അനാചാരങ്ങൾ നിർബാധം തുടരുന്ന രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന‌് വ്യത്യസ‌്തമാണ‌് നമ്മുടെ കേരളമെന്ന ചിന്ത എല്ലാവർക്കുമുണ്ടാകണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

അനാചാരങ്ങളെ അതിജീവിച്ചാണ‌് കേരളം ഇന്നുകാണുന്ന നിലയിലെത്തിയത‌്. എന്നാൽ മനുഷ്യർ വലിച്ചെറിയേണ്ട ആചാരങ്ങളെ തിരികെ കൊണ്ടുവരാൻ ദീപം തെളിച്ച‌് വഴിയിൽ അണിനിരക്കുകയാണ‌് ചിലർ.

ദീപം അന്ധകാരമകറ്റുന്നതാണ‌്. അനാചാരങ്ങൾ മാറ്റില്ലെന്നും അന്ധകാരത്തെ പുൽകുമെന്നും പ്രഖ്യാപിച്ച‌് ദീപം തെളിക്കുന്നത‌് വിരോധാഭാസവും ഏറെ ആഭാസകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

നീണ്ടൂർ രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തരേന്ത്യയിൽ പട്ടികജാതിക്കാർ ക്ഷേത്രത്തിനടുത്തു കൂടി നടന്നാൽ പച്ചയ‌്ക്ക‌് കത്തിക്കുമെങ്കിൽ കേരളത്തിൽ പട്ടികജാതിക്കാർ ക്ഷേത്രത്തിൽ പൂജ നടത്തുന്നു.

ഇത്ര വലിയൊരു വിപ്ലവത്തിന്റെ പ്രാധാന്യം മലയാളികൾ പൂർണ അർഥത്തിൽ ഉൾക്കൊണ്ടോ എന്നു സംശയമുണ്ട‌്. കർഷകതൊഴിലാളികൾ ചോദിക്കുന്ന ന്യായമായ കൂലിയെ അമിത കൂലി എന്ന‌് ചിലർ വ്യാഖ്യാനിക്കുന്നു.

ന്യായമായ കൂലി അവകാശമാണെന്നും ഭൂവുടമയുടെ കീഴിൽ പീഡനമനുഭവിച്ച‌് ജീവിക്കേണ്ടവരല്ല കർഷകതൊഴിലാളിയെന്നുമാണ‌് നീണ്ടൂർ രക്തസാക്ഷികൾ രക്തം നൽകി നമ്മെ പഠിപ്പി‌ച്ചതെന്നും MA ബേബി പറഞ്ഞു.

സി പി ഐ എം ഏരിയാ കമ്മിറ്റിയംഗം MK ബാലകൃഷ്ണൻ അധ്യക്ഷനായി, സി പി ഐ എം ജില്ലാ സെക്രട്ടറി VN വാസവൻ, അഡ്വ.കെ.സുരേഷ് കുറുപ്പ് MLA, എരിയാ സെക്രട്ടറി KNവേണുഗോപാൽ എന്നിവർ സംസാരിച്ചു.