നവോത്ഥാനത്തെ വെറുക്കുന്ന ശക്തിയാണ് ബിജെപി; ഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും കൂടിക്കാഴ്ച ചിത്രീകരിക്കുന്ന ഫ്‌ളോട്ട് വിലക്കിയത് ഒടുവിലത്തെ ഉദാഹരണമാണെന്ന് കോടിയേരി

ദേശാഭിമാനിയിലെ നേര്‍വഴി പംക്തിയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

പുതുവര്‍ഷത്തില്‍ കേരളത്തിലുയരുന്ന വനിതാമതില്‍ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ ദേശീയമായിത്തന്നെ ചലനം സൃഷ്ടിക്കുന്നതാകും. നവോത്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിലൊന്നാണ് സ്ത്രീ പുരുഷ സമത്വം.

സ്ത്രീപദവി സാമൂഹ്യജീവിതത്തിലും സാംസ്‌കാരികരംഗത്തും മാത്രമല്ല, ഭരണ രാഷ്ട്രീയതലങ്ങളിലും ഉറപ്പിക്കാനുള്ള പ്രേരണ ഇത് നല്‍കും. 50 ശതമാനം സീറ്റ് പ്രദേശികഭരണത്തില്‍ സ്ത്രീകള്‍ക്കുറപ്പിച്ചത് കേരളമാണ്. 33 ശതമാനം സംവരണം സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും ലഭിക്കുന്നതിനുള്ള ബില്‍ ഇതുവരെ പാസായിട്ടില്ല.

നിയമനിര്‍മാണ സഭകളില്‍ സ്ത്രീസംവരണത്തിന് അനുകൂലമാണെന്ന് അവകാശപ്പെടുന്ന ബിജെപി കേന്ദ്രത്തില്‍ ഭരണത്തില്‍വന്ന് അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുകയാണെങ്കിലും വഞ്ചന കാട്ടി. ഇത്തരം വഞ്ചനകള്‍ക്കെതിരായി ഉയരുന്ന സ്ത്രീശക്തിയുടെ വികാരംകൂടിയാകും വനിതാമതില്‍.

ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം 40 ലക്ഷം വനിതകള്‍ മതില്‍ തീര്‍ക്കാനെത്തും. ഓരോ മണിക്കൂറിലും പിന്തുണ വര്‍ധിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ 50 ലക്ഷം വനിതകളെങ്കിലും പങ്കെടുക്കും. ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ ഇതിനായി ബുക്ക് ചെയ്തുകഴിഞ്ഞു. സ്വന്തം വാഹനങ്ങളില്‍ ആളുകളുമായി എത്താനും നിശ്ചയിച്ചിട്ടുണ്ട്. കാല്‍നടയായി എത്തുന്നവരുടെ എണ്ണവും ചെറുതല്ല.

ജനുവരി ഒന്നിന് വൈകിട്ട് നാലിന് അരക്കോടി സ്ത്രീകള്‍ അണിനിരക്കുമ്പോള്‍, ഇത്രയധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ലോകത്തെതന്നെ ആദ്യത്തെ സംഭവമാകും. ഇതിന്റെ വിജയം ഉറപ്പായതോടെ പല കേന്ദ്രങ്ങളും വിറളിയിലാണ്. അവര്‍ മതിലിനെ വികൃതവല്‍ക്കരിക്കാനുള്ള കുത്സിതശ്രമങ്ങള്‍ തുടരുകയാണ്.

വര്‍ഗീയതയുടെയും ജാതീയതയുടെയും പ്രതലത്തില്‍ കാലുറപ്പിച്ചവര്‍

വനിതാമതില്‍ ഒരു കക്ഷിരാഷ്ട്രീയമോ ജാതിമത വിഷയമോ അല്ല. ഇതില്‍ തെളിയുന്നത് നവോത്ഥാനമൂല്യങ്ങളാണ്.

