കയ്യൂര്‍ സ്വപ്നവും വെല്ലുവിളിയും; പൂര്‍ത്തിയാക്കാനാവാതെ മൃണാള്‍ ദാ യാത്രയായി

2009 ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യാതിഥി മൃണാള്‍ സെന്നായിരുന്നു. മൃണാള്‍ ദാ കേരളത്തിലേക്ക് ഏറ്റവും ഒടുവിലായി വന്ന യാത്രയായിരുന്നു അത്. എഴുപതുകളില്‍ കയ്യൂര്‍ സമരം സിനിമയാക്കാനുള്ള മോഹമായി പലതവണ മൃണാള്‍ സെന്‍ വടക്കേ മലബാറില്‍ സഞ്ചരിച്ചിരുന്നു. 2009ല്‍ വന്നപ്പോഴും പൂര്‍ത്തിയാകാത്ത ആ സ്വപ്നത്തെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

മൃണാള്‍ സെന്നിനെ അന്ന് ഇന്റര്‍വ്യൂ ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ ബിജു മുത്തത്തി ആ അനുഭവം ഫേസ് ബുക്കില്‍ എഴുതിയത് ചുവടെ വായിക്കാം:

അമര്‍_ഭുവന്‍

റായിയെയും ഘട്ടക്കിനെയും സെന്നിനെയുമൊക്കെ കണ്ടു, തൊട്ടു, കൈ കൊടുത്തു, എന്നൊക്കെ ഞങ്ങളുടെ മുന്‍ തലമുറ പറയുന്നത് കേള്‍ക്കുമ്പോള്‍ പണ്ട് ഗാന്ധിയെ കണ്ടവരോടെന്ന പോലെ ആരാധന തോന്നാറുണ്ട്. അപ്പോഴൊക്കെ കോക്തുവിന്റെ സിനിമയിലേത് പോലെ കാലത്തെ ഒരു ക്ലോക്കിലേത് പോലെ പിന്നോട്ട് തിരിക്കാന്‍ കൊതിച്ചു പോവും. എന്നാല്‍ അങ്ങനെ തിരിക്കാതെ തന്നെ ഒരു കാലഘട്ടം മുന്നില്‍ വന്നു നിന്നത് 2009 ലാണ്. ആധുനിക ഇന്ത്യന്‍ ഇതിഹാസങ്ങളായ റായ് ഘട്ടക്ക് സെന്‍ ത്രിത്വത്തില്‍ നിന്ന് പഴയ കല്‍ക്കത്തയുടെ പ്രൗഡിയോടെ പ്രിയപ്പെട്ട മൃണാള്‍ ദാ! അഭിമുഖത്തിന്റെ മഹിമയേക്കാള്‍ സെന്നിനെ അഭിമുഖം ചെയ്തിട്ടുണ്ടെന്ന് വരും കാലത്തോട് പറയാന്‍ ഇങ്ങനെയൊരു ഓര്‍മ്മച്ചിത്രം കിട്ടിയതിന്റെ ആഹ്ലാദമാണ് വ്യക്തിപരമായി അനുഭവിച്ചത്. പഴയ ആര്‍ക്കൈവ് ടാപ്പുകള്‍ ചതിച്ചില്ലെങ്കില്‍ ദൃശ്യങ്ങളും കിട്ടും.

1970 കളില്‍ സെന്നിന് നമ്മുടെ പയ്യന്നൂരില്‍ സ്വീകരണം നല്‍കിയിരുന്നു. അദ്ദേഹം കയ്യൂരിനെക്കുറിച്ചുള്ള സിനിമാ മോഹവുമായി വന്ന കാലത്ത്. ചിത്തപ്രസാദ് ഭട്ടാചാര്യയുടെ ചിത്രങ്ങള്‍ പോലെ നമ്മുടെ കര്‍ഷക സമരങ്ങളെക്കുറിച്ച് ഒരു ചലച്ചിത്രം, അതും നമുക്ക് മനസ്സടുപ്പവും രാഷ്ട്രീയടുപ്പവുമുള്ള മൃണാള്‍ ദായിലൂടെ എന്നത്, നമ്മുടെ പഴയ നേതാക്കളുടെ ആഗ്രഹമായിരുന്നു. ജനശക്തി എന്നൊരു ഫിലിം പ്രസ്ഥാനവും അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായിരുന്നു. അതെല്ലാം ചരിത്രവും ഐതിഹ്യവുമായി കാറ്റിലലിഞ്ഞെങ്കിലും കയ്യൂര്‍ ഒരു സ്വപനമായി തന്നെ അവശേഷിക്കുന്നുവെന്നാണ് ദാ അഭിമുഖത്തില്‍ പറഞ്ഞത്. ‘കയ്യൂര്‍ ഒരു വെല്ലുവിളിയായിരുന്നു’ എന്നാണ് അത് പൂര്‍ത്തിയാകാഞ്ഞതെന്തേ എന്ന ചോദ്യത്തിന് സെന്നിന്റെ ഒരേയൊരു ഉത്തരം.

എന്തായിരുന്നു ആ വെല്ലുവിളി? പില്‍ക്കാലത്ത് ജോണ്‍ എബ്രഹാമിനും എടുക്കാനാവാതെ പോയ കയ്യൂര്‍ ഗാഥയുടെ വെല്ലുവിളി എന്താണ്?

പിന്നീട് ലെനിന്‍ രാജേന്ദ്രന്‍ വളരെ ഈസിയായെടുത്ത ചിത്രത്തില്‍ എത്ര മാത്രം കയ്യൂരുണ്ട്?

മൃണാള്‍ ദാ മണ്ണാകുമ്പോള്‍, ഇന്ത്യന്‍ സിനിമയുടെ ഏറ്റവും ഉജ്ജ്വലമായ ഒരു കാലഘട്ടം അവസാനിക്കുമ്പോള്‍, ഇങ്ങനെ ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News