നന്മയുടെ ക്രിസ്തുമസ് ആഘോഷമൊരുക്കി എന്‍സിസി ക്യാമ്പ്; പങ്കുചേരാന്‍ മന്ത്രിയെത്തി.

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച് എന്‍ സി സി. ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥവത്താക്കി മാറ്റിയ രംഗങ്ങള്‍ക്ക് വേദിയായത്, തൃശൂര്‍ വിമല കോളേജാണ്.

ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ എത്തിയ കൃഷിമന്ത്രി സുനില്‍കുമാറിനെ എന്‍ സി സി കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു.

കുട്ടികളെ വെടിവെക്കാന്‍ പഠിപ്പിച്ച് മുന്‍ എന്‍ സി സി കേഡറ്റുകൂടിയായ മന്ത്രി ഓര്‍മ്മകള്‍ അയവിറക്കി. കേഡറ്റുകളാകട്ടെ, മന്ത്രിയെ തൊപ്പികൂടിയണിയിച്ച് ഓര്‍മ്മകളിലേക്കു കൂടുതല്‍ നടത്തി.

തൃശൂര്‍ ഏഴാം കേരള ഗേള്‍സ് ബറ്റാലിയന്‍ നടത്തുന്ന പത്തു ദിവസത്തെ എന്‍ സി സി ക്യാമ്പാണ് വിമല കോളേജില്‍ നടക്കുന്നത്.

21നാരംഭിച്ച ക്യാമ്പില്‍ കേഡറ്റുകളുടെ സമഗ്രവികസനം ലക്ഷ്യം വയ്ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നത്.

പതിവുപോലെ വൈവിധ്യമാര്‍ന്ന പദ്ധതികളാസൂത്രണം ചെയ്യുമ്പോഴും ക്രിസ്മസ് മിഴിവാര്‍ന്നതാകണമെന്നും അത് അര്‍ത്ഥവത്താകണമെന്നുമുള്ള ക്യാമ്പ് കമാന്റന്റ് കേണല്‍ എച്ച് പദ്മനാഭന്റെ ആഗ്രഹമാണ് ഈ വേറിട്ട ആഘോഷത്തിനു പിറകില്‍.

തൃശൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ മുപ്പതോളം കുട്ടികളെ അദ്ദേഹം ക്യാമ്പിലെത്തിച്ചു. 650 ഓളം വരുന്ന കേഡറ്റുകള്‍ അവരെ കാത്തിരുന്നു.

അവര്‍ക്കായി പാടി. ആടി. കേക്കു പങ്കുവെച്ചു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. മന്ത്രിയുടെ നേതൃത്വം കൂടി വന്നതോടെ മിഴിവാര്‍ന്ന പരിപാടിയായിതു മാറി.

കുട്ടികളുടെ ഗാര്‍ഡ് ഓഫ് ഓണറും ഡ്രില്ലും മന്ത്രി വിലയിരുത്തി. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും നിരാലംബരേയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്‍ സി സി ചെയ്യുന്ന എല്ലാ പരിശ്രമങ്ങളേയും മന്ത്രി ശ്ലാഘിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here