കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. കേസന്വേഷണത്തിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ എത്തി ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സി.സി.ടി.വി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു .കഴിഞ്ഞ മാർച്ചിലാണ് ജെസ്നയെ കാണാതായത്.

2018 മാർച്ച് 22 നാണ് എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും കോളജ് വിദ്യാർത്ഥിനിയായ ജെസ്നയെ കാണാതായത്. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിടെയാണ് ക്രൈം ബ്രാഞ്ച് എസ്.ഐ. വി.ആർ.ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘം മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തി ജെസ്‌നയെ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചത്.

ജെസ്‌നയെ കാണാതായതിന് ശേഷം മുണ്ടക്കയം ടൗണിലെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങൾ അന്വേഷണ സംഘം പഞ്ചായത്ത് അംഗങ്ങൾക്കായി പ്രദർശിപ്പിച്ചു.

ദേശീയപാതയില്‍ മുണ്ടക്കയം ബസ്റ്റാന്‍ഡ്കവാടത്തിനു സമീപത്തെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച സി.സി.ടി.വി.ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.

ജെസ്‌നയ കരുതുന്ന പെണ്‍കുട്ടി നടന്നു വരുന്ന ദൃശ്യങ്ങളില്‍ സംശയാസ്പദമായി മറ്റു രണ്ടുപേര്‍ കൂടി വരുന്ന ദൃശ്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ പ്രദർശിപ്പിച്ച് വിവരങ്ങൾ തേടിയത്.

കൂടാതെ സംശയകരമായ രീതിയിൽ ചുവപ്പ് നിറത്തിലുളള കാറും ദൃശ്യങ്ങളിലുണ്ട്. ഇതുസംബന്ധിച്ചു വിവരങ്ങള്‍ ശേഖരിക്കുകയെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ ദൃശ്യങ്ങളിലുളള യുവതിയെയും, വാഹനവും തിരിച്ചറിയാൻ പഞ്ചായത്തംഗങ്ങൾക്ക് കഴിഞ്ഞില്ല.