കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ 2019ല്‍ യാഥാര്‍ത്ഥ്യമാകും

മെട്രോക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 72 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മെട്രോയ്ക്ക് ആവശ്യമായ യാര്‍ഡുകളുടെ നിര്‍മ്മാണം ബോട്ടുജെട്ടികളുടെ നിര്‍മാണം എന്നിവ സംബന്ധിച്ച കാര്യങ്ങളും ശനിയാഴ്ച നടന്ന യോഗത്തില്‍ തീരുമാനമായി. കേരള സര്‍ക്കാരും ജര്‍മന്‍ ബാങ്ക് ആയ കെ എഫ് ഡബ്ലിയുവും ചേര്‍ന്നാണ് വാട്ടര്‍ മെട്രോ നിര്‍മിക്കുന്നത്. 750 കോടി രൂപ ചിലവുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസിന് 576 കോടി രൂപ കെ എഫ് ഡബ്ലിയുവും 174 കോടി രൂപ സംസ്ഥാന സര്‍ക്കാറും മുടക്കും.

ബോട്ട് ജെട്ടി നിര്‍മാണത്തിനായി സര്‍ക്കാര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമി വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ വിട്ടു നല്‍കാനും ഉന്നതതലയോഗത്തില്‍ ധാരണയായി. ബോട്ടുകളുടെ നിര്‍മാണം, ടര്‍മിനുകളുടെ നിര്‍മാണം സംബന്ധിച്ച് ടെന്‍ഡര്‍ ഉടന്‍ ക്ഷണിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആദ്യ ചുവടായി 100 പേര്‍ക്ക് ഇരിക്കാവുന്ന 23 ബോട്ടുകള്‍ 2019 ഡിസംബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്ത് നീറ്റിലിറക്കും. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ മെട്രോയെ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഫെയിം ഇന്ത്യ പദ്ധതിയിലേക്ക് നിര്‍ദ്ദേശിക്കാനും യോഗം തീരുമാനിച്ചു. വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന പദ്ധതിയാണ് ഫെയിം ഇന്ത്യ. വാട്ടര്‍ മെട്രോ മെയിന്റനന്‍സ് നടത്തുന്നതിനായി കെഎംആര്‍എല്‍ കീഴില്‍ ഒരു സബ്‌സിഡറി കമ്പനിക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.

വാട്ടര്‍ മെട്രോ ബോട്ട് യാര്‍ഡുകള്‍ക്ക് തേവരയിലും കാക്കനാട് കിന്‍ഫ്ര പാര്‍ക്കിലും ഭൂമി തെരഞ്ഞെടുത്തിട്ടുണ്ട്. 2016ല്‍ ശിലാസ്ഥാപനം നടന്നെങ്കിലും 2018ലായിരുന്നു വാട്ടര്‍ മെട്രോ പദ്ധതി ദ്രുത ഗതിയില്‍ ആയത്. 2019 ആദ്യ മെട്രോ ബോട്ട് നീറ്റിലിറങ്ങുമെങ്കിലും 2020ഓടുകൂടി മാത്രമേ പദ്ധതി പൂര്‍ത്തിയാകൂ. നൂറു പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന 23 ബോട്ടുകള്‍ക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. പൂര്‍ണമായും ശീതീകരിച്ച ഈ ബോട്ടിന്റെ നിര്‍മ്മാണച്ചിലവ് നാലര കോടി രൂപയാണ്. 50 പേര്‍ക്കിരിക്കാവുന്ന 55 ബോട്ടുകളും പദ്ധതിയിലുണ്ട്. 2.6 കോടി രൂപയാണ് ഇത്തരം ബോട്ടുകളുടെ വില. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ വോട്ടുകള്‍ രണ്ടുവര്‍ഷത്തിനുശേഷം പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തലത്തിലേക്ക് മാറുമെന്നും കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഫ് പറഞ്ഞു.

വേമ്പനാട്ട് കായല്‍ മുതല്‍ കൈതപ്പുഴ വരെയും കടമ്പയാര്‍ മുതല്‍ വരാപ്പുഴ വരെയും ഉള്ള ഭാഗങ്ങള്‍ കൊച്ചി വാട്ടര്‍ മെട്രോയിലൂടെ ബന്ധിപ്പിക്കാന്‍ കഴിയും. 10 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് ബോട്ടുകള്‍ സര്‍വീസ് നടത്തുക. ഉന്നതനിലവാരത്തിലുള്ള എഫ്ആര്‍പി ബോഡികളില്‍ നിര്‍മ്മിക്കുന്ന ബോട്ടില്‍ ംശളശ ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ടാകും. നിലവില്‍ കൊച്ചി നഗരം നേരിടുന്ന വലിയ ഗതാഗത തടസങ്ങള്‍ ഇല്ലാതാക്കാന്‍ വാട്ടര്‍ മെട്രോ വരുന്നതോടെ സാധിക്കും. വൈറ്റില കുണ്ടന്നൂര്‍ പനങ്ങാട് സ്മാര്‍ട്ട്‌സിറ്റി എന്നിവിടങ്ങളിലെ യാത്രക്കാര്‍ ആയിരിക്കും വാട്ടര്‍ മെട്രോയുടെ ഗുണഭോക്താക്കള്‍. വാട്ടര്‍ മെട്രോക്ക് ആവശ്യമായ 38 ജെട്ടികള്‍ നിലവിലുണ്ട് 7 ജെട്ടികള്‍ ഉടന്‍ നിര്‍മിക്കും. മെട്രോ സര്‍വീസുമായി ബന്ധപ്പെട്ട് ഷെയര്‍ ഓട്ടോ സര്‍വീസ്, കോള്‍ ഓട്ടോ സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തി 15000 ഓട്ടോകള്‍ ഉള്‍പ്പെട്ട സൊസൈറ്റിയും രൂപീകരിച്ചു.

900 ബസുകള്‍ യാത്രക്കാര്‍ക്ക് ട്രാക്ക് ചെയ്യുന്നത് ഭാഗമായി ഏജട ഘടിപ്പിച്ചു. 100 ബസുകളില്‍ കൂടിയാണ് ഇനി ജിപിഎസ് ഘടിപ്പിക്കാന്‍ ഉള്ളത്. വാട്ടര്‍ മെട്രോ വരുന്നതോടുകൂടി പ്രദേശത്തിന് വികസനവും യാഥാര്‍ത്ഥ്യമാകും. ഉന്നതനിലവാരത്തിലുള്ള റോഡുകളും പ്രദേശവാസികള്‍ക്ക് വ്യാപാര സ്ഥാപനങ്ങള്‍ക്കായി കിയോസ്‌കുകളും കെഎംആര്‍എല്‍ അനുവദിക്കും. ഫോര്‍ട്ട് കൊച്ചി മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ വളരുന്നതോടെ കൊച്ചിയുടെ ടൂറിസം മേഖലയ്ക്കും അതൊരു പ്രോത്സാഹനമായി തീരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here