മണ്ഡലക്കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഏറെ സഹായകരമായെന്ന് ദേവസ്വം ബോര്‍ഡ്; പൊലീസ് ഇടപെടല്‍ ആത്മസംയമനത്തോടെ; ഇതുവരെ ശരണം വിളിക്കാത്തവര്‍ പോലും ഇത്തവണ ശരണം വിളിച്ചതില്‍ സന്തോഷമുണ്ടെന്നും പത്മകുമാര്‍

പത്തനംതിട്ട: ഈ മണ്ഡലക്കാലത്ത് ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനകം ദര്‍ശനം നടത്തിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മണ്ഡലക്കാലത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഏറെ സഹായകരമായി. പൊലീസ് ആത്മസംയമനത്തോടെയാണ് ഇടപെട്ടത്. ദേവസ്വം ബോര്‍ഡിന് സര്‍ക്കാരിന്റെ എല്ലാ സഹായവും ലഭിച്ചുവെന്നും പത്മകുമാര്‍ പറഞ്ഞു.

ഒറ്റ ദിവസത്തെ വരുമാനത്തിലും വദ്ധനയുണ്ടായി. 39ാം ദിവസത്തെ കാണിക്ക വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ലക്ഷം രൂപയുടെ വര്‍ദ്ധനവുണ്ടായി.

അതേസമയം, മൊത്തം വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം 160 കോടിയുടെ വരുമാനമുണ്ടായിരുന്നത് ഈ വര്‍ഷം 105 കോടിയാണ് ലഭിച്ചിട്ടുള്ളത്.

മകരവിളക്ക് കഴിയുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ അത്രയും വരുമാനം ലഭിക്കും. അപ്പം അരവണ വില്‍പ്പനയിലും കാര്യമായ കുറവില്ല.അതേസമയം അരവണക്കും അപ്പത്തിമെതിരെ ഉണ്ടായ ആരോപണങ്ങള്‍ അന്വേഷിക്കും.

മകരവിളക്കിന് കൂടുതല്‍ പേര്‍ എത്തിചേരുമെന്നാണ് പ്രതീക്ഷ. നാളിതുവരെ ശരണം വിളിക്കാത്തവര്‍ പോലും ഇത്തവണ ശരണം വിളിച്ചതില്‍ സന്തോഷമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി പത്മകുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here