ആ അര്‍ഥത്തില്‍ ഇതൊരു രാഷ്ട്രീയശക്തി കൂടിയാണ്. സ്വാതന്ത്ര്യസമര കാലയളവില്‍ സാമൂഹ്യസാംസ്‌കാരിക ഭേദമെന്യേ ജനങ്ങളെ ഒന്നിപ്പിക്കാന്‍ സ്വാതന്ത്ര്യസമരനേതാക്കള്‍ ശ്രമിച്ചപ്പോള്‍ ഹിന്ദുക്കളെ മുസ്ലിങ്ങള്‍ക്കെതിരായും ക്രിസ്ത്യാനികളെ മുസ്ലിങ്ങള്‍ക്കെതിരായും ഉയര്‍ന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാര്‍ക്കെതിരായും തിരിച്ചുവിടുന്ന പണി ബ്രിട്ടീഷ് ഭരണക്കാര്‍ ചെയ്തു.

ആ ബ്രിട്ടീഷ് തന്ത്രം വനിതാമതിലിനെതിരെ ഉപയോഗിക്കുന്നതില്‍ യുഡിഎഫും ആര്‍എസ്എസും യോജിച്ചിരിക്കുന്നു. ഈ രണ്ട് കൂട്ടരും വര്‍ഗീയതയുടെയും ജാതീയതയുടെയും പ്രതലത്തില്‍ കാലുറപ്പിച്ചാണ് മതില്‍ പൊളിക്കാന്‍ കിണഞ്ഞ് നോക്കുന്നത്. ഇതില്‍ പിണറായി വിജയന്‍ സര്‍ക്കാരിനും എല്‍ഡിഎഫിനുമെതിരെയുള്ള രാഷ്ട്രീയലാക്കുമുണ്ട്.

ഹിന്ദുമതിലെന്ന് യുഡിഎഫും ഹിന്ദു വിരുദ്ധ മതിലെന്ന് ആര്‍എസ്എസും ബിജെപിയും ഒരേവേളയില്‍ ആക്ഷേപിക്കുന്നു. യഥാര്‍ഥത്തില്‍ ഉയരാന്‍പോകുന്നത് മതനിരപേക്ഷ മതിലാണ്. ഇക്കാര്യം ഞങ്ങളെല്ലാം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പാടിയ പാട്ട് നിര്‍ത്താന്‍ വിരുദ്ധര്‍ തയ്യാറല്ല.

മതാധിഷ്ഠിത വര്‍ഗീയരാഷ്ട്രീയം വിളമ്പുന്നതില്‍ മുസ്ലിംലീഗും കോണ്‍ഗ്രസിന്റെ കേരളഘടകവും സംഘപരിവാറുമായി മത്സരത്തിലാണ്.

നവോത്ഥാനചരിത്രത്തിലെ അഹിന്ദുക്കളുടെ പങ്കാളിത്തം വനിതാമതില്‍ സ്രഷ്ടാക്കള്‍ വിസ്മരിക്കുന്നുവെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നു. നവോത്ഥാനത്തിലെ ഹിന്ദുപരിഷ്‌കരണത്തെ ആസ്പദമാക്കിയാണ് വനിതാമതിലെന്നാണ് യുഡിഎഫ് അഭിപ്രായം. ഇത് തികച്ചും അവാസ്തവമാണ്.

ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമി, വൈകുണ്ഠസ്വാമി തുടങ്ങിയ നവോത്ഥാന നായകര്‍ കേരളത്തിന്റെ പൊതുസ്വത്താണ്. അവരെ ജാതിയുടെയോ മതത്തിന്റെയോ കള്ളിയില്‍ അടയ്ക്കാന്‍നോക്കുന്നത് പിന്തിരിപ്പന്‍ നടപടിയാണ്. അതിനപ്പുറം അത് ചരിത്രനിഷേധമാണ്.

