രാഷ്ട്രപതിയുടെ അംഗരക്ഷകരായി മൂന്നു ജാതിയില്‍പ്പെട്ടവരെയേ പരിഗണിക്കുവെന്ന സംഭവത്തില്‍ ദില്ലി ഹൈക്കോടതി വിശദീകരണം തേടി

രാഷ്ട്രപതിയുടെ അംഗരക്ഷകരായി മൂന്നു ജാതിയില്‍പ്പെട്ടവരെയേ പരിഗണിക്കുവെന്ന സംഭവത്തില്‍ നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരിക്കതുന്നത്.

പ്രതിരോധമന്ത്രാലയം, കരസേന മേധാവി, കമാന്‍ഡന്റ് ഓഫ് ദി പ്രസിഡന്റ് ബോഡിഗാര്‍ഡ് ആന്‍ഡ് ഡയറക്ടര്‍, കരസേന റിക്രൂട്ട്‌മെന്റ് എന്നിവയ്ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ജസ്റ്റീസുമാരായ എസ്. മുരളീധര്‍, സഞ്ജീവ് നരൂല എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹരിയാന സ്വദേശി ഗൗരവ് യാദവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കുടുതല്‍ വാദം കേള്‍ക്കലിനായി കോടതി മെയ് എട്ടിലേക്ക് മാറ്റി.

2017 ല്‍ രാഷ്ട്രപതിയുടെ ബോഡിഗാര്‍ഡ് റിക്രൂട്ട്‌മെന്റില്‍ ഗൗരവ് യാദവ് പങ്കെടുത്തിരുന്നു. എന്നാല്‍ ജാട്ട്, രാജ്പുത്, ജാട്ട് സിക്ക് എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് ജോലിക്കായി ക്ഷണിച്ചതെന്നു ഗൗരവ് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

റിക്രൂട്ട്‌മെന്റില്‍ എല്ലാതരത്തിലുള്ള പരീക്ഷകളും ജയിച്ചെങ്കിലും ഗൗരവ് യാദവ് വിഭാഗത്തില്‍പെട്ടതിനാല്‍ പരിഗണിച്ചില്ലെന്നാണ് പരാതി. സര്‍ക്കാര്‍ ജോലികള്‍ക്ക് വിവേചനം പാടില്ലെന്നു ഭരണഘടന അനുശാസിക്കുന്നുണ്ടെങ്കിലും ഇവിടെ ജാതിവിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് ഗൗരവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 14ന്റെ ലംഘനമാണിതെന്നാണ് ഗൗരവിന്റെ വാദം. ആര്‍ട്ടിക്കള്‍ 15 ലെ (1) വകുപ്പ് പ്രകാരം ജാതി മതം ലിംഗം കളര്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ചൂണ്ടികാട്ടിയുള്ള വിവേചനം പാടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here