ആഴക്കടലില്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ഇന്ത്യയിലെ ആദ്യ വനിതയായ രേഖ കാര്‍ത്തികേയനാണ്, കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടിയുടെ പ്രത്യേക ജ്വാല പുരസ്‌കാരത്തിന് അര്‍ഹയായത്.

സാഹസികതയും സമ്മര്‍ദവും നിറഞ്ഞ ജോലിയില്‍ ഭര്‍ത്താവ് കാര്‍ത്തികേയനൊപ്പമുള്ള യാത്ര അവള്‍ക്ക് കടലമ്മയുടെ താരാട്ടാണ്. പുലര്‍ച്ചെ നാലിന് കടലിലേക്ക് പോകുന്ന രേഖ സന്ധ്യയോടെയാണ് തിരിച്ചുവരുന്നത്.

ചില കാലങ്ങളില്‍ രാത്രി സമയത്തും കടലിലേക്ക് പോകേണ്ടിവരാറുണ്ട്. ഓരോ മീനിന്റെ തരവും കടലിന്റെ അവസ്ഥയും നോക്കിയാണ് കടലിലേക്ക് ഇറങ്ങുന്നത്.

രേഖയുടെ അധ്വാനത്തിന്റെ വിലയറിഞ്ഞ ചിലര്‍ വഴി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുമായി ഇടപെട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളി ലൈസന്‍സ് ലഭ്യമാക്കുകയായിരുന്നു.

സ്ഥിരോത്സഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായ രേഖ ഒരോ സ്ത്രീക്കും മാതൃകയായത് കൊണ്ടുമാണ് മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരത്തിന് അവര്‍ അര്‍ഹയായത്.

21-ാം നൂറ്റാണ്ടിലെ കറുത്തമ്മ എന്നാണ് ചെയര്‍മാന്‍ മമ്മൂട്ടി രേഖയെ പുരസ്‌കാരദാനച്ചടങ്ങില്‍ വിശേഷിപ്പിച്ചത്. ശാരീരികബലം സ്ത്രീകള്‍ക്ക് കുറവാണെന്ന് പറയുന്ന പുരുഷന്‍മാര്‍ രേഖയെ കണ്ടു പഠിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

രേഖയുടെ ജീവിതം അത്ഭുതമായാണ് തോന്നുന്നതെന്നും ഒരു ത്രില്ലര്‍ സിനിമയെ ഓര്‍മ്മിപ്പിക്കുന്നതാണ് അതെന്നും മമ്മൂക്ക പറഞ്ഞു.

പുരസ്‌കാരം ഏറ്റുവാങ്ങുന്ന ദിവസം പോലും, മത്സ്യബന്ധനത്തിന് പോയ ശേഷമാണ് രേഖ വേദിയിലെത്തിയതെന്നും രേഖയുടെ ജീവിതം മറ്റു സ്ത്രീകള്‍ക്ക് മാതൃകയാക്കാമെന്നും മമ്മൂട്ടി പറഞ്ഞു.