മുത്തലാഖ് ബില്‍ രാജ്യസഭ തിങ്കളാഴ്ച പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ പാസാകാന്‍ വിദൂര സാധ്യതയേയുള്ളൂ.

ബില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ച് നീങ്ങും. സഭ ചേരും മുന്‍പ് വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ യോഗം ചേരുന്നുണ്ട്.

രാജ്യസഭ പരിഗണിക്കുന്നതിന് മുന്‍പ് ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രാജ്യസഭയില്‍ നോട്ടീസ് നല്‍കി.

ലോക്‌സഭയില്‍ ഈസി വാക്കോവര്‍ ലഭിച്ച മുത്തലാഖ് ബില്‍ തിങ്കളാഴ്ചയാണ് രാജ്യസഭയിലെത്തുക.

ബില്‍ രാജ്യസഭ കടത്താന്‍ കേന്ദ്രത്തിന് പ്രതിസന്ധികളുണ്ട്. കേന്ദ്രസര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം രാജ്യസഭയില്‍ ഇപ്പോള്‍ ഇല്ല.

എന്‍ഡിഎ 93, യുപിഎ 123,മറ്റുള്ളവര്‍ 39 ഇതാണ് രാജ്യസഭയിലെ ബലാബലത്തിന്റെ കണക്ക്. ഈ സാഹചര്യത്തില്‍ ബില്‍ പാസാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മറ്റ് പാര്‍ട്ടികളുടെ സഹകരണം വേണം.

ബിജെഡി, അണ്ണാ ഡിഎംകെ എന്നീ പാര്‍ട്ടികള്‍ ലോക്‌സഭയിലെ സമീപനം തന്നെ തുടരാനാണ് സാധ്യത.തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെതിരായ നിലപാടിലാണ്.

ഈ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 35 എംപിമാരുണ്ട്. പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് ബില്ലിനെതിരെയുള്ള ഈ പാര്‍ട്ടികളുടെ നിലപാട്.

ഈ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലുണ്ടായ പോലെ പ്രതിപക്ഷത്ത് ചേരി തിരിവുണ്ടായാല്‍ മാത്രമേ ബില്‍ പാസാകാന്‍ സാധ്യതയുള്ളൂ.

അതേസമയം രാജ്യസഭയില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്.

ബില്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും സഭയില്‍ ഉന്നയിക്കും.

ഇതിനിടെ ബില്‍ രാജ്യസഭ പരിഗണിക്കുന്നതിന് മുന്‍പ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപിമാര്‍ രംഗത്തെത്തി.

ഇക്കാര്യമാവശ്യപ്പെട്ട് എംപിമാര്‍ രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് നോട്ടീസ് നല്‍കിയിട്ടുണ്ട്