ലോക്‌സഭയിൽ മുത്തലാഖ് നിരോധനബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കാതെ മുസ്ലിംലീഗ‌് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി വിദേശ വ്യവസായിയുടെ മകന്റെ വിവാഹവിരുന്നിനുപോയത‌് വിവാദത്തിൽ.

ലീ​ഗിനൊപ്പമുള്ള സമുദായ സംഘടനകൾപോലും ഇതിനെതിരെ രംഗത്തെത്തിയതോടെ ഇരട്ടത്താപ്പ‌് വിശദീകരിക്കാനാകാതെ കുഞ്ഞാലിക്കുട്ടിയും നേതൃത്വവും വെട്ടിലായി.

ലീഗിന്റെ മറ്റൊരു എംപിയായ ഇ ടി മുഹമ്മദ‌് ബഷീർ വ്യാഴാഴ‌്ച ചർച്ചയിൽ പങ്കെടുത്ത‌് ബില്ലിനെതിരെ വോട്ടുചെയ‌്തിരുന്നു.

ബില്ലിന്മേലുള്ള ചർച്ചനടക്കുമ്പോൾ കുഞ്ഞാലിക്കുട്ടി മലപ്പുറം കൽപ്പകഞ്ചേരിയിൽ സുഹൃത്തിന്റെ മകന്റെ വിവാഹ സൽക്കാരത്തിലായിരുന്നു.

അതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ‌്. നേരത്തെ ഉപരാഷ‌്ട്രപതി തെരഞ്ഞെടുപ്പിലും പ്രതിപക്ഷ സ്ഥാനാർഥിക്ക‌് വോട്ടുചെയ്യാതെ ലീഗ‌് എംപിമാർ വിട്ടുനിന്നിരുന്നു.

ഗാന്ധിജിയുടെ ചെറുമകൻ സ്ഥാനാർഥിയായിട്ടും വോട്ടുചെയ്യാതെ മുങ്ങി. അന്നുയർന്ന പ്രതിഷേധത്തിന‌് വിലകൽപ്പിക്കാതെയാണ‌് മുത്തലാഖ് ബില്ലിന്റെ ചർച്ചയിൽനിന്നുള്ള മാറിനിൽക്കൽ. ബില്ല‌് മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മുമ്പ‌് പറഞ്ഞിരുന്നത‌്.

അതിനിടെ, ബില്ലിന്മേലുള്ള വോട്ടെടുപ്പ‌് ബഹിഷ‌്ക്കരിക്കാനാണ‌് തീരുമാനമെന്ന‌് കുഞ്ഞാലിക്കുട്ടി നിലപാട് എടുത്തത്‌ ലീ​ഗിനെ ഊരാക്കുടുക്കിലായി.

എം കെ മുനീർ എംഎൽഎയും സമാന നിലപാടെടുത്തു. പ്രതിപക്ഷത്ത് കോൺഗ്രസും തൃണമൂലും എഐഎഡിഎംകെയും വോട്ടെടുപ്പ‌് ബഹിഷ‌്ക്കരിച്ചിരുന്നു.

സിപിഐ എം അടക്കമുള്ള മറ്റ് പ്രതിപക്ഷ കക്ഷികൾക്കൊപ്പമാണ‌് ഇ ടി മുഹമ്മദ‌് ബഷീർ ബില്ലിനെതിരെ വോട്ടുചെയ‌്തത‌്.

തന്റെ അറിവോടെയാണ് ഇ ടി വോട്ടുചെയ്തതെന്ന‌് പിന്നീട‌് കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട‌് കുഞ്ഞാലിക്കുട്ടിതന്നെ വിശദീകരിക്കും എന്നുപറഞ്ഞ‌് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ‌് തലയൂരി.

മുസ്ലിംസ‌്ത്രീകളുടെ സംരക്ഷണത്തിനെന്ന പേരില്‍ ആർഎസ‌്എസിന്റെ മുസ്ലിംവിരുദ്ധ അജൻഡയാണ് മുത്തലാഖ് ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

മുത്തലാഖ് ബില്ല‌് നേരത്തെ ലോക്‌സഭ പാസ്സാക്കിയ ദിവസവും കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ എത്തിയിരുന്നില്ല.

സമുദായത്തിന്റെ രക്ഷകരെന്ന‌് മേനിനടിക്കുന്ന ലീഗിന്റെ നേതാവ‌് ലോക‌്സഭയിലെത്താതെ സംഘപരിവാറിനുവേണ്ടി ഒളിച്ചുകളിച്ചുവെന്നാണ‌് അണികളുടെ ആക്ഷേപം. കുഞ്ഞാലിക്കുട്ടി പാർലമെന്റ‌് സമ്മേളനങ്ങളിൽ പോകുന്നില്ലെന്ന പരാതി പാർടിക്കുള്ളിൽ നേരത്തെയുണ്ട‌്.