ഭരണ പ്രതിപക്ഷ വാഗ്വാദവും കാവേരി വിഷയത്തില്‍ അണ്ണാ ഡിഎംകെ പ്രതിഷേധവും തുടര്‍ന്നതോടെ മുത്തലാഖ് ബില്‍ പരിഗണിക്കാനാകാതെ രാജ്യസഭ ജനുവരി രണ്ട് വരെ പിരിഞ്ഞു

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ആദ്യം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ബില്ലിനെ പരാജയപ്പെടുത്താനുള്ള നീക്കമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് ആരോപിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിഷേധിക്കുകയായിരുന്നു.

സഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ വോട്ടെടുപ്പിലേക്ക് കടക്കാതെ, രാജ്യസഭയില്‍ ബില്ല് നിലനിര്‍ത്തി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഇനിയുള്ള നീക്കം.
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പരാജയപ്പെടുമെന്നുറപ്പായതോടെ ബില്ലിന്മേല്‍ വോട്ടെടുപ്പ് നടക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി എതിര്‍പ്പുമായി രംഗത്തെത്തിയതോടെ ബില്‍ പരാജയപ്പെടാതെ രാജ്യസഭയില്‍ നിലനിര്‍ത്തുക എന്ന തന്ത്രത്തിലേക്ക് കേന്ദ്രം മാറി. റൂള്‍ 125 പ്രകാരം ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ആദ്യം പരിഗണിക്കണമെന്നും രാജ്യസഭയെ റബ്ബര്‍ സ്റ്റാമ്പാക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാല്‍ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. തുടര്‍ന്ന് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെ സഭനടപടികള്‍ ജനുവരി രണ്ട് വരെ പിരിയുകയായിരുന്നു.

ബില്‍ പരാജയപ്പെടാതിരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യം കണ്ടറിഞ്ഞുള്ള പ്രതിഷേധം അണ്ണാ ഡിഎംകെയുടെ ഭാഗത്ത് നിന്നുണ്ടായി. ലോക്‌സഭയില്‍ ബില്ലിനെതിരെ ഭേദഗതികള്‍ കൊണ്ടുവന്ന അണ്ണാ ഡിഎംകെ രാജ്യസഭയില്‍ കാവേരി വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചത് കേന്ദ്രത്തിനെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ്. ജനുവരി രണ്ടിന് ബില്‍ വീണ്ടും പരിഗണിക്കവെ മറ്റ് പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്രം ശ്രമം നടത്തിയേക്കും.

വോട്ടെടുപ്പ് നടന്ന് ബില്‍ പരാജയപ്പെടാന്‍ കേന്ദ്രം താല്‍പ്പര്യപ്പെടുന്നില്ല. വോട്ടെടുപ്പിലേക്ക് കടക്കാതെ, രാജ്യസഭയില്‍ ബില്ല് നിലനിര്‍ത്തി പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനായിരിക്കും കേന്ദ്രസര്‍ക്കാരിന്റെ ഇനിയുള്ള നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News