15 പന്തില്‍ നാല് റണ്‍സും ആറ് വിക്കറ്റും; ലങ്കയെ കശക്കിയെറിഞ്ഞ് ബോള്‍ട്ട്

40 മിനിറ്റില്‍ ശ്രീലങ്കൻ മധ്യനിരയെയും വാലറ്റത്തെയും കൂടാരം കയറ്റിയ ന്യൂസിലൻഡ് ഫാസ്റ്റ് ബോളർ ട്രെന്‍റ് ബോൾട്ടിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ ന്യൂസിലന്‍ഡിന് അപ്രതീക്ഷിത ലീഡ്.

ഒന്നാം ഇന്നിങ്ങ്സില്‍ 178 റണ്‍സിന് പുറത്തായ കീവീസ് ലങ്കയെ 104 ന് പുറത്താക്കി 74 റണ്‍സിന്‍റെ ലീഡെടുത്തു.

15 പന്തുകളിൽനിന്ന് നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയത്. മൽസരത്തിന്‍റെ ആദ്യദിനം പത്ത് ഓവര്‍ എറിഞ്ഞ ബോൾട്ടിന് ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല.

രണ്ടാം ദിവസം ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമായത്. മൂന്നാം പന്തിൽ പുറത്തായത് റോഷൻ സിൽവ. അവസാന അഞ്ച് വിക്കറ്റുകൾ വീണതു വെറും നാല് റൺസ് മാത്രം കൂട്ടിച്ചേര്‍ക്കുന്നതിനിടെ.

വാലറ്റത്തെ നാല് കളിക്കാരെയും ബോള്‍ട്ട് സ്കോര്‍ബോര്‍ഡ് തുറക്കുന്നതിന് മുമ്പുതന്നെ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിൽ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്‍റെയും ഏറ്റവും മോശം പ്രകടനമാണിത്. മൽസരത്തിൽ 15 ഓവറിൽ 30 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റ് വീഴ്ത്തിയത് ബോള്‍ട്ടിന്‍റെ ടെസ്റ്റ് കരിയറിലെ തന്നെ മികച്ച പ്രകടനമാണ്.

മാർച്ചിൽ ഈഡൻ പാർക്കിൽ ഇംഗ്ലണ്ടിനെതിരെ 32 റൺസ് വിട്ടുകൊടുത്തു താരം ആറ് വിക്കറ്റ് വീഴ്ത്തിയിരുന്നു.

29 കാരനായ ബോൾട്ട് ടെസ്റ്റിൽ ഇതുവരെ 230 വിക്കറ്റുകളാണു നേടിയിട്ടുള്ളത്. ന്യൂസീലൻഡ്‍ താരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ അഞ്ചാമതാണ് താരം.

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്ങ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. കീവിസിനിപ്പോള്‍ 305 റണ്‍സിന്‍റെ ലീഡാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here