ശ്രീനാരായണഗുരുവിന്റെ നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വനിതാമതിലില്‍ പങ്കെടുക്കുക എന്ന ആഹ്വാനം മുഴങ്ങുന്നുണ്ട്. ഇത് കേട്ടിട്ട് വനിതാമതില്‍ ‘ഹിന്ദു പരിഷ്‌കരണ’മാണെന്ന് മുദ്രകുത്തുന്നത് കേരളത്തിന്റെ നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ ഇകഴ്ത്തുന്നതും തരംതാഴ്ത്തുന്നതുമാണ്.

നവോത്ഥാന വീണ്ടെടുപ്പിനുള്ള വനിതാമതില്‍ ക്രൈസ്തവ ഇസ്ലാമിക ഭൂത വര്‍ത്തമാനകാല ചലനങ്ങള്‍ അടക്കം ഉള്‍ക്കൊള്ളുന്നതാണ്.

കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ശക്തിപ്പെട്ടതാണ് നവോത്ഥാനം. എന്നാല്‍, യൂറോപ്പിന്റെ ചരിത്രത്തില്‍ 14, 15 നൂറ്റാണ്ടുകളില്‍ ആരംഭിച്ച് 18ാം നൂറ്റാണ്ടില്‍ പ്രബലമായ പ്രസ്ഥാനമാണ്.

അതുകൊണ്ടുതന്നെ നവോത്ഥാനമൂല്യങ്ങള്‍ കേരളത്തിലെത്തിച്ചതില്‍ ബ്രിട്ടീഷുകാര്‍ക്കും ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കും വലിയ പങ്കുണ്ട്. കേരളീയജീവിതത്തിന്റെ എല്ലാ വശങ്ങളിലും ന്യൂനപക്ഷങ്ങള്‍ നല്‍കിയ സംഭാവനയെ, ഭൂരിപക്ഷവിഭാഗത്തില്‍നിന്നുണ്ടായ സംഭാവനയെപ്പോലെതന്നെ ഇടതുപക്ഷം അംഗീകരിക്കുന്നു. ഇതിലൂന്നിനിന്നാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മലബാറില്‍ നടന്ന ‘മാപ്പിള ലഹള’യെപ്പറ്റിയുള്ള ഔപചാരിക ചരിത്രപഠനം തിരുത്തിക്കുറിച്ചത് ഇ എം എസും കമ്യൂണിസ്റ്റ് നേതാക്കളുമാണ്. അത് ലീഗ് നേതാവ് എം കെ മുനീറിനെ പോലുള്ളവര്‍ക്ക് അറിയില്ലെങ്കിലും ചരിത്രമറിയുന്ന മുസ്ലിംസമുദായത്തിലെ അംഗങ്ങള്‍ മനസ്സിലാക്കും.

മലബാര്‍ കലാപത്തെ വര്‍ഗീയ ലഹളയായി ചരിത്രകാരന്മാരടക്കം വിലയിരുത്തിയപ്പോള്‍ അത് ജന്മിത്തവിരുദ്ധ ബ്രിട്ടീഷ് വിരുദ്ധ കര്‍ഷക കലാപം ആയിരുന്നുവെന്നും അവസാനഘട്ടത്തില്‍ വര്‍ഗീയതയില്‍ വഴുതിവീണതാണെന്നും ഇ എം എസ് രേഖപ്പെടുത്തി.

അതുപ്രകാരം ദേശാഭിമാനിയില്‍ ‘ആഹ്വാനവും താക്കീതും’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ മുഖപ്രസംഗത്തെത്തുടര്‍ന്ന് ദേശാഭിമാനി ദിനപത്രം ബ്രിട്ടീഷ് ഭരണം നിരോധിച്ചുവെന്നതും വിസ്മരിക്കാവുന്ന ഏടല്ല. കലാപത്തിന് കാരണം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ സാമ്പത്തികനയങ്ങളും ജന്മിനാടുവാഴി ഭരണത്തിന്റെ മനുഷ്യത്വവിരുദ്ധമായ നിലപാടുകളുമാണെന്ന് ഇ എം എസ് കുറിച്ചു.

