വനിതാ മതിലും സംഘപരിവാറിന്റെ വര്‍ഗീയ പ്രചാരണവും

സ്ത്രീകള്‍ക്കെതിരായ ലിംഗവിവേചനത്തിന്റെ പ്രശ്‌നം രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാക്കാന്‍ കഴിഞ്ഞുവെന്നതാണ് വനിതാ മതിലിനെ പ്രസക്തമായൊരു നവോത്ഥാന ഇടപെടലായി മാറ്റിയിരിക്കുന്നത്.

സ്ത്രീയെയും ദളിതനെയും നീച ജന്മങ്ങളായി കാണുന്ന ബ്രാഹ്മണ വൈദിക സംസ്‌കാരത്തിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രീയത്തെ സര്‍വ്വതലങ്ങളിലും തുറന്നു കാട്ടുകയും പ്രതിരോധിക്കുകയും ചെയ്യുന്ന നവോത്ഥാന മുന്നേറ്റത്തിനാണ് വനിതാ മതില്‍ തിരികൊളുത്തുന്നത്. അത് സര്‍വ്വ മത വര്‍ഗീയ യാഥാസ്ഥിതിക കേന്ദ്രങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്, പ്രകോപിതരാക്കുന്നുണ്ട്.

മനുസ്മൃതിയിലും ശങ്കര സംഹിതകളിലും അഭിരമിക്കുന്ന ഹിന്ദുത്വവാദികള്‍ വനിതാ മതിലുയര്‍ത്തുന്ന ആശയ സന്ദേശത്തെ പ്രതിരോധിക്കാനാവാതെ മുസ്ലിംക്രിസ്ത്യന്‍ മതത്തിലെ സ്ത്രീവിരുദ്ധതയെ എന്തേ സിപിഐഎം എതിര്‍ക്കാത്തതെന്നൊക്കെയുള്ള വര്‍ഗീയ വിദ്വേഷ പ്രചാരണമാണ് നടത്തി കൊണ്ടിരിക്കുന്നത്. കപട പ്രശ്‌നങ്ങളുയര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നൊളിച്ചൊടുന്നവരാണല്ലോ ഫാസിസ്റ്റുകള്‍.

ചരിത്രം പറയുമ്പോള്‍ ഐതിഹ്യവും ഹിന്ദുവിനെ കുറിച്ച് പറയുമ്പോള്‍ മുസ്ലീമിനെയും ഇന്ത്യയെ കുറിച്ച് പറയുമ്പോള്‍ പാകിസ്ഥാനെയും കുറിച്ച് പറയുന്ന കുതന്ത്രമാണവരുടെ രീതിയും വഴിയും. ശബരിമലയിലെ സ്ത്രീ പ്രശ്‌നം പറയുമ്പോള്‍ മുത്തലാഖിനെ കുറിച്ചാവും ചോദിക്കുക.

മുത്തലാഖ് സ്ത്രീവിരുദ്ധവും ഇസ്ലാമിക നിയമങ്ങള്‍ക്ക് പോലും വിരുദ്ധവുമായ ഏകപക്ഷീയമായ വിവാഹമോചന രീതിയായിട്ടാണ് സിപിഐ എം കാണുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കമുള്ള പുരോഗമന സംഘടനകള്‍ അത് നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടതും സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ മുത്തലാഖ് നിരോധന വിധിയെ സ്വാഗതം ചെയ്തതുമാണ്.

മുത്തലാഖ് നിരോധിക്കാനായി ബിജെപി കൊണ്ടുവന്ന ബില്ലിനെ സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ആര്‍ജെഡി, ടിഎംസി തുടങ്ങിയ പ്രതിപക്ഷ പാര്‍ടികളും എന്‍ഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെയും പാര്‍ലമെന്റിലെതിര്‍ത്തത് അതില്‍ മുസ്ലിങ്ങളെ ലക്ഷ്യമിടുന്ന വ്യവസ്ഥകള്‍ ഉള്ളത് കൊണ്ടാണ്.

ഇന്ത്യയില്‍ വിവാഹമോചന നിയമം സിവില്‍ നിയമമാണ്. മുത്തലാഖ് നിയമത്തില്‍ ക്രിമിനല്‍ കുറ്റത്തിന് 3 വര്‍ഷം വരെ ജയിലിലടക്കാനുള്ള വ്യവസ്ഥ വെച്ചതിനെയാണ് പ്രതിപക്ഷം എതിര്‍ത്തത്. മറ്റു മതസ്ഥരുടെ വിവാഹമോചന നിയമങ്ങളിലില്ലാത്ത ക്രിമിനല്‍ കുറ്റത്തിനുള്ള വ്യവസ്ഥ ചേര്‍ക്കുക വഴി മുസ്ലിം സ്ത്രീയുടെ രക്ഷയോ ശാക്തീകരണമോ അല്ല വര്‍ഗീയ താല്പര്യത്തോടെയുള്ള മുസ്ലിം വേട്ടക്കാണ് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ നിയമം കളമൊരുക്കുക എന്ന വിമര്‍ശനമാണ് സിപിഐ എമ്മും പ്രതിപക്ഷ പാര്‍ട്ടികളും മുന്നോട്ട് വെച്ചത്.

പിന്നെ ആര്‍എസ്എസുകാര്‍ ചോദിക്കുന്നത് മറ്റു മതങ്ങളിലെ ആചാരങ്ങളെ സിപിഐ എമ്മുകാര്‍ തൊട്ടു കളിക്കുമോയെന്നാണ്. എല്ലാ മതവിഭാഗങ്ങളിലും ആരാധനാലയങ്ങളിലും പുരുഷനോടൊപ്പം സ്ത്രീക്കും ദര്‍ശന സ്വാതന്ത്ര്യം വേണമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിന് രണ്ടഭിപ്രായമില്ല.

ശബരിമലയില്‍ മാത്രമല്ല മുംബൈയിലെ ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശാനുമതി നല്‍കി കൊണ്ടുള്ള കോടതി വിധിയുണ്ട്. ഹാജി അലി ദര്‍ഗയില്‍ കോടതി വിധിയനുസരിച്ച് സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ട്. സിഗ്‌നാപൂരിലെ ശനിക്ഷേത്രത്തിലും കോടതി വിധിയനുസരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് ദര്‍ഗയിലും ശനിക്ഷേത്രത്തിലും കോടതി വിധി നടപ്പാക്കിയത്. മഹാരാഷ്ട്രയില്‍ കോടതി വിധി നടപ്പാക്കുന്ന അതേ പാര്‍ടിക്കാരാണ് കേരളത്തില്‍ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ കലാപമുണ്ടാക്കുന്നതെന്നത് അവരുടെ ഇരട്ടത്താപ്പും രാഷ്ട്രീയ തട്ടിപ്പുമാണെന്ന കാര്യം തിരിച്ചറിയേണ്ടതുണ്ട്.

മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിലും ആചാരങ്ങളിലും മാറ്റമുണ്ടാക്കാന്‍ ഇടതുപക്ഷത്തിന് ധൈര്യമുണ്ടോയെന്നൊക്കെ ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സംഘികള്‍ ചോദിക്കുന്നത് അവരുടെ കറകളഞ്ഞ വര്‍ഗീയതയും നുണപ്രചാരണവും മാത്രമാണെന്ന കാര്യം എല്ലാവരും ഇന്ന് തിരിച്ചറിയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News