അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണം; സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം

ദില്ലി: അയോധ്യ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി കേന്ദ്രം.

ശബരിമലകേസ് വേഗം തീര്‍പ്പാക്കിയ കോടതി എന്തിന് ഇക്കാര്യത്തില്‍ മടികാണിക്കുന്നുവെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

അടുത്ത മാസം നാലിന് അയോദ്ധ്യാ കേസില്‍ വാദം കേള്‍ക്കാനിരിക്കെയാണ് നിയമമന്ത്രിയുടെ സമ്മര്‍ദ്ദം. സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും അയോദ്ധ്യാ വിഷയം ഉന്നയിക്കാനാണ് കേന്ദ്ര നീക്കം. കേസ് തീര്‍പ്പാക്കി രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെട്ടിരുന്നതും.

കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ച് തള്ളിയിരുന്നു. നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയില്‍ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേള്‍ക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.

അതിനിടെ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന നിര്‍ഭാഗ്യകരമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് പ്രതികരിച്ചു. അയോധ്യ കേസില്‍ കോടതിയെ സമ്മര്‍ദ്ദത്തിലാക്കുന്നത് അവസാനിപ്പിക്കണം. കോടതിയില്‍ നിലവിലുള്ള കേസില്‍ നിയമമന്ത്രി ഇടപെടുന്നത് ഭരണഘടനാ വിരുദ്ധമെന്നും ബോര്‍ഡ് സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News