ഇങ്ങനെ മലബാറിലെ മുസ്ലിങ്ങള്‍ നേതൃപരമായ പങ്കുവഹിച്ച കലാപങ്ങളെ വര്‍ഗീയലഹളയായി മുദ്രകുത്തി മാറ്റിനിര്‍ത്തിയപ്പോള്‍, സാമ്രാജ്യത്വ പക്ഷപാതങ്ങളെയും വര്‍ഗീയതയെയും മറികടന്ന് കാര്‍ഷിക കലാപത്തിന്റെ മഹനീയതലത്തില്‍ മലബാര്‍ കലാപത്തെ എത്തിക്കുകയാണ് ഇ എം എസ് ചെയ്തത്.

നവോത്ഥാനത്തെ ഉത്തേജിപ്പിച്ചവര്‍

മാപ്പിളമുന്നേറ്റത്തിന്റെ ചാലകശക്തികളായി മാറിയ ബുദ്ധിജീവികളില്‍ പ്രമുഖരായ വെളിയംകോട് ഉമര്‍ ഖാസി, സെയ്ദ് അലവി തങ്ങള്‍, അദ്ദേഹത്തിന്റെ മകന്‍ മമ്പുറം സെയ്ദ് ഫസല്‍ പൂക്കോയ തങ്ങള്‍, സെയ്ദ് സനാ ഉല്ലാ മക്തി തങ്ങള്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളും മതപഠനങ്ങളും മാപ്പിളമാരുടെ മതസാംസ്‌കാരിക ജീവിതത്തെ വല്ലാതെ സ്വാധീനിച്ചു. മക്തി തങ്ങള്‍ ഒരു യാഥാസ്ഥിതിക മുസ്ലിമായിരുന്നില്ല. പരിഷ്‌കരണവാദിയായിരുന്നു. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണമെന്ന് അദ്ദേഹം വാദിച്ചു. ഇംഗ്ലീഷിനെ നരകഭാഷയായി കണ്ട കാലമായിരുന്നു അത്.

അന്ന് ഇംഗ്ലീഷും മലയാളവും പഠിക്കാനുള്ള മാപ്പിളമാരുടെ വിരക്തിയെ അപലപിച്ചു. അറബി മലയാളത്തെ പരിഷ്‌കരിക്കുകയും ലളിതവല്‍ക്കരിക്കുകയും ചെയ്തു. പരിഷ്‌കരിച്ച ലിഖിതങ്ങള്‍ പ്രചാരത്തിലാക്കാന്‍ മുഅല്ലി ഉല്‍ ഇഖ്വാന്‍ എന്ന ഗ്രന്ഥം മക്തി തങ്ങള്‍ രചിച്ചു. 19ാം നൂറ്റാണ്ടിലെ മാപ്പിളമുന്നേറ്റത്തില്‍ ഇവരുടെയെല്ലാം പങ്ക് വലുതാണ്.

കേരളത്തെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലെത്തിക്കാന്‍ ഇവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായി. മുസ്ലിംലീഗിന്റെയും കോണ്‍ഗ്രസിന്റെയുമെല്ലാം നേതാക്കള്‍ വനിതാമതിലിനെപ്പറ്റി എന്തെല്ലാം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കമ്യൂണിസ്റ്റ് വിരുദ്ധരുടെ മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകളില്‍ പ്രതിഫലിക്കുന്ന പ്രതിച്ഛായയാകില്ല വനിതാമതിലിന്. അതില്‍ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകള്‍ അണിനിരക്കും. അത് കാണുമ്പോഴെങ്കിലും തങ്ങള്‍ നടത്തിയ പൊള്ളത്തരത്തിന് മാപ്പ് ചോദിക്കാന്‍ തയ്യാറാകുമോ എന്തോ.

ഹിന്ദുവിഭാഗങ്ങളില്‍ നിന്നുമാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലും നവോത്ഥാനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച കവികളും സാഹിത്യകാരന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും കേരളത്തിലുണ്ട്. ചാവറയച്ചനെ പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ ക്രിസ്ത്യന്‍ വിഭാഗത്തിലെ പ്രവര്‍ത്തനം പ്രധാനമാണ്.

പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കാന്‍ മാത്രമല്ല, അവിടങ്ങളില്‍ ഉച്ചഭക്ഷണം കൊടുക്കാനും ചാവറയച്ചന്‍ നേതൃത്വം നല്‍കി. പൊയ്കയില്‍ യോഹന്നാനെപ്പോലുള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ നിര വേറെയുമുണ്ട്. ശ്രീ യേശുവിജയം മഹാകാവ്യത്തിന്റെ കര്‍ത്താവായ കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള, ചന്തുമേനോന്റെ പൂര്‍ത്തിയാകാത്ത ‘ശാരദ’ പൂര്‍ത്തിയാക്കിയ ശ്രീ അന്തപ്പായി തുടങ്ങിയവരും അനേകം ദിനപത്രങ്ങളുടെ ഉടമകളും പത്രാധിപരും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളവരായിരുന്നു.

പൊന്‍കുന്നം വര്‍ക്കി, ജോസഫ് മുണ്ടശ്ശേരി, എം പി പോള്‍ തുടങ്ങിയ എത്രയോ സാഹിത്യകാരന്മാരെയും വിമര്‍ശകരെയും ജന്മം നല്‍കി ക്രൈസ്തവ സമുദായം.

മാപ്പിളപ്രസ്ഥാനത്തിന്റെ ജനയിതാവ് മോയിന്‍കുട്ടി വൈദ്യര്‍, ‘ഐക്യം’ പ്രതിവാര പത്രത്തിന്റെ പത്രാധിപരായ സീതി സാഹിബ്, ‘അല്‍ അമീന്‍’ സ്ഥാപക പത്രാധിപരായിരുന്ന അബ്ദുള്‍ റഹ്മാന്‍, ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെല്ലാം സമുദായത്തിനും രാജ്യത്തിനുമെന്നപോലെ സാഹിത്യത്തിനും പത്രപ്രവര്‍ത്തനത്തിനും നല്‍കിയ സേവനം മറക്കാവുന്നതല്ല.

നവോത്ഥാനത്തെ ഉത്തേജിപ്പിച്ച എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും സംഭാവന വിസ്മരിക്കാതെയാണ് വനിതാമതില്‍ ഉയരുന്നത്. എന്നാല്‍, നവോത്ഥാനത്തെയും അതിന്റെ നായകരെയും വെറുക്കുന്ന ശക്തിയാണ് ബിജെപിയും ആര്‍എസ്എസും നയിക്കുന്ന ഇന്നത്തെ കേന്ദ്ര സര്‍ക്കാരെന്ന് അനുദിനം പുറത്തുവരുന്ന ഭരണനടപടികള്‍ വ്യക്തമാക്കുന്നു.

അയിത്തത്തിനെതിരായ വൈക്കം സത്യഗ്രഹവും അതിനെ പിന്തുണച്ച മഹാത്മാഗാന്ധിയുടെയും ശ്രീനാരായണഗുരുവിന്റെയും കൂടിക്കാഴ്ചയും ചിത്രീകരിക്കുന്ന കേരള സര്‍ക്കാരിന്റെ ഫ്‌ളോട്ടിന് റിപ്പബ്ലിക്‌ഡേ പരേഡില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത് ഒടുവിലത്തെ ഉദാഹരണമാണ്.

കേന്ദ്ര സര്‍ക്കാര്‍ നടപടി നവോത്ഥാനപ്രസ്ഥാനത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തെ പുറകോട്ടുനയിക്കുന്ന നവോത്ഥാനവിരുദ്ധരായ സംഘപരിവാറുമായി കൂട്ടുചേര്‍ന്ന് സങ്കുചിത രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യുഡിഎഫ് വനിതാമതിലിനെ എതിര്‍ക്കുന്നത്. വനിതാമതില്‍ ചരിത്രത്തിലെ പ്രധാന സംഭവമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News