഞ്ചലും പ്രളയത്തില്‍ മരിച്ചെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.

എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ ചഞ്ചലിനെ കണ്ടെത്തുകയും തുടര്‍ന്ന് ഉത്തരാഖണ്ഡ് പൊലീസ് ജമ്മുവിലുള്ള ഒരു അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാതാപിതാക്കളെക്കുറിച്ചുള്ള വിവരമോ വീടിനെക്കുറിച്ചോ പറയാന്‍ ചഞ്ചലിന് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിക്കുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളായി ചഞ്ചല്‍ അലിഗഡ് എന്ന ആവര്‍ത്തിച്ച് പറയാന്‍ ശ്രമിക്കുന്നതായി മനസിലായതിനെ തുടര്‍ന്ന് അലിഗഡിലെ ജനപ്രതിനിധിയായ സഞ്ജീവ് രാജയുമായി അനാഥാലയ അധികൃതര്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ‘ചൈല്‍ഡ് ലൈന്‍ അലിഗഡ്’ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ ജ്ഞാനേന്ദ്ര മിശ്രയുടെ സഹകരണത്തോടെ ചഞ്ചലിന്റെ മുത്തച്ഛനെ കണ്ടെത്തുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ചഞ്ചലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബോധ്യപ്പെടുത്തിയശേഷമാണ് മുത്തച്ഛന്‍ ഹരീഷ് ചന്ദും മുത്തശ്ശി ശകുന്തളാ ദേവിയും കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ കൊച്ചുമകളെ വീണ്ടും കാണാന്‍ സാധിച്ചത് അവിശ്വസനീയമാണെന്ന് ചഞ്ചലിന്റെ മുത്തച്ഛന്‍ പറയുന്നു.

ഇപ്പോള്‍ ഗാസിയാബാദില്‍ താമസിക്കുന്ന അമ്മ സീമയ്ക്ക് ഉടന്‍ തന്നെ ചഞ്ചലിനെ എത്തിക്കും. അതുവരെയും ചഞ്ചലിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് സീമയുടെ ഭര്‍തൃസഹോദരന്‍ മോഹന്‍ ചന്ദ്ര അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here