ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചതായി സംശയം; ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി രക്ഷപ്രവര്‍ത്തകര്‍

ദില്ലി: മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചതായി സംശയമുണ്ടെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന കമാന്‍ഡന്റ് സന്തോഷ് സിംഗ്.

ഖനിക്കുള്ളില്‍നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി മുങ്ങല്‍ വിദഗ്ധര്‍ അറിയിച്ചെന്ന് സന്തോഷ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തൊഴിലാളികള്‍ മരിച്ചിരിക്കാമെന്നും മൃതശരീരം അഴുകിയതിന്റെ ഗന്ധമാണ് പുറത്തേക്ക് വമിക്കുന്നതെന്നുമാണ് മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞതെന്ന് സന്തോഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

ഡിസംബര്‍ 13നാണ് മേഘാലയയിലെ ഈസ്റ്റ് ജെയ്ന്‍തിയ ഹില്‍സ് ജില്ലയിലെ അനധികൃത ഖനിയില്‍ 15 തൊഴിലാളികള്‍ കുടുങ്ങിയത്.

ലെയ്റ്റീന്‍ നദിയില്‍നിന്ന് ഖനിയിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെയാണ് തൊഴിലാളികള്‍ അപകടത്തില്‍പെടുന്നത്. അനധികൃത ഖനിയായതിനാല്‍ ഉടമയുടെ കൈവശം തൊഴിലാളികളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളില്ല. ഖനിയുടെ ഉടമ ഒളിവിലാണ്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

2012ല്‍ വെള്ളപ്പൊക്കത്തില്‍ ഖനിയില്‍ കുടുങ്ങിയ 15 പേര്‍ മരിച്ചിരുന്നു. ഒരു സുരക്ഷാ സംവിധാനവുമില്ലാതെ നിരവധി ഖനികള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 2014ല്‍ ഇത്തരം ഖനികളുടെ പ്രവര്‍ത്തനം ഹരിത ട്രിബ്യൂണല്‍ നിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News