വനിതാ മതില്‍; പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പു തൊഴിലാളികള്‍ എന്നിവരെയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നത്.

സര്‍ക്കാര്‍ ജോലിയുള്ളവര്‍ മതിലിനു പോയാല്‍ ഫോട്ടോയെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുക-ജോലി പോകും, കോടതി വിധി ലംഘിച്ച് സ്‌കൂള്‍കുട്ടികളെ, 18 വയസ്സില്‍ താഴെയുള്ളവരെ പങ്കെടുപ്പിക്കുന്നത് കണ്ടാല്‍ അറിയിക്കുക, തൊഴിലുറപ്പ് സ്ത്രീകള്‍ കൂലി വാങ്ങി വനിതാമതിലില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഫോട്ടോ എടുത്ത് കേന്ദ്ര സര്‍ക്കാറിന് പരാതി നല്‍കാം, കുടുംബശ്രീ പ്രവര്‍ത്തകരെ നിര്‍ബന്ധിതമായി പാര്‍ടി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കുക എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയാ പ്രചാരണം.

വനിതാ മതിലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച ഹൈക്കോടതി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നതിനെ വിലക്കിയിട്ടില്ല. ഔദ്യോഗിക നയപരിപാടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിയല്ലാതെ എങ്ങനെ നടപ്പാക്കുമെന്നാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, എകെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ഈ വസ്തുത മറച്ചുവച്ചാണ് മതിലില്‍ പങ്കെടുത്താല്‍ ഉദ്യോഗസ്ഥരുടെ ജോലി പോകുമെന്ന് സംഘികള്‍ പ്രചരിപ്പിക്കുന്നത്.

ശ്രീകൃഷ്ണ ജയന്തിക്ക് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ് മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്നത്.

തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോഡിയുടെ ആരാധകരാണ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞവര്‍ഷം 7014 കോടി രൂപയാണ് മോദി സര്‍ക്കാര്‍ കൂലികുടിശിക വരുത്തിയത്. തൊഴില്‍ ദിനത്തില്‍ ഗണ്യമായി കുറവു വരുത്തുകയും ചെയ്തു. ഈ വര്‍ഷം ഡിസംബര്‍ 15 വരെ 40 തൊഴില്‍ദിനം മാത്രമാണ് നല്‍കിയത്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് രൂപീകരിച്ച കുടുംബശ്രീയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ഒരുവിലക്കുമില്ല. മാത്രമല്ല, സ്ത്രീശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് വനിതാമതില്‍.

ഇത് വന്‍വിജയമാകുമെന്നുറപ്പായതോടെ വ്യാപകമായ കുപ്രചാരണം നടക്കുന്നുണ്ട്. ഒരുവിഭാഗം മാധ്യമങ്ങളും യുഡിഎഫും നടത്തുന്ന പ്രചാരണം കേരള ജനത തള്ളിക്കളഞ്ഞതോടെയാണ് ഭീഷണിയുമായി സംഘപരിവാര്‍ ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News