മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ പരാജയപ്പെടുത്താന്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍. കേന്ദ്രസര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍  ബില്‍ പാസാകില്ല.  ബില്‍ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരും.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ‌് അവഗണിച്ച‌് ലോക‌്സഭ പാസാക്കിയ മുത്തലാഖ‌് നിരോധന ബിൽ തിങ്കളാഴ‌്ച രാജ്യസഭ പരിഗണിക്കും. ബിജെപിയും കോൺഗ്രസും എല്ലാ അംഗങ്ങളും സഭയിൽ ഹാജരാകണമെന്ന‌് ആവശ്യപ്പെട്ട‌് ഞായറാഴ‌്ച വിപ്പു നൽകി.

വലിയ ഒറ്റകക്ഷിയാണെങ്കിലും സഭയിൽ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക‌് പൊതു തെരഞ്ഞെടുപ്പുവരെ വിഷയം സജീവമാക്കി നിർത്തുക എന്ന ലക്ഷ്യമാണുള്ളത‌്. ഭൂരിപക്ഷം ഉപയോഗിച്ച‌് കേന്ദ്ര സർക്കാർ ലോക‌്സഭയിൽ പാസാക്കിയ ബിൽ രാജ്യസഭയിൽ ശക്തമായി എതിർക്കുമെന്ന‌് പ്രതിപക്ഷം വ്യക്തമാക്കി. രാജ്യസഭയിൽ നിലവിലുള്ള മുത്തലാഖ് ബിൽ പിൻവലിക്കാതെ പുതിയ ബിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ‌് കേന്ദ്രസർക്കാർ നടത്തുന്നത‌്.

ഇതിനെയും പ്രതിപക്ഷം ചോദ്യം ചെയ്യും. കഴിഞ്ഞ തവണ ലോക‌്സഭ പാസാക്കിയ മുത്തലാഖ് ബിൽ രാജ്യസഭ ചർച്ച ചെയ‌്തങ്കിലും പരാജയം ഉറപ്പായതിനാൽ സർക്കാർ വോട്ടിങ്ങിലേക്ക‌് പോയിരുന്നില്ല. രാജ്യസഭയിൽ ഇത്തവണയും ബിൽ പാസാക്കാനുള്ള അംഗസംഖ്യ ബിജെപിക്ക‌് ഇല്ല. ശിവസേനയുടെയും അകാലിദളിന്റെയും പിന്തുണയാണുള്ളത‌്.

ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ഭേദഗതി പ്രമേയങ്ങൾ അവതരിപ്പിക്കും. പുതിയ ബില്ലും ഓർഡിനൻസും തള്ളിക്കളയണമെന്ന‌് ആവശ്യപ്പെടും. പഴയ ബിൽ പിൻവലിക്കാനുള്ള പ്രമേയം കൊണ്ടുവന്നാൽ അത‌് പരാജയപ്പെടുത്താനും പഴയ ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ പ്രമേയങ്ങൾ ചർച്ചയിലെത്തിക്കാനുമാകും.

പുതിയ ബിൽ പരിഗണിക്കാൻ കഴിയാത്ത സ്ഥിതിയാകും ഇത‌് സൃഷ‌്ടിക്കുക. ‌എന്നാൽ രാജ്യസഭയുടെ നാളത്തെ അജൻഡയിൽ നിയമമന്ത്രി രവിശങ്കർ പ്രസാദ‌് ബിൽ അവതരിപ്പിക്കുമെന്ന‌് മാത്രമാണുള്ളത‌്. പഴയ ബിൽ പിൻവലിക്കാതെ തന്നെ പുതിയ ബിൽ അവതരിപ്പിക്കാനുള്ള ശ്രമമാകും ഉണ്ടാവുക.

വിവേചനപരമായ മുത്തലാഖ‌് നിരോധന ബിൽ അംഗീകരിക്കില്ലെന്ന‌് കോൺഗ്രസ‌് ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച‌് ഭൂരിപക്ഷവിധിയുടെ അടിസ്ഥാനത്തിൽ മുത്തലാഖ‌് നിയമവിരുദ്ധമാക്കിയ സാഹചര്യത്തിൽ ഈ ബിൽ അപ്രസക്തമാണെന്നും വിവേചനപരമാണെന്നും സിപിഐ എമ്മും വ്യക്തമാക്കി.

മുത്തലാഖ‌് ബിൽ പാസാക്കുന്നതിനുമുമ്പ‌് വിശദമായ ചർച്ച ആവശ്യമായതിനാൽ സെലക‌്റ്റ‌് കമ്മറ്റിയുടെ പരിഗണനയ‌്ക്ക‌് വിടണമെന്ന‌്‌ ഇടത‌് എംപിമാർ ആവശ്യപ്പെട്ടു. ഇത‌് ചൂണ്ടിക്കാട്ടി എളമരം കരിം, കെ സോമപ്രസാദ‌്, ബിനോയ‌് വിശ്വം എന്നിവർ ശനിയാഴ‌്ച രാജ്യസഭാ ചെയർമാന‌് കത്ത‌് നൽകിയിരുന്നു.

മുത്തലാഖിനെ എതിർക്കുന്നുവെന്നും എന്നാൽ, അതിന്റെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തുന്നതും കഠിനമായ ജാമ്യവ്യവസ്ഥകൾ ഉൾക്കൊള്ളിച്ചതും അംഗീകരിക്കില്ലെന്നുമാണ‌് പ്രതിപക്ഷത്തിന്റെ നിലപാട‌്. ലോക‌്സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട‌് തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News