നടി ദേവകിയമ്മ അന്തരിച്ചു

തിരുവനന്തപുരം: നാടക – സിനിമാ താരം ദേവകിയമ്മ (97)അന്തരിച്ചു. കലാനിലയം നാടവേദി സ്ഥാപകനും തനിനിറം പത്രാധിപരും ആയിരുന്ന കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു.

അറിയപ്പെടുന്ന റേഡിയോ ആര്‍ട്ടിസ്റ്റ്. ഭാഗവതരായിരുന്ന അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ സംഗീതം, നന്നേ ചെറുപ്പത്തില്‍ തന്നെ അഭ്യസിക്കുകയും എട്ടു വയസ്സുള്ളപ്പോള്‍ തന്നെ കച്ചേരി നടത്തി അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

കുമാരനാശാന്റെ അഹല്യാമോക്ഷം, ഉഷാ അനിരുദ്ധന്‍ തുടങ്ങിയ നാടകങ്ങളില്‍ ഈ കാലത്ത് അഭിനയിച്ചു. കല്യാണ ശേഷം നാടക രംഗത്ത് തുടര്‍ന്ന് മലയാളം, തമിഴ് നാടകങ്ങളില്‍ അഭിനയിച്ചു. പവിഴക്കൊടി എന്ന തമിഴ് നാടകം വളരെയധികം ശ്രദ്ധ നേടി.

ആയിടെയാണ് തിരുവിതാംകൂര്‍ റേഡിയോ നിലയത്തില്‍ നിന്നും ഒരവസരം എത്തിയത്. 1950 വരെ അവിടെ സ്ഥിരം ആര്‍ട്ടിസ്റ്റായി മാറി. അതിനു ശേഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഓള്‍ ഇന്ത്യ റേഡിയോയില്‍ എത്തി.

കൊയ്ത്തു പാട്ട്, വഞ്ചിപ്പാട്ട്, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, നാടന്‍പാട്ടുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ ദേവകിയമ്മ അവതരിപ്പിച്ചു. മൂന്നു പതിറ്റാണ്ടു കാലം ഓള്‍ ഇന്ത്യ റേഡിയോയില്‍ അവര്‍ ജോലി നോക്കി.

ആകാശവാണിയില്‍ വച്ച് പത്മരാജനുമായുള്ള പരിചയമാണ് ദേവകിയമ്മയെ സിനിമയില്‍ എത്തിച്ചത്. ഒരിടത്തൊരു ഫയല്‍വാന്‍ ,കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്തു നാരായണന്‍ കുട്ടി, ശയനം, സൂത്രധാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. താലി, ജ്വാലയായ്, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം തുടങ്ങി ഇരുപതോളം സീരിയലുകളില്‍ അഭിനയിച്ചു.

മക്കള്‍: കലാവതി, ഗീത, മായ, ജീവന്‍ കുമാര്‍, ദുര്‍ഗ്ഗാ ദേവി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൂജപ്പുരയിലെ വീട്ടുവളപ്പില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News