തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട് ആണും പെണ്ണുമായി ഇരട്ടകള്‍ പിറന്നാല്‍ അത് അവര്‍ പൂര്‍വജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്നതുകൊണ്ടാണെന്ന്.

തായ്ലന്‍ഡ് സ്വദേശികളായ ദമ്പതികള്‍ക്ക് 2012 സെപ്റ്റംബറില്‍ ഇരട്ടകളായി പിറന്നപ്പോള്‍ മാതാപിതാക്കള്‍ ഒരു തീരുമാനമെടുത്തു ഈ ജന്മത്തിലും മക്കള്‍ ഒന്നിക്കണമെന്ന്.

മക്കള്‍ മുതിര്‍ന്നപ്പോള്‍ അച്ഛന്‍ അമോണ്‍സാന്‍ സുന്തോരം മലിരാത്തും അമ്മ ഫചാരാപോണും മക്കളുടെ വിവാഹം ആര്‍ഭാടമായി നടത്തുകയായിരുന്നു.

അങ്ങനെ ആറു വയസ്സുകാരായ ഗിത്താറും കിവിയും വിവാഹ വസ്ത്രങ്ങളണിഞ്ഞ് പരസ്പരം മോതിരം കൈമാറി. ചുംബിച്ച് ഇരുവരും വിവാഹിതരുമായി.

ബാങ്കോക്കിനടുത്ത് സമുത് പ്രകാനിലായിരുന്നു ഇരുവരുടെയും വിവാഹം. വ്യത്യസ്തമായ വിവാഹച്ചടങ്ങില്‍ അച്ഛനമ്മമാരും ബന്ധുക്കളും ബുദ്ധ പുരോഹിതന്മാരുമൊക്കെ കൊച്ചു ദമ്പതികള്‍ക്കൊപ്പമുണ്ടായിരുന്നു.

ആണും പെണ്ണുമായി ഇരട്ടകള്‍ ജനിക്കുന്നത് പൂര്‍വജന്മത്തിലെ ഭാര്യാഭര്‍ത്തൃബന്ധം അവിടെ പൂര്‍ണമാകാത്തതിനാലാണെന്നാണ് തായ്ലന്‍ഡിലെ ബുദ്ധമതക്കാര്‍ വിസ്വസിക്കുന്നത്.

ഇങ്ങനെ ജനിക്കുന്ന ഇരട്ടകളുടെ വിവാഹം എത്രയും വേഗം നടത്തണമെന്നും വിവാഹം വൈകുന്നതനുസരിച്ച് ഇവരുടെ ജീവിതത്തില്‍ കഷ്ടകാലവും തുടരുമെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം.

ഗിത്താറും കിവിയും ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ജീവിക്കുന്നതിനാണ് ഇവരുടെ വിവാഹം നടത്തിയത്. കുട്ടികളെ വിവാഹം കഴിപ്പിച്ചാല്‍ യാതൊരു അപാകതയുമില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.

വിവാഹിതരായെങ്കിലും വിവാഹം ഇരുവരുടെയും ഭാവി ജീവിതത്തെ ബാധിക്കില്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഗിത്താറിനും കിവിയ്ക്കും സ്വന്തം പങ്കാളികളെ കണ്ടെത്താനും സാധിക്കുമെന്നാണ് മാതാപിതാക്കള്‍ ഉറപ്പ് നല്‍കുന്നത്.